‘യുദ്ധം അഞ്ചുവർഷത്തേക്ക് തുടരാനും തയ്യാർ, എന്നാലും യുഎസുമായി ചർച്ചയ്ക്കില്ല’സ്വാതന്ത്ര്യവും അഭിമാനവും സംരക്ഷിക്കാൻ ഏതറ്റം വരെയും പോരാടും ട്രംപിനെ തള്ളി ഇറാൻ

'യുദ്ധം അഞ്ചുവർഷത്തേക്ക് തുടരാനും തയ്യാർ, എന്നാലും യുഎസുമായി ചർച്ചയ്ക്കില്ല'; ട്രംപിനെ തള്ളി ഇറാൻ

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായിക്കൊണ്ടിരിക്കെ, യുദ്ധം നിർത്തുന്നതിനായി ഇറാൻ തങ്ങളെ സമീപിച്ചു എന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദം തള്ളി ഇറാന്റെ പരമോന്നത നേതാവിന്റെ ഇന്ത്യയിലെ പ്രതിനിധി അബ്ദുൾ മജിദ് ഹക്കീം ഇലാഹി. അമേരിക്കയുമായി യാതൊരുവിധ ചർച്ചകൾക്കും ഇറാൻ തയ്യാറല്ലെന്നും അഞ്ചുവർഷം വരെ നീണ്ടുനിൽക്കുന്ന ഒരു യുദ്ധത്തിനായി രാജ്യം സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.

മുൻകാല ഉടമ്പടികൾ ലംഘിച്ച് അമേരിക്ക തന്നെ ആക്രമണങ്ങൾ ആരംഭിച്ച സാഹചര്യത്തിൽ, ഇനിയൊരു ഒത്തുതീർപ്പിന് താൽപ്പര്യമില്ലെന്നാണ് ഇറാന്റെ നിലപാടെന്ന് അദ്ദേഹം എഎൻഐക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ അറിയിച്ചു. ഇറാൻ-ഇറാഖ് യുദ്ധകാലത്തെ അനുഭവപരിചയം മുൻനിർത്തി, തങ്ങളുടെ സ്വാതന്ത്ര്യവും അഭിമാനവും സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്നാണ് ഭരണകൂടത്തിന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.

വാഷിങ്ടണുമായി ടെഹ്റാൻ ചർച്ചകൾക്ക് ആഗ്രഹിക്കുന്നു എന്ന ട്രംപിന്റെ വാദമാണ് ഇലാഹി നിഷേധിച്ചത്. ‘ഇല്ല.. ഒരിക്കലുമില്ല. ഇറാൻ നിലവിൽ അവരുമായി (അമേരിക്കയുമായി) ചർച്ച നടത്താൻ ആഗ്രഹിക്കുന്നില്ല. കാരണം അവരാണ് ഈ യുദ്ധം തുടങ്ങിയത്. അമേരിക്കയുമായി ബന്ധപ്പെട്ട് ഞങ്ങൾക്ക് മുൻ അനുഭവങ്ങളുണ്ട്. രണ്ട് തവണ ഞങ്ങൾ അവരുമായി ചർച്ചകൾ നടത്തി. എന്നാൽ, അവർ ഞങ്ങളെ ആക്രമിക്കുകയാണ് ചെയ്തത്. അവർ ഞങ്ങളെ ആക്രമിച്ചു.’ അദ്ദേഹം പറഞ്ഞു.

ശത്രുക്കൾക്ക് മുന്നിൽ ഇറാൻ കീഴടങ്ങില്ലെന്നും ആവശ്യമെങ്കിൽ ദീർഘകാലം നീണ്ടുനിൽക്കുന്ന സംഘർഷത്തെ നേരിടാൻ സജ്ജമാണെന്നും ഇലാഹി പറഞ്ഞു. ഇറാൻ-ഇറാഖ് യുദ്ധത്തെ പരാമർശിച്ചുകൊണ്ട്, ദീർഘകാല യുദ്ധം അതിജീവിച്ച അനുഭവം രാജ്യത്തിനുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു.

‘ഈ യുദ്ധത്തിന്റെ സമയപരിധി എനിക്കറിയില്ല. എന്നാൽ, എനിക്കറിയാവുന്ന ഒരു കാര്യമുണ്ട്, അഞ്ച് വർഷത്തേക്ക് വരെ ഈ യുദ്ധം തുടരാൻ ഇറാൻ തയ്യാറാണ്.’ അദ്ദേഹം വ്യക്തമാക്കി.

‘ഇറാനും ഇറാഖും തമ്മിലുള്ള എട്ട് വർഷത്തോളം നീണ്ട യുദ്ധം നടന്നിട്ടുണ്ട്. അതിന്റെ അനുഭവപരിചയം ഞങ്ങൾക്കുണ്ട്. അതുകൊണ്ടുതന്നെ, ഞങ്ങൾ തയ്യാറാണ്. നിങ്ങൾ ഇറാന്റെ തെരുവുകളിലേക്ക് പോയാൽ, അവിടെ ജനങ്ങളെല്ലാം പ്രതികാരത്തിനായി മുറവിളി കൂട്ടുന്നത് കാണാം. തങ്ങളുടെ രക്തം നൽകാൻ തയ്യാറാണെന്നും എന്നാൽ മണ്ണ് വിട്ടുകൊടുക്കാൻ തയ്യാറല്ലെന്നും അവർ പറയുന്നു.’ ഇലാഹി കൂട്ടിച്ചേർത്തു.

മേഖലയിലെ സംഘർഷം ഒഴിവാക്കാൻ ഇറാൻ പലതവണ ശ്രമിച്ചതായും പശ്ചിമേഷ്യയിൽ മറ്റൊരു യുദ്ധം ഒഴിവാക്കാൻ സഹായിക്കണമെന്ന് അയൽരാജ്യങ്ങളോട് അഭ്യർഥിച്ചതായും അദ്ദേഹം പറഞ്ഞു. ‘ഒരു യുദ്ധം ഞങ്ങൾ ആഗ്രഹിച്ചിരുന്നില്ല. മേഖലയിൽ യുദ്ധം ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കാൻ ഞങ്ങൾ പലതവണ ശ്രമിച്ചു. ഈ യുദ്ധത്തിൽ നിന്ന് വിട്ടുനിൽണമെന്ന് ഞങ്ങൾ അയൽരാജ്യങ്ങളോട് അഭ്യർഥിച്ചിരുന്നു. കാരണം ഈ മേഖലയ്ക്ക് ഇനി ഒരു യുദ്ധം കൂടി താങ്ങാൻ കഴിയില്ലെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു.’ അദ്ദേഹം വ്യക്തമാക്കി.

നിലവിലുള്ള സംഘർഷം ഇറാനിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും അത് ആഗോളതലത്തിൽ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും മുന്നറിയിപ്പ് നൽകാനും ഇലാഹി മറന്നില്ല. മേഖലയിലെ തടസങ്ങൾ ഊർജ്ജ വില വർധനവ് ഉൾപ്പെടെ അന്താരാഷ്ട്ര വിപണികളെ ഇതിനകം ബാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആഗോള ഊർജ വിതരണത്തിനുള്ള പ്രധാന പാതയായ ഹോർമുസ് കടലിടുക്കിന്റെ തന്ത്രപ്രധാനമായ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ച അദ്ദേഹം, ഗ്യാസ്, പെട്രോൾ, ഓയിൽ എന്നിവയുടെ ദൗർലഭ്യം മൂലം സംഘർഷം പല രാജ്യങ്ങളെയും ബാധിക്കുന്നുണ്ടെന്ന് വ്യക്തമാക്കി.

എന്നിരുന്നാലും, സ്വയം പ്രതിരോധിക്കുകയല്ലാതെ ഇറാന് മറ്റ് മാർഗമില്ലെന്ന നിലപാടാണ് ഇലാഹി പങ്കുവെച്ചത്. ‘യഥാർത്ഥത്തിൽ ഈ പ്രതിസന്ധി ഇറാന് മാത്രമല്ല, അതൊരു ആഗോള പ്രതിസന്ധിയാണ്. ഈ യുദ്ധം ഞങ്ങളുടെ മേൽ അടിച്ചേൽപ്പിച്ചതാണ്. ഞങ്ങൾക്ക് ഞങ്ങളെത്തന്നെ പ്രതിരോധിക്കേണ്ടതുണ്ട്. ഞങ്ങളുടെ അന്തസ്സിനും സ്വാതന്ത്ര്യത്തിനും രാജ്യത്തിനും വേണ്ടി രക്തം ചിന്താൻ ഞങ്ങൾ തയ്യാറാണ്.’ അദ്ദേഹം പറഞ്ഞു.

‘മറ്റ് ജനങ്ങളുടെ ദുരിതത്തിലും ഗ്യാസ്, പെട്രോൾ   എന്നിവയുടെ ദൗർലഭ്യത്തിലും ഞങ്ങൾ സന്തോഷിക്കുന്നില്ല. എന്നാൽ ഞങ്ങൾക്ക് ഞങ്ങളെ പ്രതിരോധിക്കേണ്ടതുണ്ട്. ഞങ്ങൾക്ക് മറ്റ് വഴികളില്ല.’ അദ്ദേഹം വ്യക്തമാക്കി. യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയ്ക്കുമേൽ സമ്മർദം ചെലുത്താൻ ആഗോള നേതാക്കൾ ഇടപെടണമെന്ന ആവശ്യവും ഇലാഹി മുന്നോട്ടുവെച്ചു.

ഫെബ്രുവരി 28-നാണ് പശ്ചിമേഷ്യയിൽ പോരാട്ടം ആരംഭിച്ചത്. ഇസ്രയേലും അമേരിക്കയും ഒരു വശത്തും ഇറാൻ മറുവശത്തുമായാണ് യുദ്ധം നടക്കുന്നത്. അമേരിക്കയും ഇസ്രയേലും ചേർന്ന് നടത്തിയ സംയുക്ത സൈനിക നീക്കത്തിൽ 86-കാരനായ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതോടെയാണ് സംഘർഷം രൂക്ഷമായത്. ഇതിന് പ്രതികാരമായി പല ഗൾഫ് രാജ്യങ്ങളിലുമുള്ള ഇസ്രായേൽ, യുഎസ് സൈനിക കേന്ദ്രങ്ങളേയും മറ്റ് സ്ഥലങ്ങളേയും ഇറാൻ ലക്ഷ്യമിട്ടു.

സംഘർഷം ശക്തമായതോടെ, ലോകത്തിലെ ഏറ്റവും നിർണായകമായ ഇന്ധന വിതരണ പാതകളിലൊന്നായ ഹോർമുസ് കടലിടുക്ക് ഇറാൻ പൂർണമായും അടച്ചു. ഇത് അന്താരാഷ്ട്ര വ്യാപാരത്തെയും ഊർജ സുരക്ഷയെയും ബാധിക്കുമെന്ന ആശങ്ക ഉയർത്തുന്നുണ്ട്. ഹോർമുസ് കടലിടുക്കിലെ ഗതാഗത തടസ്സങ്ങൾ ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾ ആഗോള ഇന്ധന വിപണിയെയും സാമ്പത്തിക മേഖലയെയും ദോഷകരമായി ബാധിക്കുന്നുണ്ട്.

Abdul Majid Hakim Ilahi, the representative of Iran’s Supreme Leader in India, has categorically rejected US President Donald Trump’s claim that Iran approached the US to end the ongoing conflict in the Middle East. Clarifying Iran’s firm stance, Ilahi stated that Iran is not prepared for any discussions with the United States. He further added that the nation is fully equipped and ready for a prolonged war that could last up to five years, dismissing any possibility of an immediate de-escalation on US terms.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News