മോന്‍സണ്‍ മാവുങ്കലിന് ഇടക്കാല ജാമ്യം; കാരണമിതാണ്

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലിന് മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഹൈകോടതിയുടെ ഇടക്കാല ജാമ്യം അനുവദിച്ചു. വ്യാഴാഴ്ച നടക്കുന്ന മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് പോക്സോ കേസിലും പ്രതിയായ മോന്‍സണിന് ജസ്റ്റിസ് പി. ഗോപിനാഥ്, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ഒരാഴ്ചത്തെ ഇടക്കാല ജാമ്യം അനുവദിച്ചത്.

2021 സെപ്റ്റംബര്‍ 25 മുതല്‍ കസ്റ്റഡിയില്‍ കഴിയുന്ന പ്രതിയുടെ ഭാര്യ കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ മരണപ്പെട്ടതുകൂടി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. ഒരു ലക്ഷം രൂപയുടെ സ്വന്തവും സമാന തുകക്കുള്ള രണ്ടുപേരുടെയും ആള്‍ജാമ്യത്തിന്റെ അടിസ്ഥാനത്തിലുമാണ് ജാമ്യം. സംസ്ഥാനം വിട്ടുപോകരുതെന്നും 11ന് ചേര്‍ത്തല പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്നും ഉത്തരവിലുണ്ട്.

ജീവനക്കാരിയുടെ മകളെ പീഡിപ്പിച്ചതിനാണ് മോന്‍സണിനെതിരെ പോക്‌സോ കേസ് നിലവിലുള്ളത്. ഇടക്കാല ജാമ്യം ഒരു കാരണവശാലും നീട്ടി നല്‍കില്ലെന്നും വിയ്യൂര്‍ ജയിലില്‍ 14ന് വൈകീട്ട് അഞ്ചിനുമുമ്പ് റിപ്പോര്‍ട്ട് ചെയ്യണമെന്നും കോടതി നിര്‍ദേശിച്ചു. തുടര്‍ന്ന് ഹരജി വീണ്ടും 19ന് പരിഗണിക്കാന്‍ മാറ്റി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News