ടെഹ്‌റാൻ: ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിക്കെതിരേ പ്രതിഷേധവുമായി കൂടുതൽ വിദ്യാർഥികൾ തെരുവിൽ. ഖമനേയിക്ക് മരണ സംഭവിക്കട്ടെയെന്നും വേഗം പണി തീർക്കൂവെന്നും മുദ്രാവാക്യം വിളിച്ച് ഷരീഫ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയിലെ വിദ്യാർഥികൾ പ്രതിഷേധിക്കുന്ന ദൃശ്യങ്ങൾ ഇറാൻ ഇന്റർനാഷണൽ പുറത്തുവിട്ടു. അവിടെ നടന്ന സംഘർഷങ്ങളിൽ നിരവധിപേർക്ക് പരിക്കേറ്റു.
രാജ്യവ്യാപകമായി നടന്ന ഭരണകൂട വിരുദ്ധ പ്രതിഷേധങ്ങളിൽ കൊല്ലപ്പെട്ടവരുടെ അനുസ്മരണത്തിനായി ഒത്തുകൂടിയവരായിരുന്നു ഇവർ. പ്രക്ഷോഭകരെ സംബന്ധിച്ച് ആണവ തർക്കത്തിൽ അമേരിക്ക ഇറാനുമായി ഒത്തുതീർപ്പിലെത്തുന്നതിൽ താൽപര്യമില്ല. ഇറാന്റെ മത ഭരണകൂടത്തെ പുറത്താക്കാൻ അമേരിക്ക സഹായിക്കണമെന്നാണ് ആവശ്യം.
ഇറാനുമായി തമ്മിൽ കരാറുണ്ടാക്കുന്നത് അനിശ്ചിതാവസ്ഥയിലായ സാഹചര്യത്തിൽ ഇറാന്റെ നേതാക്കളെ വകവരുത്തുന്ന നടപടിയിലേക്ക് അമേരിക്ക പോയേക്കുമെന്ന് റിപ്പോർട്ട്. അമേരിക്കൻ താൽപര്യങ്ങൾക്ക് വഴങ്ങിയില്ലെങ്കിൽ ഖമനേയിയെയും മകൻ മുജ്താബയെയും പുരോഹിത നേതൃത്വത്തിലെ പ്രമുഖരെയും വകവരുത്താനാണ് ട്രംപിന്റെ നീക്കമെന്ന് അമേരിക്കൻ മാധ്യമമായ ആക്‌സിയോസിലാണ് റിപ്പോർട്ട് ചെയ്തു.
ഇറാൻ ഒരു തരത്തിലും അണുബോംബ് നിർമിക്കില്ലെന്ന് ഉറപ്പുനൽകിയാൽ ആണവ സമ്പുഷ്ടീകരണം തുടരാൻ ട്രംപ് അനുവദിച്ചേക്കാം. എന്നാൽ വിപരീതമായി സംഭവിച്ചാൽ അമേരിക്ക ക്ഷമിക്കില്ല എന്ന് മുതിർന്ന അമേരിക്കൻ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. മിഡിൽ ഈസ്റ്റിൽ 2003-ലെ ഇറാഖ് അധിനിവേശത്തിന് ശേഷമുള്ള ഏറ്റവും വലിയ സൈനിക വിന്യാസമാണ് അമേരിക്ക ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നു എന്നാണ് സൂചന.
ഇറാന് പരമാവധി 15 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ടെന്നും അതിനിടെ കരാറുണ്ടാക്കിയില്ലെങ്കിൽ ആക്രമിക്കുമെന്നുംബോർഡ് ഓഫ് പീസ് സമ്മേളനത്തിൽ ട്രംപ് പറഞ്ഞിരുന്നു. ഇറാനെ ആക്രമിക്കാൻ സന്നദ്ധമാണെന്ന് യു.എസ്. സൈന്യം വൈറ്റ് ഹൗസിനെ അറിയിച്ചതിനെത്തുടർന്ന് പശ്ചിമേഷ്യയിൽ യുദ്ധഭീതി കനത്തിരിക്കുകയാണ്.
യുഎസ് സൈനികനടപടിയുണ്ടായാൽ പശ്ചിമേഷ്യയിലെ അമേരിക്കയുടെ സൈനികതാവളങ്ങൾ ആക്രമിക്കുമെന്ന് യുഎന്നിലെ ഇറാൻ സ്ഥാനപതി അമീർ സയിദ് ഇറാവാനി പറഞ്ഞു. യു.എൻ. സെക്രട്ടറി ജനറലിനും രക്ഷാസമിതി അധ്യക്ഷനുമയച്ച കത്തിലാണ് പ്രത്യാക്രമണം നടത്താനുള്ള നിയമപരമായ അവകാശം ഇറാനുണ്ടെന്നു പറഞ്ഞത്. ഇറാനെ ആക്രമിക്കാൻ ഇന്ത്യൻ മഹാസമുദ്രത്തിലെ ഡീഗോ ഗാർഷ്യ ഉൾപ്പെടെയുള്ള ബ്രിട്ടന്റെ താവളങ്ങൾ യു.എസിന് വേണ്ടിവന്നേക്കുമെന്ന ട്രംപിന്റെ സാമൂഹികമാധ്യമ പോസ്റ്റും കത്തിൽ പരാമർശിച്ചു. യു.എസ്. പ്രസിഡന്റിന്റെ ആക്രമണോത്സുക പ്രസ്താവന വലിയ അപകടത്തിന്റെ സൂചനയാണെന്നും അതിന്റെ പ്രത്യാഘാതങ്ങൾ മേഖലയ്ക്കുമാത്രമല്ല അന്താരാഷ്ട്രസമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാണെന്നും ഇറാവാനി പറഞ്ഞു. സൈന്യത്തെ ഉപയോഗിച്ചുള്ള ഇത്തരം നിയമവിരുദ്ധഭീഷണികളെ തടയാൻ രക്ഷാസമിതിയോട് ആവശ്യപ്പെട്ടു.
സമാധാനപരമായ ആണവസമ്പുഷ്ടീകരണമാണ് ഇറാൻ കാംക്ഷിക്കുന്നതെന്നും നയതന്ത്രപരിഹാരങ്ങൾക്ക് സന്നദ്ധമാണെന്നും പറഞ്ഞു. അമേരിക്കയുടെ സഖ്യകക്ഷിയായ ഇസ്രയേലിനുനേരേ ഇറാൻ ആക്രമണം നടത്തിയാൽ ചിന്തിക്കാൻപോലുമാകാത്ത തിരിച്ചടി അവർ നേരിടുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഭീഷണിമുഴക്കി. സംഘർഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ഇസ്രയേൽ സൈനികർക്ക് ജാഗ്രതാനിർദേശം നൽകി. 2025 ജൂണിലെ ഇറാൻ-ഇസ്രയേൽ യുദ്ധത്തിൽ കക്ഷിചേർന്ന് അമേരിക്ക ഇറാനെ ആക്രമിച്ചിരുന്നു. മറുപടിയായി ഖത്തറിലെ യു.എസിന്റെ അൽ ഉദൈദ് വ്യോമത്താവളത്തിലേക്ക് ഇറാൻ മിസൈലയച്ചു. ചൊവ്വാഴ്ച ജനീവയിൽ നടന്ന രണ്ടാംവട്ട ചർച്ചയിൽ കരടുരൂപരേഖ തയ്യാറാക്കാനും മൂന്നാംവട്ട ചർച്ചയിൽ അന്തിമകരാറിന് രൂപം നൽകാനും യു.എസും ഇറാനും തീരുമാനിച്ചിരുന്നു. ഇറാന്റെ ആണവായുധ അഭിലാഷങ്ങൾ തടയാനുള്ള സമ്മർദതന്ത്രത്തിന്റെ ഭാഗമായി 2003-ലെ ഇറാഖ് യുദ്ധത്തിനുശേഷമുള്ള ഏറ്റവും വലിയ സേനാവിന്യാസമാണ് യു.എസ്. പശ്ചിമേഷ്യയിൽ നടത്തിയിട്ടുള്ളത്. ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ ജെറാൾഡ് ആർ ഫോർഡ് വെള്ളിയാഴ്ച മെഡിറ്ററേനിയനിലെത്തി. എബ്രഹാം ലിങ്കൺ എന്നവിമാനവാഹിനി ഒരു മാസത്തോളമായി മേഖലയിലുണ്ട്.


