ടെഹ്റാൻ : ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാനുള്ള അന്താരാഷ്ട്ര ക്രിമിനൽ കോടതി വിധിയിൽ പ്രതികരണവുമായി ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി. അറസ്റ്റ് വാറന്റ് പോരാ, വധശിക്ഷയാണ് നെതന്യാഹുവിന് നൽകേണ്ടതെന്ന് ഖമേനി അഭിപ്രായപ്പെട്ടു. ഇസ്രായേലിന്റെ എല്ലാ ക്രിമിനൽ നേതാക്കൾക്കും വധശിക്ഷ നൽകണം എന്നാണ് താൻ ആഗ്രഹിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, മുൻ പ്രതിരോധ മന്ത്രി യോവ് ഗാലൻ്റ്, ഹമാസ് നേതാവ് ഇബ്രാഹിം അൽ മസ്‌രി എന്നിവർക്കെതിരെ ആണ് അന്താരാഷ്ട്ര ക്രിമിനൽ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നത്.
ഗാസയ്‌ക്കെതിരായ വ്യാപകവും ആസൂത്രിതവുമായ ആക്രമണത്തിൻ്റെ ഭാഗമായി കൊലപാതകം, പീഡനം, പട്ടിണിയെ യുദ്ധായുധമായി ഉപയോഗിച്ചത് തുടങ്ങിയ കുറ്റകൃത്യങ്ങളിൽ നെതന്യാഹുവും ഗാലൻ്റും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് കോടതി അഭിപ്രായപ്പെട്ടിരുന്നത്.
അന്താരാഷ്ട്ര നീതിന്യായ കോടതി മനുഷ്യരാശിയുടെ ശത്രുവാണ് എന്നായിരുന്നു നെതന്യാഹു അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിനെതിരെ അഭിപ്രായപ്പെട്ടത്. ഒരു ഇസ്രായേൽ വിരുദ്ധ തീരുമാനവും രാജ്യത്തെ സംരക്ഷിക്കുന്നതിൽ നിന്ന് ഞങ്ങളെ തടയില്ല, അത് എന്നെയും തടയുകയില്ല. ഇസ്രായേൽ ആരുടെയും സമ്മർദ്ദത്തിന് വഴങ്ങില്ല എന്നും നെതന്യാഹു വ്യക്തമാക്കി.