ടെഹ്‌റാൻ: മിഡിൽ ഈസ്റ്റിലെ സംഘർഷം രൂക്ഷമായതോടെ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് ഇറാൻ വൻതുക ഈടാക്കുന്നതായി റിപ്പോർട്ട്. ആഗോള ഇന്ധന വിതരണത്തിന്റെ നിർണ്ണായക കേന്ദ്രമായ ഈ പാതയിലൂടെ കടന്നുപോകാൻ ഓരോ കപ്പലിനും രണ്ട് മില്യൺ ഡോളർ (ഏകദേശം 18.76 കോടി രൂപ) ഇറാൻ ഈടാക്കുന്നതായാണ് റിപ്പോർട്ട്. ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്ക് കപ്പലുകളിൽ നിന്ന് ട്രാൻസിറ്റ് ഫീസായാണ് ഈ തുക ഈടാക്കുന്നത്. ലണ്ടൻ ആസ്ഥാനമായുള്ള വാർത്താ ഏജൻസിയായ ഇറാൻ ഇന്റർനാഷണലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഹോർമുസ് കടലിടുക്കിലുള്ള തങ്ങളുടെ നിയന്ത്രണം സാമ്പത്തിക നേട്ടമാക്കുകയാണ് ഇറാൻ. കപ്പലുകളിൽനിന്ന് പണം പിരിച്ചുതുടങ്ങിയതായി ഇറാൻ പാർലമെന്റിന്റെ ദേശീയ സുരക്ഷ കമ്മിറ്റി അംഗം അലാവുദ്ദീൻ ബോറൂജെർഡി വ്യക്തമാക്കി. യുദ്ധത്തിന് വലിയ ചെലവുകൾ വരുന്നതിനാലാണ് കപ്പലുകളിൽനിന്ന് ഫീസ് ഈടാക്കുന്നതെന്നും ബോറൂജെർഡി കൂട്ടിച്ചേർത്തു. തന്ത്രപ്രധാനമായ ജലപാതയിൽ ഇറാന്റെ ‘ശക്തിയും അധികാരവും’ പ്രകടിപ്പിക്കാനുള്ള മാർഗമായാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്.
48 മണിക്കൂറിനുള്ളിൽ ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാന്റെ ഊർജ നിലയങ്ങളിലേക്ക് ആക്രമണം നടത്തുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് ബോറൂജെർഡിയുടെ വാക്കുകൾ.
ഹോർമുസ് ഇറാന്റെ ശത്രുക്കൾക്കൊഴികെ എല്ലാവർക്കുമായി തുറന്നിരിക്കുകയാണെന്നായിരുന്നു ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ പ്രതികരിച്ചത്. തങ്ങളുടെ ഭൂമി നശിപ്പിക്കുന്നവർക്ക് വേണ്ടി ഹോർമുസ് തുറന്നുനൽകില്ലെന്നും ശത്രുപക്ഷത്തില്ലാത്തവർക്കെല്ലാം ഹോർമുസിലൂടെ പോകാമെന്നും ഇറാൻ വ്യക്തമാക്കി. ഇന്ത്യയുടെയും പാകിസ്താന്റെയും കപ്പലുകൾക്ക് ഇതുവഴി കടന്നുപോകാൻ ഇറാൻ അനുമതി നൽകിയിട്ടുണ്ട്. ജപ്പാനുമായി ബന്ധപ്പെട്ട കപ്പലുകളെയും കടത്തിവിടാൻ തയ്യാറാണെന്ന് ഇറാൻ അറിയിച്ചിട്ടുണ്ട്.
ലോകത്തിലെ എണ്ണയുടെയും ദ്രാവക പ്രകൃതിവാതകത്തിന്റെയും (എൽഎൻജി) ഏകദേശം 20 ശതമാനവും കടന്നുപോകുന്നത് ഹോർമുസ് കടലിടുക്കിലൂടെയാണ്. മാർച്ചിലെ ആദ്യവാരം മുതൽ ഈ പാത അടഞ്ഞുകിടക്കുന്നത് ആഗോളതലത്തിൽ ഇന്ധനവില കുതിച്ചുയരാൻ കാരണമായിട്ടുണ്ട്.
News Summary: Amidst escalating tensions in the Middle East, Iran has reportedly started charging an exorbitant transit fee for vessels passing through the strategic Strait of Hormuz. According to a report by London-based news agency Iran International, each cargo ship is required to pay approximately $2 million (around ₹18.76 crore) to navigate this crucial global fuel supply route. This move, seen as a significant escalation in maritime control, imposes a heavy financial burden on international trade passing through one of the world’s most vital chokepoints.


