ബഗ്ദാദ് : പശ്ചിമേഷ്യ യുദ്ധ ഭീതിയില്‍.രഹസ്യസേനാ തലവന്‍ ഖാസിം സുലൈമാനിയെ യുഎസ് ഡ്രോണ്‍ ആക്രമണത്തിലൂടെ വധിച്ചതിനു പിന്നാലെ ഇറാന്‍ ശക്തമായി തിരിച്ചടിച്ചതായാണ് സൂചന. ഇറാഖിന്റെ തലസ്ഥാനമായ ബഗ്ദാദിലെ അതീവ സുരക്ഷാ മേഖലയില്‍ (ഗ്രീന്‍ സോണ്‍) രാത്രിയോടെ മോര്‍ട്ടാര്‍ ആക്രമണം നടന്നു. യുഎസ് എംബസി ഉള്‍പ്പെടെ സ്ഥിതി ചെയ്യുന്ന അതീവ സുരക്ഷാ മേഖലയാണ് ഗ്രീന്‍ സോണ്‍. ഇതിനു പിന്നാലെ യുഎസ് സേന താവളമടിച്ചിരിക്കുന്ന വ്യോമസേന ക്യാംപിനു നേരെ രണ്ട് റോക്കറ്റാക്രമണവും നടന്നു.
അപകടത്തില്‍ ആളപായമില്ലെന്നാണ് സൂചന. എന്നാല്‍ അഞ്ചു പേര്‍ക്കു പരുക്കേറ്റതായി ‘ദ് മിറര്‍’ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണം ഇറാഖിലെ സുരക്ഷാ ഏജന്‍സികള്‍ സ്ഥിരീകരിച്ചതായി വിവിധ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ആക്രമണത്തിനു പിന്നില്‍ ആരാണെന്നു സ്ഥിരീകരിച്ചിട്ടില്ല. ‘മൂന്നാം ലോകമഹായുദ്ധം’ എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡാകുന്നതിനിടെയാണ് യുഎസ് കേന്ദ്രങ്ങളെ ലക്ഷ്യംവച്ചുള്ള രാത്രിയിലെ ആക്രമണം.
സര്‍ക്കാര്‍ ഓഫിസുകളും ഒട്ടേറെ വിദേശരാജ്യങ്ങളുടെ കാര്യാലയങ്ങളുമുള്ള മേഖലയാണ് ഗ്രീന്‍ സോണ്‍. ഇവിടേക്കാണ് ശനിയാഴ്ച പ്രാദേശിക സമയം വൈകിട്ടോടെ മോര്‍ട്ടാര്‍ ആക്രമണം നടന്നത്. ഒരു മോര്‍ട്ടാര്‍ വന്നുവീണത് സുരക്ഷാമേഖലയ്ക്കുള്ളിലായിരുന്നു, രണ്ടാമത്തേത് പുറത്തും. തുടര്‍ന്ന് അപായസൈറണും മുഴങ്ങി.
അതിനു ശേഷമാണ് കാത്യുഷ റോക്കറ്റുകള്‍ വടക്കന്‍ ബഗ്ദാദിലെ ബലാദ് വ്യോമതാവളത്തില്‍ വീണത്. ഉടന്‍ തന്നെ അപായ സൈറണ്‍ മുഴങ്ങി. എവിടെ നിന്നാണ് റോക്കറ്റ് വന്നതെന്നറിയാന്‍ യുഎസ് ആളില്ലാ ഡ്രോണുകള്‍ അയച്ചിട്ടുണ്ട്.