കൊല്‍ക്കത്ത: ഐപിഎല്ലില്‍ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സ് സാക്ഷ്യം വഹിച്ചത് അവിശ്വസനീയമായ ഒരു തിരിച്ചുവരവിനാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉയര്‍ത്തിയ 181 റണ്‍സ് എന്ന ലക്ഷ്യം പിന്തുടര്‍ന്ന ലഖ്നൗ സൂപ്പര്‍ ജയന്റ്സ് ഒരു ഘട്ടത്തില്‍ തോല്‍വി മുന്നില്‍ കണ്ടതാണ്. എന്നാല്‍ ഏഴാമനായി ഇറങ്ങിയ മുകുള്‍ ചൗധരി എന്ന യുവതാരം ക്രീസിലെത്തിയതോടെ കളി മാറുകയായിരുന്നു.
27 പന്തില്‍ പുറത്താകാതെ 54 റണ്‍സ് നേടിയ മുകുള്‍, ഹെലികോപ്റ്റര്‍ ഷോട്ടുകളടക്കം ഫിനിഷിംഗ് മികവു കൊണ്ട് ധോണിയെയും വിക്കറ്റിനിടയിലെ ഓട്ടത്തിന്റെ വേഗതകൊണ്ട് വിരാട് കോലിയെയും ഓര്‍മ്മിപ്പിച്ചു. അവസാന നാല് ഓവറില്‍ 64 റണ്‍സ് വേണമെന്നിരിക്കെ ലഖ്നൗ പരാജയപ്പെടുമെന്ന് ഉറപ്പിച്ചതായിരുന്നു. പരിശീലകന്‍ ജസ്റ്റിന്‍ ലാംഗര്‍ പോലും തോറ്റാല്‍ കളിക്കാരോട് എന്ത് പറയണമെന്ന് ഡയറിയില്‍ കുറിച്ചു വെച്ചിരുന്നു. എന്നാല്‍ ആ ഇരുപത്തിയൊന്നുകാരന്‍ ലാംഗറിനെ പോലും വിസ്മയിപ്പിച്ച് അവിശ്വസനീയ ജയം ടീമിന് നല്‍കി.
ആദ്യ 8 പന്തില്‍ വെറും 2 റണ്‍സുമായി മുകുള്‍ പതറുന്ന കാഴ്ചയാണ് കണ്ടത്. അവസാന മൂന്ന് ഓവറില്‍ 43 റണ്‍സ് വേണമെന്നിരിക്കെ മുകുള്‍ ഗിയര്‍ മാറ്റി. 19-ാം ഓവറില്‍ കാമറൂണ്‍ ഗ്രീനിനെ രണ്ട് സിക്‌സിനും ഒരു ഫോറിനും ശിക്ഷിച്ചു. അവസാന ഓവറില്‍ 14 റണ്‍സ് വേണമെന്നിരിക്കെ വൈഭവ് അറോറയുടെ അഞ്ചാം പന്തില്‍ എക്‌സ്ട്രാ കവറിന് മുകളിലൂടെ സിക്‌സര്‍ പറത്തി മുകുള്‍ ജയമുറപ്പിച്ചു. 27 പന്തില്‍ ഏഴ് സിക്‌സും രണ്ട് ഫോറും സഹിതം 54 റണ്‍സുമായി പുറത്താകാതെ നിന്ന മുകുള്‍ വിജയത്തിനു ശേഷം കൈകള്‍ കൂപ്പി ആകാശത്തേക്ക് നോക്കി ദൈവത്തിന് നന്ദി പറയുന്നുണ്ടായിരുന്നു. ദൈവത്തിനൊപ്പം തന്നെ മുകുള്‍ നന്ദി പറഞ്ഞിരിക്കുക അച്ഛന്‍ ദലിപ് ചൗധരിക്കു കൂടിയാകും. മുകുളിനെ ഒരു ക്രിക്കറ്റ് താരമാക്കാന്‍ ആ അച്ഛന്‍ സഹിച്ച ത്യാഗങ്ങള്‍ ചില്ലറയൊന്നുമല്ല.
മുകുളിന്റെ ഈ വിജയം കേവലം ഒരു ക്രിക്കറ്റ് വിജയമല്ല, അത് അദ്ദേഹത്തിന്റെ പിതാവ് ദലിപ് ചൗധരിയുടെ നിശ്ചയദാര്‍ഢ്യത്തിന്റെ കൂടി ഫലമാണ്. രാജസ്ഥാനിലെ ജുന്‍ജുനു ജില്ലയിലെ ഒരു ചെറിയ ഗ്രാമത്തില്‍ നിന്നാണ് മുകുള്‍ വരുന്നത്. മുകുള്‍ ജനിക്കുന്നതിന് മുമ്പ് തന്നെ അവനെ ഒരു ക്രിക്കറ്റ് താരമാക്കണമെന്ന് ദലിപ് ചൗധരി തീരുമാനിച്ചിരുന്നു. മകന്റെ ക്രിക്കറ്റ് പരിശീലനത്തിനായി അദ്ദേഹം സ്വന്തം വീട് 21 ലക്ഷം രൂപയ്ക്ക് വിറ്റു. അതും പോരാഞ്ഞ് വലിയൊരു തുക വായ്പയായി എടുക്കുകയും ചെയ്തു. വായ്പ തിരിച്ചടക്കാന്‍ കഴിയാത്തതിനെത്തുടര്‍ന്ന് അദ്ദേഹത്തിന് ജയിലില്‍ പോകേണ്ടതായി പോലും വന്നു. മകനെ ക്രിക്കറ്ററാക്കാന്‍ നടന്ന ദലിപ് ചൗധരി ബന്ധുക്കള്‍ക്ക് പറഞ്ഞു ചിരിക്കാനുള്ള ഒരു വിഷയമായി. അടുത്ത ബന്ധുക്കള്‍ പോലും ‘ഭ്രാന്തന്‍’ എന്ന് വിളിക്കുന്നത് അദ്ദേഹത്തിന് കേള്‍ക്കേണ്ടതായി വന്നു. മകനുവേണ്ടി സ്വന്തം ജീവിതം തന്നെ നശിപ്പിച്ചുവെന്ന് അവര്‍ അദ്ദേഹത്തെ കളിയാക്കി. എന്നാല്‍ ദലിപ് തന്റെ തീരുമാനത്തില്‍ ഉറച്ചുനിന്നു.
2016-ല്‍ വീട്ടില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയുള്ള സിക്കറിലെ അക്കാദമിയിലാണ് മുകുള്‍ പരിശീലനം തുടങ്ങിയത്. 2025-26 അണ്ടര്‍-23 ലിസ്റ്റ് എ ട്രോഫിയില്‍ 617 റണ്‍സ് നേടി അദ്ദേഹം ടൂര്‍ണമെന്റിലെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമായി മാറി. 39 സിക്സറുകള്‍ അടിച്ച് ആ ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടിയ താരമെന്ന നേട്ടവും മുകുള്‍ സ്വന്തം പേരിലാക്കി. തുടര്‍ന്ന് സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ രാജസ്ഥാന്‍ ടീമില്‍ ഇടംനേടുകയും മിന്നും പ്രകടനം കാഴ്ചവെക്കുകയും ചെയ്തു. 2026-ലെ ഐപിഎല്‍ ലേലത്തില്‍ തന്റെ അടിസ്ഥാന വിലയുടെ 13 മടങ്ങ് അധികം തുകയായ 2.60 കോടി രൂപയ്ക്കാണ് ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ് മുകുളിനെ സ്വന്തമാക്കിയത്. എം.എസ്. ധോണിയെ ആരാധിക്കുകയും മാതൃകയാക്കുകയും ചെയ്യുന്ന മുകുള്‍ ഹെലികോപ്റ്റര്‍ ഷോട്ടുകള്‍ കളിക്കുന്നതില്‍ മിടുക്കനാണ്. കൊല്‍ക്കത്തയ്ക്കെതിരേ അത് നമ്മള്‍ കണ്ടു.
താന്‍ ക്രിക്കറ്റിലൂടെ നേടുന്ന പണം കൊണ്ട് പിതാവ് എടുത്ത വായ്പകളെല്ലാം വീട്ടുക എന്നതാണ് തന്റെ ആദ്യത്തെ ലക്ഷ്യമെന്ന് മുകുള്‍ പറഞ്ഞിട്ടുണ്ട്. ഒരു മത്സരത്തില്‍ പരാജയപ്പെട്ടപ്പോള്‍ നിരാശനായ മുകുള്‍, അടുത്ത മത്സരത്തില്‍ മികച്ച പ്രകടനം നടത്തി തന്റെ പിതാവിന് നല്‍കിയ വാക്ക് പാലിക്കുകയും ചെയ്തു. 2025-26 അണ്ടര്‍ 23 ലിസ്റ്റ് എ ട്രോഫിയില്‍ 142.49 എന്ന സ്ട്രൈക്ക് റേറ്റില്‍ രണ്ട് സെഞ്ചുറികളും നാല് അര്‍ദ്ധസെഞ്ചുറികളും ഉള്‍പ്പെടെയാണ് മുകുള്‍ 617 റണ്‍സ് നേടിയത്. പിന്നാലെ മുഷ്താഖ് അലി ട്രോഫിയില്‍ അഞ്ച് മത്സരങ്ങള്‍ കളിച്ച അദ്ദേഹം 198.85 എന്ന സ്ട്രൈക്ക് റേറ്റില്‍ 173 റണ്‍സ് നേടി. കൊല്‍ക്കത്തയ്ക്കെതിരായ തന്റെ ഇന്നിങ്സ് മുകുള്‍ സമര്‍പ്പിച്ചത് തന്റെ പിതാവിനും തന്റെ ആരാധനാപാത്രമായ എം.എസ്. ധോണിക്കുമാണ്.
മുകുള്‍ ചൗധരി ഐപിഎല്ലിലെ പുത്തന്‍ താരോദയമാകുമ്പോള്‍ യുവതാരത്തെക്കുറിച്ചുള്ള രസകരമായ വെളിപ്പെടുത്തലുമായി ലക്‌നൗ പരിശീലകന്‍ ജസ്റ്റിന്‍ ലാംഗര്‍ രംഗത്ത് വന്നു. ഏഴാമനായി ബാറ്റിംഗിനിറങ്ങിയ മുകുള്‍ തുടക്കത്തില്‍ പതറുന്ന കാഴ്ചയാണ് ഈഡന്‍ ഗാര്‍ഡന്‍സില്‍ കണ്ടത്. ഒരു ഘട്ടത്തില്‍ 8 പന്തില്‍ വെറും 2 റണ്‍സ് എന്ന നിലയിലായിരുന്നു മുകുള്‍. കൃത്യമായ പ്ലാനിംഗോടെ സിക്‌സറുകള്‍ പറത്തിയ താരം ലക്ഷ്യം അവസാന രണ്ട് പന്തില്‍ 7 റണ്‍സ് എന്ന നിലയിലെത്തിച്ചു. അഞ്ചാം പന്തില്‍ എക്‌സ്ട്രാ കവറിന് മുകളിലൂടെ സിക്‌സര്‍ പറത്തിയ മുകുള്‍ ലക്‌നൗ ക്യാമ്പിനെ ആവേശത്തിലാഴ്ത്തി. അവസാന പന്തില്‍ ബൈ റണ്ണിലൂടെ ജയമുറപ്പിച്ച മുകുള്‍ ലക്‌നൗവിന്റെ പുതിയ ഹീറോയായി മാറി.
ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഒരു പരിശീലന ക്യാമ്പിലാണ് മുകുളിനെ ആദ്യമായി കാണുന്നതെന്ന് ലക്‌നൗ പരിശീലകന്‍ ജസ്റ്റിന്‍ ലാംഗര്‍ മത്സരശേഷം പറഞ്ഞു. ഞങ്ങളുടെ ഡാറ്റാ അനലിസ്റ്റ് ശ്രീനിവാസാണ് ഇവന്റെ കാര്യത്തില്‍ ഏറെ നിര്‍ബന്ധം പിടിച്ചത്. കോച്ച്, നമുക്ക് ഈ പയ്യനെ എങ്ങനെയായാലും ടീമിലെടുക്കണമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. അങ്ങനെയാണ് താരലേലത്തില്‍ ലക്‌നൗ മുകുളിനെ വിളിക്കുന്നതെന്നും ലാംഗര്‍ വ്യക്തമാക്കി. 30 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ കടുത്ത മത്സരത്തിനൊടുവില്‍ 2.6 കോടി രൂപയ്ക്കാണ് ലക്‌നൗ സ്വന്തമാക്കിയത്. മുകുളിന്റെ കായികക്ഷമതയെയും മത്സരബുദ്ധിയെയും ജസ്റ്റിന്‍ ലാംഗര്‍ പ്രശംസിച്ചു. വിക്കറ്റുകള്‍ക്കിടയിലുള്ള മുകുളിന്റെ ഓട്ടം വിരാട് കോലിയെപ്പോലെ അതീവ വേഗതയുള്ളതാണെന്ന് ലാംഗര്‍ പറഞ്ഞു.
വെറും 22 വയസ്സുകാരനാണെങ്കിലും 300 മത്സരങ്ങള്‍ കളിച്ച പരിചയസമ്പന്നനെപ്പോലെയാണ് അവന്‍ കളിയെക്കുറിച്ച് സംസാരിക്കുന്നത്. ടിം ഡേവിഡ്, ആന്ദ്രെ റസ്സല്‍ എന്നിവരെപ്പോലെ കളി ഫിനിഷ് ചെയ്യാനുള്ള അതിയായ ആഗ്രഹം മുകുളിനുണ്ട്. അവന്റെ കണ്ണുകളില്‍ ആ വിജയദാഹം കാണാമെന്നും ലാംഗര്‍ വ്യക്തമാക്കി.
ആദ്യം ബാറ്റ് ചെയ്ത കെകെആര്‍ 181 റണ്‍സാണ് എടുത്തത്. അവസാന നാല് ഓവറില്‍ 64 റണ്‍സ് വേണമെന്നിരിക്കെ ലക്‌നൗ പരാജയപ്പെടുമെന്ന് താന്‍ കരുതിയിരുന്നതായി ലാംഗര്‍ സമ്മതിച്ചു. മത്സരം തോറ്റാല്‍ കളിക്കാരോട് എന്ത് പറയണം എന്ന് ഞാന്‍ കുറിച്ചുവെയ്ക്കുക പോലും ചെയ്തിരുന്നു. എന്നാല്‍ ഈ 22-കാരന്‍ ഉത്തരവാദിത്തം ഏറ്റെടുത്തു, എന്തൊരു പ്രകടനമായിരുന്നു അത്- ലാംഗര്‍ പറഞ്ഞു. രാജസ്ഥാനില്‍ നിന്നുള്ള മുകുള്‍ ചൗധരി എം.എസ് ധോണിയെയാണ് തന്റെ മാതൃകയായി കാണുന്നത്.
Lakhnow Super Giants pulled off an unbelievable comeback victory against Kolkata Knight Riders at Eden Gardens, chasing a target of 181. 21-year-old Mukul Choudhary became the hero, scoring an unbeaten 54 off 27 balls with a finishing style reminiscent of Dhoni and Kohi. Despite requiring 64 runs in the final four overs, Mukul’s extraordinary batting performance stunned coach Justin Langer and secured a historic win.


