യു.എസ്. കരയുദ്ധത്തിനിറങ്ങിയാൽ ആരും തിരിച്ചുപോകില്ല – ഇറാൻ

മുജ്തബ എവിടെ? അഭ്യൂഹങ്ങൾക്കിടെ ഇറാന്റെ പരമോന്നത നേതാവിനെക്കുറിച്ച് നിർണായക വിവരവുമായി റഷ്യ

ടെഹ്റാൻ: ഇറാനിൽ യു.എസ്. സൈന്യം കരയുദ്ധത്തിനിറങ്ങിയാൽ അധിനിവേശക്കാരിലൊരാൾപോലും ജീവനോടെ തിരികെ പോകില്ലെന്ന് സേനാമേധാവി മേജർ ജനറൽ അമീർ ഹതാമി പറഞ്ഞു. കരയുദ്ധത്തിന് സജ്ജരായിരിക്കാൻ സൈന്യത്തിന് നിർദേശം നൽകിയിട്ടുണ്ടെന്നും ശത്രുക്കളുടെ നീക്കം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും പറഞ്ഞു. ഇറാനെതിരേയുള്ള നടപടിക്കായി 2500 മറീനുകളെയും ആയിരക്കണക്കിന് പാരാട്രൂപ്പുകളെയും യു.എസ്. പുതുതായി മേഖലയിൽ വിന്യസിച്ചിരുന്നു.

അതിനിടെ, നിർണായകമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണവരവിനെ ആശ്രയിക്കുന്ന രാജ്യങ്ങൾ ഈ ചരക്കിടനാഴി പിടിച്ചെടുത്ത് സംരക്ഷിക്കാനുള്ള ധൈര്യം കാണിക്കണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. യു.എസിന് ഹോർമുസ് ആവശ്യമില്ലെന്നും കടലിടുക്ക് തുറക്കാനുള്ള ശ്രമങ്ങളിൽ ചൈനയും ജപ്പാനും ദക്ഷിണകൊറിയയും പങ്കാളികളാകണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ നാറ്റോ സഖ്യകഷികളുമായി ഭിന്നതനിലനിൽക്കുന്ന സാഹചര്യത്തിലാണിത്. എണ്ണയുൾപ്പെടെയുള്ള ഇറാന്റെ വലിയ പ്രകൃതിവിഭവസമ്പത്ത് പിടിച്ചെടുക്കാനല്ല, സഖ്യകഷികളെ സഹായിക്കാനാണ് യു.എസ്. യുദ്ധത്തിനിറങ്ങിയത്. വേണ്ടത്ര എണ്ണ-വാതക ശേഖരം അമേരിക്കയ്ക്കുണ്ടെന്നും സൗദിയും റഷ്യയും ചേർന്നുത്പാദിക്കുന്നതിലും കൂടുതലാണതെന്നും ട്രംപ് അവകാശപ്പെട്ടു.

ഇസ്രയേൽ, സൗദി അറേബ്യ, ഖത്തർ, യു.എ.ഇ., കുവൈത്ത്, ബഹ്‌റൈൻ തുടങ്ങിയ പശ്ചിമേഷ്യയിലെ സഖ്യകക്ഷികളെ വേദനിപ്പിക്കാൻ ആരെയും അനുവദിക്കില്ലെന്നും പറഞ്ഞു.

ഭീകരവാദത്തിന്റെ ഏറ്റവും വലിയ സ്പോൺസർമാരായ ഇറാനെ 47 വർഷമായി കൈകാര്യംചെയ്യാൻ മുതിരാത്തതിൽ മുൻ യു.എസ്. സർക്കാരുകളെയും ട്രംപ് പഴിച്ചു. ഇറാനുമായുള്ള ആണവനിർവ്യാപന ഉടമ്പടിയിൽനിന്ന് പിന്മാറിയതുൾപ്പെടെ തന്റെ ഇടപെടലില്ലായിരുന്നെങ്കിൽ പശ്ചിമേഷ്യയോ ഇസ്രയേലോ ഇന്നുള്ളതുപോലെ ഉണ്ടാകുമായിരുന്നില്ലെന്നും പറഞ്ഞു.

ബരാക് ഒബാമയുണ്ടാക്കിയ ആണവക്കരാർ ഇറാന് ആണവായുധം നേടിക്കൊടുത്തേനെയെന്നും ആരോപിച്ചു. ഇറാനിലെ ഇപ്പോഴത്തെ ഭരണകൂടവുമായി ചർച്ച സാധ്യമാണെന്നാണ് കരുതുന്നതെന്നും എന്നാൽ, കരാറായില്ലെങ്കിൽ ആക്രമണം തുടർന്ന് അവരെ ശിലായുഗത്തിലേക്ക് പറഞ്ഞയക്കുമെന്നും ട്രംപ് ഭീഷണിയുയർത്തി. കരാറുണ്ടായില്ലെങ്കിൽ ഇറാന്റെ വൈദ്യുതിനിലയങ്ങൾ ആക്രമിക്കുമെന്നും മുന്നറിയിപ്പുനൽകി. ഇറാൻ ആണവായുധം നേടില്ലെന്നും അവകാശപ്പെട്ടു.

അതേസമയം, ഇസ്രയേലിനും യു.എസിനും ഒരു മാനുഷിക-ധാർമിക മൂല്യങ്ങളുമില്ലെന്ന് ഇറാന്റെ പരമോന്നതനേതാവ് മുജ്താബ ഖാംനയി പ്രസ്താവനയിൽ പറഞ്ഞു. യുദ്ധത്തിൽ തകർന്ന പശ്ചാത്തലസൗകര്യങ്ങളുടെ പുനർനിർമാണത്തിനായി ദേശീയതലത്തിൽ കർമപരിപാടി വേണമെന്നും ആവശ്യപ്പെട്ടു.

ഇറാൻകാരോട് പ്രതീക്ഷയുടെ പ്രതീകമായി രാജ്യത്തുടനീളം തൈകൾ നടാൻ ദേശീയപരിസ്ഥിതിദിനസന്ദേശത്തിൽ ആഹ്വാനം ചെയ്തു.

Iranian Military Chief Major General Amir Hatami warned the US that if they launch a ground invasion, no invader will return alive. Following the deployment of 2,500 US Marines and thousands of paratroopers in the region, Iran has ordered its troops to stay prepared for a direct ground war. The military continues to closely monitor US movements as tensions over the destroyed B1 bridge escalate

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News