27.1 C
Kottayam
Wednesday, May 1, 2024

ആക്രമണം ലക്ഷ്യംകണ്ടെന്ന് ഇറാൻ; വാഷിങ്ടൺ ഇടപെട്ടാൽ അമേരിക്കന്‍ താവളങ്ങളും തകര്‍ക്കും

Must read

ടെല്‍ അവീവ്: ഇസ്രയേലിനെതിരായ ആക്രമണം ലക്ഷ്യം കണ്ടുവെന്ന് ഇറാൻ. വിവരങ്ങൾ ശേഖരിച്ചു വരികയാണെന്നും ലഭ്യമായ വിവരങ്ങൾ വെച്ച് നോക്കിയാൽ ഇസ്രയേലിനെതിരായ ഓപ്പറേഷൻ വിജയകരമായിരുന്നുവെന്നും ഇറാൻ റെവല്യൂഷണറി ഗാർഡ് മേധാവി ഹൊസൈൻ സലാമി പ്രാദേശിക മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ഒപ്പം, ഇസ്രയേലിന് അമേരിക്ക പിന്തുണ നൽകിയാൽ അമേരിക്കയുടെ താവളങ്ങളും ലക്ഷ്യമിടുമെന്ന് ഇറാൻ മുന്നറിയിപ്പും നൽകി. സ്വിറ്റ്സർലൻഡ് വഴിയാണ് ടെഹ്റാനിൽനിന്ന് യു.എസ്. ഭരണകൂടത്തിന് സന്ദേശം കൈമാറിയത്. ഇറാനുമായി തർക്കത്തിന് ആഗ്രഹിക്കുന്നില്ലന്ന് യു.എസ്. പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ പ്രതികരിച്ചു. അതേസമയം ഇസ്രയേലിനെ പിന്തുണച്ച് പ്രവർത്തിക്കാൻ ധൈര്യപ്പെടില്ല എന്നർഥമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിറിയയിലെ നയതതന്ത്രകാര്യാലയത്തില്‍ ബോംബിട്ടതിനുള്ള തിരിച്ചടിയായി ഇറാന്‍ ഇസ്രയേലിനെതിരേ ആക്രമണം നടത്തിയിരുന്നു. ആക്രമണത്തില്‍ ഇസ്രയേലിലെ നെഗേവി വ്യോമത്താവളത്തിന് വൻ നാശനഷ്ടങ്ങള്‍ ഉണ്ടായിരുന്നു. ഇസ്രയേലി സൈന്യം ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

തങ്ങളുടെ രണ്ടു സൈനിക ജനറല്‍മാര്‍ കൊല്ലപ്പെടാൻ ഇടയാക്കിയ ഡമാസ്‌ക്കസിലെ നയതന്ത്രകാര്യാലയത്തിന് നേരെയുള്ള ആക്രമണത്തിന്‍റെ സാഹചര്യത്തിലാണ് നെഗേവി വ്യോമത്താവളം അക്രമിച്ചതെന്ന് ഇറാന്‍ വ്യക്തമാക്കി. ഇസ്രയേലിന് നേരെയുള്ള ആക്രമണത്തിന് പിന്നാലെ ഇറാന്‍ നഗരങ്ങളില്‍ ആഹ്ലാദപ്രകടനങ്ങള്‍ നടന്നു.

ആക്രമണത്തിന് ഖെയ്ബാര്‍ ബാലിസ്റ്റിക് മിസൈലുകളാണ് ഇറാന്‍ സൈന്യം പ്രയോഗിച്ചതെന്ന് രാജ്യത്തെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഇര്‍ന റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, 200-ഓളംമിസൈലുകളും ഡ്രോണുകളും ഇറാന്‍ പ്രയോഗിച്ചതായും മിക്കതും തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്തതായും ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടു. ആക്രമണത്തില്‍ ഒരു പെണ്‍കുട്ടിക്ക് പരിക്കേറ്റതായും ഒരു സൈനികത്താവളത്തിന് കേടുപാടുകള്‍ സംഭവിച്ചതായും ഇസ്രയേല്‍ സൈന്യം സ്ഥിരീകരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week