ലാഹോർ: പാകിസ്ഥാനിൽ ഇറാന്‍റെ മിസൈൽ ആക്രമണം. ആക്രമണത്തിൽ രണ്ട് പെൺകുട്ടികൾ കൊല്ലപ്പെട്ടു. വടക്കൻ ഇറാഖിലും സിറിയയിലും മിസൈൽ വിക്ഷേപിച്ചതിന് പിന്നാലെയാണ് ഇറാന്റെ പാകിസ്ഥാനിലേക്കുള്ള ആക്രമണം. പാകിസ്ഥാനിലെ ബലൂചി ഭീകര സംഘടനയായ ജെയ്‌ഷ് അൽ-അദലിന്‍റെ രണ്ട് താവളങ്ങൾക്കുനേരെയാണ് ഇറാൻ മിസൈൽ ആക്രമണം നടത്തിയത്. ആക്രമണം യാതൊരു പ്രകോപനവുമില്ലാതെയാണെന്നും കനത്ത തിരിച്ചടി നൽകുമെന്നും പാകിസ്ഥാൻ മുന്നറിയിപ്പ് നൽകി.
ഇറാനെതിരെ പാകിസ്ഥാനിലെ ഭീകര സംഘടന നടത്തുന്ന നീക്കങ്ങൾക്ക് മറുപടിയായാണ് മിസൈൽ ആക്രമണമെന്നാണ് റിപ്പോർട്ട്. മിസൈൽ ആക്രമണത്തിൽ രണ്ട് പെൺകുട്ടികൾ മരിക്കുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ. പഞ്ച്ഗുർ ജില്ലയിലെ കുലാഗിലെ കോഹ്-ഇ-സാബ്സ് ഗ്രാമത്തിൽ ആക്രമണത്തിൽ തകർന്ന വീടുകളിലാണ് എട്ടും പന്ത്രണ്ടും വയസ്സുള്ള പെൺകുട്ടികളുടെ മൃതദേഹം കണ്ടെടുത്തതെന്ന് ജില്ലാ ഡെപ്യൂട്ടി കമ്മിഷണർ മുംതാസ് ഖേത്രൻ അറിയിച്ചു. വീടുകൾക്ക് സമീപമുള്ള ഒരു മുസ്ലീം പള്ളിയും ആക്രമണത്തിൽ തകർന്നതായി ഖേത്രൻ പറഞ്ഞു.
ഇറാന്‍റെ അർധസൈനിക വിഭാഗമായ റെവല്യൂഷണറി ഗാർഡിന്‍റെ നേതൃത്വത്തിലാണ് പാകിസ്ഥാനിൽ ആക്രമണം നടന്നത്. അതിർത്തി പ്രദേശത്തെ ബലൂചി വിഘടനവാദികളുടെയും മറ്റ് തീവ്രവാദ ഗ്രൂപ്പുകളുടെയും പ്രവർത്തനങ്ങൾ കാരണം ഇറാനും പാകിസ്ഥാനും തമ്മിലുള്ള ബന്ധം അത്ര രമ്യമായിരുന്നില്ല. ആക്രമണത്തെ തുടർന്ന് പാകിസ്ഥാൻ ഇറാന്റെ വിദേശകാര്യ മന്ത്രാലയത്തിനോട് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. യാതൊരു പ്രകോപനവുമില്ലാതെയാണ് രണ്ട് കുട്ടികളുടെ ജീവനെടുത്ത ആക്രമണമെന്നും അനന്തരഫലങ്ങളുടെ ഉത്തരവാദിത്തം പൂർണ്ണമായും ഇറാനായിരിക്കും എന്നാണ് പാകിസ്ഥാൻ നൽകിയിരിക്കുന്ന മുന്നറിയിപ്പ്.