ടെഹ്‌റാൻ: ഭരണകൂട വിരുദ്ധ പ്രതിഷേധങ്ങളിൽ പങ്കെടുത്തതിന് ബിത ഹമേതി എന്ന യുവതിക്ക് വധശിക്ഷ വിധിച്ച് ഇറാൻ. ഈ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് വധശിക്ഷ ലഭിക്കുന്ന ആദ്യത്തെ വനിതയാണ് ബിത. ബിതയോടൊപ്പം അവരുടെ ഭർത്താവിനും മറ്റ് രണ്ട് പുരുഷന്മാർക്കും സമാനമായ ശിക്ഷ ലഭിച്ചിട്ടുണ്ട്. പൊതുമുതൽ നശിപ്പിക്കൽ, സ്‌ഫോടകവസ്തുക്കളുടെ ഉപയോഗം, സായുധ സേനയെ ആക്രമിക്കൽ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഇറാനിൽ പ്രതിഷേധക്കാർക്കെതിരെ ശക്തമായ അടിച്ചമർത്തലുകൾ നടക്കുന്നതായും വധശിക്ഷാ നിരക്ക് വർധിക്കുന്നതുമായ ഭയാനകമായ സാഹചര്യത്തെക്കുറിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്ത് അഭ്യന്തര സുരക്ഷാ നടപടികൾ താറുമാറാണെന്നും വലിയ തോതിൽ മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ജനുവരിയിൽ രാജ്യത്തുടനീളം പടർന്ന പ്രക്ഷോഭങ്ങളിൽ പങ്കെടുത്തതിനാണ് ഇറാനിയൻ കോടതി ബിതയെ വധശിക്ഷയ്ക്ക് വിധിച്ചത്. ബിതയുടെ ഭർത്താവ് മുഹമ്മദ്റേസ മജീദ് അസ്ൽ (34), ബെഹ്‌റൂസ്, കുറോഷ് സമാനിനെഷാദ് എന്നിവർക്കും വധശിക്ഷ വിധിച്ചിട്ടുണ്ട്. ഇവരുടെയെല്ലാം വിചാരണ നടന്നത് ഒരുമിച്ചാണ്. ഒരേ കേസിൽ തന്നെയാണ് ഇവർക്കെല്ലാവർക്കും വധശിക്ഷ വിധിച്ചിരിക്കുന്നതും.
വധശിക്ഷയ്ക്ക് പുറമേ, ഇവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടിട്ടുള്ളതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നാഷണൽ കൗൺസിൽ ഓഫ് റെസിസ്റ്റൻസ് ഓഫ് ഇറാൻ (NCRI) പുറത്തിറക്കിയ പത്രക്കുറിപ്പനുസരിച്ച്, സ്‌ഫോടകവസ്തുക്കളും ആയുധങ്ങളും ഉപയോഗിക്കുക, സുരക്ഷാ സേനയെ ആക്രമിക്കുക, കെട്ടിടങ്ങളുടെ മേൽക്കൂരകളിൽ നിന്ന് കുപ്പികൾ, കോൺക്രീറ്റ് കട്ടകൾ, തീപിടിക്കുന്ന വസ്തുക്കൾ എന്നിവ എറിയുക തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
പൊതുമുതൽ നശിപ്പിക്കുക, പ്രതിഷേധങ്ങളിൽ പങ്കെടുക്കുക, ഭരണകൂട വിരുദ്ധ മുദ്രാവാക്യങ്ങൾ വിളിക്കുക തുടങ്ങിയവയും ചാർജുകളിൽ ഉൾപ്പെടുന്നു. ദേശീയ സുരക്ഷയെ തകർക്കാനും ശത്രു ഗ്രൂപ്പുകളുമായി ബന്ധം സ്ഥാപിക്കാനുമാണ് ഇവർ ശ്രമിച്ചതെന്നാണ് അധികൃതർ ആരോപിക്കുന്നത്. ദേശീയ സുരക്ഷയ്‌ക്കെതിരായ നീക്കങ്ങൾ, ഭരണകൂട വിരുദ്ധ പ്രചാരണങ്ങൾ എന്നീ കുറ്റങ്ങൾ ചെയ്തതായി കണ്ടെത്തി ബിതയുടെ ബന്ധുവായ അമീർ ഹെമ്മതിക്ക് ആറുവർഷത്തെ തടവുശിക്ഷയും കോടതി വിധിച്ചിട്ടുണ്ട്.
പ്രക്ഷോഭങ്ങളുടെ കേന്ദ്രമായിരുന്ന ടെഹ്റാനിൽ വെച്ചാണ് ഇവരെല്ലാവരും അറസ്റ്റിലായത്. കഴിഞ്ഞ വർഷം ഡിസംബർ അവസാനത്തോടെ ടെഹ്റാനിലെ കടയുടമകളും വ്യാപാരികളും നടത്തിയ പ്രാദേശിക പണിമുടക്കുകളിലൂടെയാണ് ഇറാനിൽ പ്രക്ഷോഭങ്ങൾ ആരംഭിച്ചത്. വൈകാതെ തന്നെ ഈ പ്രതിഷേധങ്ങൾ തെരുവുകളിലേക്ക് പടരുകയും തലസ്ഥാനത്തിന് പുറത്തുള്ള മറ്റ് നഗരങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്തു.
വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളിലുള്ളവർ പ്രക്ഷോഭങ്ങളിൽ സജീവമായി പങ്കെടുത്തു. ശക്തമായാണ് ഇറാനിയൻ ഭരണകൂടം ഈ പ്രക്ഷോഭങ്ങളെ നേരിട്ടത്. ഇതിന്റെ ഫലമായി ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തു, പതിനായിരക്കണക്കിന് ആളുകളെ അറസ്റ്റ് ചെയ്തു. തുടർന്നുള്ള മാസങ്ങളിൽ പ്രക്ഷോഭവുമായി ബന്ധപ്പെട്ട നിരവധി പേരെ രാജ്യം വധശിക്ഷയ്ക്ക് വിധേയമാക്കി.
ഇറാനിൽ വധശിക്ഷ നടപ്പിലാക്കുന്നത് സമീപകാലത്ത് കുത്തനെ വർധിച്ചിരിക്കുകയാണ്. നോർവെ ആസ്ഥാനമായുള്ള ഇറാൻ ഹ്യൂമൻ റൈറ്റ്‌സിന്റെ കണക്കനുസരിച്ച്, 2025-ൽ മാത്രം കുറഞ്ഞത് 1,639 പേരെ ഇറാൻ വധശിക്ഷയ്ക്ക് വിധേയരാക്കിയിട്ടുണ്ട്. 2024-ൽ ഇത് 975 ആയിരുന്നു, അതായത് വധശിക്ഷകളിൽ 68 ശതമാനത്തിന്റെ വർധനവുണ്ടായി.
ഈ കണക്കുകൾ പ്രകാരം ഇറാനിൽ പ്രതിദിനം ശരാശരി നാലിൽ അധികം വധശിക്ഷകൾ നടക്കുന്നുണ്ട്. 2008-ൽ വധശിക്ഷകളെ കുറിച്ചുള്ള നിരീക്ഷണം ആരംഭിച്ച ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. മാത്രമല്ല, 1989-ന് ശേഷം റിപ്പോർട്ട് ചെയ്യപ്പെടുന്ന ഏറ്റവും ഉയർന്ന സംഖ്യയുമാണിത്. അടുത്തിടെ ഖെസൽ ഹെസാർ ജയിലിൽ വെച്ച് ഒരു കൗമാരക്കാരനായ സംഗീതജ്ഞനെയും ഇറാൻ അധികൃതർ വധിച്ചിരുന്നു.
Iran has sentenced Bita Hameti to death for participating in anti-government protests, making her the first woman to receive the death penalty in connection with these demonstrations. Her husband and two others were also sentenced to death on charges including attacking security forces and damaging public property. Iran’s execution rates have spiked in 2025, with over 1,639 people reportedly executed so far, sparking global human rights concerns.


