ടെഹ്റാൻ: ഇറാനെതിരായ അമേരിക്കൻ നീക്കങ്ങൾക്ക് പിന്നാലെ ശക്തമായ തിരിച്ചടികളുണ്ടാകുമെന്ന മുന്നറിയിപ്പുമായി ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ. മിഡിൽ ഈസ്റ്റിലെ ഓരോ അമേരിക്കൻ പൗരനും സൈനിക ഉദ്യോഗസ്ഥരും ഇറാന്റെ പ്രതികാര ലക്ഷ്യത്തിലുൾപ്പെടുന്നതായി ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ മുന്നറിയിപ്പ് നൽകിയതായി വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിന്റെ ദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഖത്തറിലെ അൽ ഉദൈദ് എയർ ബേസ്, ബഹ്‌റൈനിലെ യുഎസ് നാവിക സേന അഞ്ചാം കപ്പൽ വ്യൂഹത്തിന്റെ താവളം, ഇറാഖിലെ അൽ അസദ് എയർ ബേസ്, ഹരീർ എയർ ബേസ്, ദക്ഷിണ സിറിയയിലെ അൽ ടാൻഫ് ഗാരിസൺ സൈനിക താവളം, കുവൈത്തിലെ അലി അൽ-സാലെം എയർ ബേസ്, യുഎഇയിലെ അൽ ധഫ്ര എയർ ബേസ് എന്നിവയുൾപ്പെടെ നിരവധി സൈനിക താവളങ്ങൾ അമേരിക്കയ്ക്ക് മിഡിൽ ഈസ്റ്റിലുണ്ട്.
ഈ മേഖലയിലെ ഓരോ അമേരിക്കൻ പൗരനും സൈനിക ഉദ്യോഗസ്ഥനും ഇറാന്റെ ലക്ഷ്യമാണെന്ന് ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ അവതാരകൻ പറഞ്ഞതായി ഇറാൻ ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്തു.
“ഇറാന്റെ വ്യോമാതിർത്തി ലംഘിച്ച് അമേരിക്ക കുറ്റകൃത്യം ചെയ്തിരിക്കുന്നു. പശ്ചിമേഷ്യൻ മേഖലയിൽ അതിന് സ്ഥാനമില്ല. അമേരിക്കൻ പ്രസിഡന്റ്, താങ്കൾ ഇത് തുടങ്ങി, ഞങ്ങൾ ഇത് അവസാനിപ്പിക്കും,” ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ അവതാരകൻ പറഞ്ഞു. “പോരാട്ടം ഇപ്പോൾ ആരംഭിച്ചിട്ടേയുള്ളൂ, മിസ്റ്റർ ട്രംപ്! ഇപ്പോൾ താങ്കൾ സമാധാനത്തെക്കുറിച്ച് സംസാരിക്കുന്നോ? സാഹസികതയുടെ അനന്തരഫലങ്ങൾ താങ്കൾക്ക് മനസ്സിലാകുന്ന രീതിയിൽ ഞങ്ങൾ താങ്കളെ നേരിടും,” ചാനലിലെ മറ്റൊരു അവതാരകൻ പറഞ്ഞു.
ഇസ്രയേൽ -ഇറാൻ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെയാണ് ഞായറാഴ്ച അമേരിക്കയും ഇറാനിൽ ആക്രമണം നടത്തിയത്. ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങളാണ് അമേരിക്ക ആക്രമിച്ചത്. ഇറാനിലെ ഫോർദൊ, നതാൻസ്, ഇസ്ഫഹാൻ എന്നീ മൂന്ന് ആണവ കേന്ദ്രങ്ങളിൽ വിജയകരമായ ആക്രമണം പൂർത്തിയാക്കി എന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലിലെ ആദ്യ പോസ്റ്റിൽ അവകാശപ്പെട്ടത്. ഇറാൻ്റെ ആണവ സമ്പുഷ്ടീകരണ ശേഷി നശിപ്പിച്ച് ലോകത്തിലെ ഒന്നാം നമ്പർ ഭീകരവാദത്തിന് ധനസഹായം നൽകുന്ന രാജ്യം ഉയർത്തുന്ന ആണവ ഭീഷണിക്ക് അന്ത്യം വരുത്തുക എന്നതായിരുന്നു ലക്ഷ്യം. ഇറാനെതിരായ അമേരിക്കൻ ആക്രമണം അതിശയകരമായ സൈനിക വിജയമായിരുന്നു. ഇറാൻ്റെ പ്രധാന ആണവ സമ്പുഷ്ടീകരണ കേന്ദ്രങ്ങൾ പൂർണ്ണമായും തുടച്ചുമാറ്റപ്പെട്ടു. ട്രംപ് പറഞ്ഞു.


