ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഇറാൻ നാവികസേനയുടെ വെടിവെപ്പ്; ശക്തമായ മുന്നറിയിപ്പുമായി ഇന്ത്യ

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലുകൾക്ക് വഴിതുറന്ന് ഇറാൻ; ഇളവ് നയതന്ത്ര ഇടപെടലുകൾക്ക് പിന്നാലെ

ന്യൂഡൽഹി: ഹോർമുസിൽ ഇന്ത്യൻ എണ്ണക്കപ്പലുകൾക്ക് നേർക്കുണ്ടായ വെടിവെപ്പിനെ തുടർന്ന് ഇത്തരം പ്രവൃത്തികൾ ആവർത്തിച്ചാൽ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ഇറാന് മുന്നറിയിപ്പ് നൽകി ഇന്ത്യ. അതേസമയം ഇറാനിയൻ നാവികസേനയുടെ വെടിവെപ്പിൽപ്പെട്ട രണ്ട് ഇന്ത്യൻ കപ്പലുകളിൽ ആളപായമില്ലെന്ന് അധികൃതർ ഞായറാഴ്ച സ്ഥിരീകരിച്ചു. സംഭവത്തിൽ കപ്പലുകളിലെ ഒരു കാബിൻ്റെ ചില്ല് തകർന്നതായും അവർ പറഞ്ഞു.

ഇറാനിയൻ നയതന്ത്ര കാര്യാലയവും ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോറും (IRGC) തമ്മിൽ ഈ സംഭവത്തെക്കുറിച്ച് വ്യത്യസ്ത നിലപാടുകളാണ് സ്വീകരിക്കുന്നതെന്നാണ് റിപ്പോർട്ട്. യുഎസുമായും ഇസ്രയേലുമായും നിലവിലുള്ള സംഘർഷത്തിനിടയിൽ ഹോർമുസ് കടലിടുക്ക് വഴി പോകുന്ന എല്ലാ കപ്പലുകളിൽ നിന്നും നികുതി ഈടാക്കാൻ ഐആർജിഎസ് ആഗ്രഹിക്കുന്നുണ്ട്. അതേസമയം ഇന്ത്യൻ അധികൃതർ അത്തരം ആവശ്യങ്ങൾക്ക് വഴങ്ങാൻ തയ്യാറല്ലെന്ന് വൃത്തങ്ങൾ അറിയിച്ചു.

ഇറാനിയൻ യുദ്ധക്കപ്പലായ ഐആർഐഎസ് ലാവൻ ഇന്ത്യയുടെ സഹായം തേടി കൊച്ചി തുറമുഖത്ത് അടുത്തിരിക്കുന്നതിനിടയിലാണ് ജഗ് അർണവ്, സാൻമാർ ഹെറാൾഡ് എന്നീ രണ്ട് ഇന്ത്യൻ കപ്പലുകൾക്ക് നേരെ വെടിവെപ്പുണ്ടായത്. ഇറാനിയൻ കപ്പലിലെ 183 ജീവനക്കാരിൽ 120 പേരെ ഇതിനോടകം നാട്ടിലേക്ക് തിരിച്ചയച്ചു. എന്നാൽ കപ്പൽ പരിപാലിക്കാൻ ആവശ്യമായ ചില ജീവനക്കാർ കേരളത്തിലെ തുറമുഖത്ത് തുടരുന്നുണ്ട്. മാർച്ച് 4 ന് യുഎസ് അന്തർവാഹിനി നടത്തിയ ആക്രമണത്തിൽ ഐആർഐഎസ് ദേന എന്ന മറ്റൊരു ഇറാനിയൻ യുദ്ധക്കപ്പൽ ശ്രീലങ്കയ്ക്ക് സമീപം യുഎസ് മുക്കിയതിനെ തുടർന്നാണ് ഇറാനിയൻ കപ്പൽ അഭയം തേടിയത്.

ഹോർമുസ് കടലിടുക്ക് വഴി പോകുന്ന കപ്പലുകളിൽ നിന്ന് ഐആർജിഎസ് ചുങ്കം ഈടാക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾക്കിടയിലും അത്തരം നികുതി നൽകാൻ ഇന്ത്യയ്ക്ക് യാതൊരു ഉദ്ദേശ്യവുമില്ലെന്ന് ഒരു ഇന്ത്യൻ ഉദ്യോഗസ്ഥൻ പറഞ്ഞു. ഇറാനിയൻ വെടിവെപ്പ് സംഭവത്തിന് പ്രത്യാഘാതങ്ങളുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലക്ഷക്കണക്കിന് ബാരൽ എണ്ണയുമായി പോയ രണ്ട് വലിയ ക്രൂഡോയിൽ ടാങ്കറുകളാണ് ശനിയാഴ്ച ഒമാൻ്റെ വടക്ക് ഇറാനിയൻ നാവികസേനയുടെ വെടിവെപ്പിന് ഇരയായത്. ഹോർമുസ് കടലിടുക്കിൽ നിന്ന് പിന്തിരിയാനും അവ നിർബന്ധിതരായി. യുഎസ്, ഇസ്രയേൽ സംഘർഷത്തിൽ ഉൾപ്പെടാത്ത രാജ്യങ്ങളെ ലക്ഷ്യം വെക്കില്ലെന്ന് ഇറാൻ മുമ്പ് പറഞ്ഞിരുന്നു.

ഈ സംഭവത്തെത്തുടർന്ന് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ ഇറാനിയൻ പ്രതിനിധിയെ വിളിച്ചുവരുത്തി സംഭവത്തിൽ തങ്ങളുടെ അതൃപ്തി അറിയിച്ചിരുന്നു. ഐആർജിഎസ് നടത്തിയ വെടിവെപ്പ് ഇന്ത്യ ഗൗരവമായി കാണുന്നുവെന്നും ഹോർമുസ് കടലിടുക്കിലെ തുറന്നതും സ്വതന്ത്രവുമായ കപ്പൽ ഗതാഗതത്തെ രാജ്യം പിന്തുണയ്ക്കുന്നുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

മറൈൻ ട്രാഫിക്കിന്റെ കണക്കനുസരിച്ച്, ഇന്ത്യൻ പതാകയേന്തിയ ജഗ് അർണവ് സൗദി അറേബ്യയിലെ അൽ ജുബൈലിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുകയായിരുന്നു. സാൻമാർ ഹെറാൾഡ് ഇറാഖിൽ നിന്ന് ക്രൂഡ് ഓയിലുമായി ഇന്ത്യയിലേക്ക് വരികയായിരുന്നു.

യുഎസുമായുള്ള യുദ്ധത്തിനിടയിൽ ഇറാൻ ഇന്ത്യയെ സൗഹൃദ രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ മറ്റ് രാജ്യങ്ങളുടെ കപ്പലുകൾക്ക് ഡ്രോൺ-മിസൈൽ ആക്രമണ ഭീഷണിയുമായി വിലക്കേർപ്പെടുത്തിയിരിക്കുന്നു. ഇസ്രയേലും ലെബനനും തമ്മിൽ വ്യാഴാഴ്ച യുഎസ് മധ്യസ്ഥത വഹിച്ച 10 ദിവസത്തെ വെടിനിർത്തൽ കരാറിന് ശേഷം വെള്ളിയാഴ്ച ഇറാൻ ഹോർമുസ് കടലിടുക്ക് തുറന്നിരുന്നു. എന്നാൽ യുഎസ് നാവിക ഉപരോധം പിൻവലിക്കാത്തതിനെചൊല്ലി 24 മണിക്കൂറിനകം തന്നെ അടച്ചിടുകയായിരുന്നു. 

English Summary

India has issued a stern warning to Iran following an unprovoked firing incident by the Iranian Navy at two Indian oil tankers in the Strait of Hormuz. Authorities confirmed on Sunday that while there were no casualties, one of the vessels sustained minor damage, including a shattered cabin window. The conflict stems from a demand by the Islamic Revolutionary Guard Corps (IRGC) to impose a transit tax on all ships passing through the strait, a move India has firmly rejected. Reports indicate a rift within Iran, with the diplomatic wing concerned about ties with India while the IRGC seeks to assert control amid tensions with the US and Israel.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News