കോട്ടയം: കോട്ടയത്ത് നഗരമധ്യത്തില്‍ മാധ്യമപ്രവര്‍ത്തകനെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച കേസില്‍ ദിവസങ്ങള്‍ പിന്നിട്ടിട്ടും നടപടിയായില്ല. ജില്ലാ പോലീസ് മേധാവി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയെങ്കിലും പ്രതിയെ കണ്ടെത്തുന്നതിനോ നടപടിയെടുക്കുന്നതിനോ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല. കഴിഞ്ഞ 24ന് രാത്രി പതിനൊന്നോടെയാണ് ജനയുഗം സബ് എഡിറ്റര്‍ സദു പ്രകാശിന് നേരെ ഓട്ടോ ഡ്രൈവറുടെ കൈയ്യേറ്റ ശ്രമമുണ്ടായത്.
ഔദ്യോഗിക ആവശ്യത്തിനായി തിരുവനന്തപുരം പോയി മടങ്ങവെയാണ് സംഭവം. കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ വന്നിറങ്ങിയ സദു തന്റെ ഇരുചക്രവാഹനം ഇരിക്കുന്ന കോട്ടയം റെയില്‍വെ സ്‌റ്റേഷന്‍ വരെ പോകുന്നതിനായാണ് ഓട്ടോ ഡ്രൈവറെ സമീപിച്ചത്. ഓട്ടോ റിക്ഷയില്‍ കയറുന്നതിന് മുമ്പ് അദ്ദേഹം ഡ്രൈവറോട് നിരക്ക് എത്രയാണെന്ന് ചോദിച്ചു. നൂറു രൂപയാകുമെന്നായിരിന്നു ഡ്രൈവറുടെ മറുപടി. വെറും ഒന്നര കിലോ മീറ്റര്‍ മാത്രം ദൂരമുള്ള റെയില്‍വെ സ്‌റ്റേഷനിലേക്ക് ഇത്രയും ചാര്‍ജ് ആകുമോയെന്ന് ചോദിച്ച മാധ്യമപ്രവര്‍ത്തകനെ ഡ്രൈവര്‍അസഭ്യം പറയുകയും കൈയ്യേറ്റത്തിന് ശ്രമിക്കുകയുമായിരിന്നു.
തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകന്‍ കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് രേഖാമൂലം പരാതി നല്‍കി. സംഭവം നടന്ന് നാലു ദിവസം പിന്നിടുമ്പോഴും കേസില്‍ യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. സംഭവത്തില്‍ കോട്ടയം പ്രസ്‌ക്ലബും ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിരിന്നു. അന്വേഷണത്തിന്റെ ഭാഗമായി ഒരു തവണ മാത്രമാണ് പോലീസ് മാധ്യമപ്രവര്‍ത്തകനെ ബന്ധപ്പെട്ടിരിക്കുന്നത്.
സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ പ്രതിയെ അനായാസം പിടികൂടാന്‍ കഴിയുമെന്നിരിക്കെയാണ് പോലീസിന്റെ ഭാഗത്ത് നിന്നുള്ള ഈ നിസംഗത. പോലീസ് നടപടി വൈകുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.