കൊച്ചി: പതിമൂന്നു വയസുകാരിയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തിയ സംഭവത്തില്‍ കാണാതായ പിതാവിനായി അന്വേഷണം തമിഴ്നാട്ടിലേക്കും വ്യാപിപ്പിക്കുന്നു. കങ്ങരപ്പടി ഹാര്‍മണി ഫ്‌ളാറ്റില്‍ ശ്രീഗോകുലത്തില്‍ സനു മോഹനെയാണ് (40) കാണാതായത്. ഇയാളുടെ കാര്‍ വാളയാര്‍ ചെക്പോസ്റ്റ് കടന്നു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.
മകള്‍ വൈഗയെ (13) ആണ് മുട്ടാര്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയെ ഞായറാഴ്ച രാത്രി മഞ്ഞുമ്മല്‍ ഗ്ലാസ് കോളനിക്കു സമീപം മുട്ടാര്‍ പുഴയില്‍ തള്ളിയിട്ടശേഷം സനു തമിഴ്നാട്ടിലേക്കു കടന്നതായതായാണു പോലീസ് സംശയിക്കുന്നത്.
ഇയാള്‍ക്കു വന്‍ കടബാധ്യതകള്‍ ഉണ്ടായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെ വൈഗയുടെ മൃതദേഹം ലഭിച്ചെങ്കിലും സനുവിനെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഇയാളും പുഴയില്‍ വീണിട്ടുണ്ടാകുമെന്നു കരുതി തെരച്ചില്‍ തുടരുകയായിരുന്നു. ഇതിനിടെയാണ് വാളയാര്‍ ചെക്പോസ്റ്റ് ഇയാളുടെ കാര്‍ കടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചത്. ഇതേതുടര്‍ന്ന് പുഴയിലെ തെരച്ചില്‍ ബുധനാഴ്ചയോടെ ഉച്ചയോടെ അവസാനിപ്പിച്ചു.
സനുവിനെ കണ്ടെത്താനായി പോലീസ് പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചിട്ടുണ്ട്. ഈ സംഘം ഉടന്‍ വാളയാര്‍ ചെക്പോസ്റ്റിലെത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കും. സനുവിനൊപ്പം കാറില്‍ മറ്റാരെങ്കിലുമുണ്ടായിരുന്നോ എന്ന കാര്യം പോലീസ് പരിശോധിക്കുന്നുണ്ട്. ഇതിനു ശേഷമാകും സംഘം അന്വേഷണത്തിനായി തമിഴ്നാട്ടിലേക്ക് പോകുക.
സനു മുമ്പ് പൂനെയില്‍ ജോലി ചെയ്തിരുന്നപ്പോള്‍ ഇയാള്‍ക്കെതിരേ ഒരു ചെക്ക് കേസുണ്ടായിരുന്നു. ഇതുസംബന്ധിച്ചും അന്വേഷണം നടത്തും. കൂടാതെ ഇയാളുടെ ബാങ്ക് ഇടപാടുകളും കഴിഞ്ഞ ഒരുമാസത്തെ ഫോണ്‍ വിവരങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.
സനുവിന്റെ സാമ്പത്തിക പ്രശ്നങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിന് ബന്ധുക്കളെ ചോദ്യം ചെയ്യേണ്ടതുണ്ട്. ഇതിനായി അന്വേഷണ സംഘം ഇന്ന് ആലുപ്പുഴയിലെത്തി ഭാര്യയെയും ബന്ധുക്കളെയും കാണും. ഇവരില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.