‘ആക്രമിച്ചാൽ ഇസ്രയേലിലെ യുഎസ് സൈനിക കേന്ദ്രങ്ങൾ തകർക്കും’; അമേരിക്കയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്

ടെഹ്റാൻ: രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് രൂപംകൊണ്ട പ്രതിഷേധം കനക്കുന്നതിനിടെ അമേരിക്ക സൈനികനടപടിക്ക് മുതിർന്നാൽ തിരിച്ചടിക്കുമെന്ന ഭീഷണിയുമായി ഇറാൻ. ഇറാൻ്റെ പരമാധികാരത്തിന്മേൽ ഏതെങ്കിലും തരത്തിലുള്ള കടന്നുകയറ്റം ഉണ്ടായാൽ ഇസ്രയേലിലെ സൈനിക-ഷിപ്പിങ് കേന്ദ്രങ്ങളും അമേരിക്കൻ താവളങ്ങളും തകർക്കപ്പെടുമെന്ന് ഇറാൻ പാർലമെൻ്റ്  സ്പീക്കർ മുഹമ്മദ് ബാഘർ ഘാലിബാഫ് പറഞ്ഞു. ഇറാൻ പിടിച്ചെടുക്കുമെന്ന യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ഭീഷണി പുറത്തുവന്നതിനു പിന്നാലെയാണ് ഇറാൻ്റെ മുന്നറിയിപ്പ്.

ഇറാൻ പാർലമെൻ്റിൽ ഞായറാഴ്ച നടന്ന സമ്മേളനത്തിനിടെയാണ് ഘാലിബാഫ് പ്രഖ്യാപനം നടത്തിയത്. സഭാംഗങ്ങൾ തടിച്ചുകൂടി അമേരിക്കയ്ക്കെതിരെ മുദ്രാവാക്യങ്ങൾ മുഴക്കുന്നതിനിടെയായിരുന്നു ഘാലിബാഫിൻ്റെ താക്കീത്. ആക്രമണമുണ്ടായ ശേഷം മാത്രം പ്രതികരിക്കുന്ന രീതിയിലായിരിക്കില്ല ഇറാന്റെ നീക്കങ്ങളെന്നും ഘാലിബാഫ് കൂട്ടിച്ചേർത്തു. ട്രംപിനെ ‘വ്യാമോഹി’ എന്ന് വിളിച്ച സ്പീക്കർ അമേരിക്കയും സഖ്യകക്ഷികളും തെറ്റായ തീരുമാനങ്ങളെടുക്കരുതെന്നും മുന്നറിയിപ്പ് നൽകി.

അതേസമയം, സമരക്കാർക്ക് പിന്തുണയുമായി ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയിട്ടുണ്ട്. ഇറാനെതിരെ സാധ്യമായ സൈനിക നടപടികളെക്കുറിച്ച് ട്രംപ് ആലോചിക്കുന്നതായും പ്രസിഡൻ്റിൻ്റെ മുന്നറിയിപ്പുകളെ ഗൗരവമായി കാണണമെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് വ്യക്തമാക്കിയിട്ടുണ്ട്.

ഇറാനിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ 2025 ഡിസംബർ 28-നാണ് പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. ഇറാന്റെ കറൻസിയായ റിയാൽ, യു.എസ്. ഡോളറിനെതിരെ എക്കാലത്തെയും താഴ്ന്ന നിലയിലെത്തിയതോടെയാണ് വ്യാപാരസമൂഹം പ്രതിഷേധവുമായി രംഗത്തെത്തിയത്. തുടക്കത്തിൽ സാമ്പത്തിക പ്രശ്‌നങ്ങളിലായിരുന്നു പ്രതിഷേധങ്ങൾ കേന്ദ്രീകരിച്ചിരുന്നതെങ്കിലും പിന്നീട് അവ വിശാലമായ രാഷ്ട്രീയ വിഷയങ്ങളിലേക്ക് മാറുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News