ടെഹ്‌റാൻ: കരയുദ്ധത്തിനുള്ള സാധ്യത മുന്നിൽക്കണ്ട് പത്തുലക്ഷത്തിലധികം പോരാളികളെ ഇറാൻ സജ്ജരാക്കിയതായി റിപ്പോർട്ട്. നാലാഴ്ചയിലധികമായി തുടരുന്ന ഇറാൻ-യുഎസ്, ഇസ്രയേൽ സംഘർഷം കരയുദ്ധത്തിലേക്ക് കടന്നേക്കാനുള്ള സാധ്യതത നിലനിൽക്കെയാണ് ഇറാന്റെ നീക്കം. സൈനികരും നിലവിലെ സാഹചര്യം മുൻനിർത്തി സൈന്യത്തിന്റെ ഭാഗമാകാൻ താൽപര്യം പ്രകടിപ്പിച്ചവരും ചേർന്നതാണ് ഈ പത്തുലക്ഷത്തിലധികം പേർ.
ബസീജിന്റെയും ഐആർജിസിയുടെയും പട്ടാളത്തിന്റെയും റിക്രൂട്ട്‌മെന്റ് കേന്ദ്രങ്ങളിൽ ആളുകളുടെ എണ്ണം കൂടിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മാത്രമല്ല, നിരവധി ഇറാനിയൻ യുവാക്കൾ, തങ്ങളുടെ രാജ്യത്തെ സംരക്ഷിക്കാൻ താൽപര്യം പ്രകടിപ്പിച്ച് മുന്നിട്ടിറങ്ങിയിട്ടുമുണ്ട്. ഇറാന്റെ മണ്ണിൽ അമേരിക്കക്കാർക്ക് ‘ചരിത്രപരമായ നരകം’ സൃഷ്ടിക്കാനുള്ള ആവേശം ഇറാനിലെ പോരാളികൾക്കുണ്ടെന്ന് വാർത്താ ഏജൻസിയായ തസ്‌നിം റിപ്പോർട്ട് ചെയ്യുന്നു.
അമേരിക്ക ഇതിനകംതന്നെ ആയിരക്കണക്കിന് സൈനികരെ മേഖലയിൽ വിന്യസിച്ചിട്ടുണ്ട്. 82-ാം എയർബോൺ വിഭാഗത്തിൽനിന്നുള്ള സെെനികർ ദിവസങ്ങൾക്കകം പശ്ചിമേഷ്യയിൽ എത്തിച്ചേരുമെന്നാണ് സൂചന. ഇറാനുമായി ചർച്ച പുരോഗമിക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവർത്തിച്ച് അവകാശപ്പെടുമ്പോഴും അക്കാര്യം തള്ളിക്കളയുകയാണ് ഇറാൻ. അമേരിക്കൻ സൈന്യം ഇറാന്റെ മണ്ണിൽ ഇറങ്ങുന്നപക്ഷം കനത്ത തിരിച്ചടിയുണ്ടാകുമെന്ന് യുഎസിന് മുന്നറിയിപ്പും കൊടുത്തിട്ടുണ്ട്.
English Summary
Iran has reportedly mobilized over one million fighters in anticipation of a potential ground war following a month-long escalation with the US and Israel. This massive force includes regular soldiers and volunteers who have expressed interest in joining the military amid the current regional crisis. Reports indicate a surge in recruitment at IRGC, Basij, and army centers, with Tasnim news agency stating that Iranian fighters are prepared to create a “historical hell” for Americans on Iranian soil. This move significantly alters the military equations in the Middle East as tensions reach a critical point.


