തിരുവനന്തപുരം ∙ മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയതിന് മുൻ എംഎൽഎ പി.സി.ജോർജിനെതിരെ കേസെടുത്തു. മ്യൂസിയം പോലീസാണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചതിന് ഐപിസി 509 പ്രകാരമാണ് കേസ് റജിസ്റ്റർ ചെയ്തത്. മൂന്നു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയത്. തൈക്കാട് ഗെസ്റ്റ് ഹൗസിനു മുന്നിലായിരുന്നു ജോർജിന്റെ വിവാദ പരാമർശം.
കേസിന് ആസ്പദമായ സംഭവം ഇങ്ങനെ:
നേരത്തെ, സ്വർണക്കടത്തുകേസിൽ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിൽ ചോദ്യംചെയ്യലിനു ഹാജരായ പി.സി.ജോർജിനെ സോളർ തട്ടിപ്പുകേസ് പ്രതിയുടെ പീഡന പരാതിയിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പൊലീസ് കസ്റ്റഡിയിലെടുത്തശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കുന്നതിനിടെ പി.സി.ജോർജ് പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതു ചോദ്യം ചെയ്തപ്പോഴാണ് മാധ്യമപ്രവർത്തകയ്‌ക്കെതിരെ വിവാദ പരാമർശം നടത്തിയത്.
പരാതിക്കാരിയുടെ പേരു പറയുന്നതു ശരിയാണോ എന്നു ചോദിച്ച കൈരളി ടിവിയിലെ വനിതാ റിപ്പോർട്ടറോട്, ‘എന്നാപ്പിന്നെ നിങ്ങളുടെ പേര് പറയാം’ എന്നായിരുന്നു ജോർജിന്റെ പ്രതികരണം. ‘ഇതു മര്യാദയല്ല’ എന്നു മാധ്യമപ്രവർത്തകർ പറഞ്ഞപ്പോൾ ‘മര്യാദയല്ലെങ്കിൽ മര്യാദകേട്, തീർന്നല്ലോ’ എന്നായിരുന്നു മറുപടി.
ജാമ്യം ലഭിച്ചു പുറത്തുവന്ന ശേഷം മാധ്യമപ്രവർത്തകയോടു ക്ഷോഭിച്ചതിനു ജോർജ് ക്ഷമാപണം അറിയിച്ചു. ‘‘നിരപരാധിയായ എന്നെ പൊലീസ് പിടിച്ചുകൊണ്ടുവന്നപ്പോഴുള്ള എന്റെ സങ്കടം പറയുമ്പോൾ ഒരു കൊച്ചനുജത്തിയോട് സ്നേഹമില്ലാതെ പെരുമാറി. ഈ കൊച്ചനുജത്തിയെപ്പോലെ കണ്ട പെൺകുട്ടിയാണ് എനിക്കെതിരെ കേസ് കൊടുത്തത്.’’