തിരുവനന്തപുരം: നര്‍ത്തകനും നടനുമായ ഡോ. ആര്‍.എല്‍.വി. രാമകൃഷ്ണനെ അപമാനിച്ചെന്ന പരാതിയില്‍ നര്‍ത്തകി സത്യഭാമയ്ക്കെതിരെ കേസ്. എസ്.സി./ എസ്.ടി. പീഡന നിരോധന നിയമം ഉള്‍പ്പെടുത്തിയാണ് കേസ്. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസാണ് കേസെടുത്തത്. ചാലക്കുടി പോലീസിന് നല്‍കിയ പരാതി തിരുവനന്തപുരത്തേക്ക് കൈമാറുകയായിരുന്നു.
ആര്‍.എല്‍.വി. രാമകൃഷ്ണനെ സൂചിപ്പിച്ചുകൊണ്ടായിരുന്നു സത്യഭാമ അധിക്ഷേപ പരാമര്‍ശം നടത്തിയത്. നര്‍ത്തകന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടത്തിന് കൊള്ളില്ലെന്നുമായിരുന്നു ഒരു യൂട്യൂബ് ചാനല്‍ അഭിമുഖത്തില്‍ സത്യഭാമ പറഞ്ഞത്. രാമകൃഷ്ണന്റെ പേര് പരാമര്‍ശിച്ചില്ലെങ്കിലും ഇയാള്‍ ചാലക്കുടിക്കാരനായ നര്‍ത്തകനാണെന്നും സംഗീത നാടക അക്കാദമിയുമായി ഇയാള്‍ക്ക് പ്രശ്‌നമുണ്ടായിരുന്നുവെന്നും സത്യഭാമ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
സത്യഭാമയുടെ പരാമര്‍ശങ്ങള്‍ക്ക് പ്രതികരണവുമായി രാമകൃഷ്ണന്‍ തന്നെ രംഗത്ത് വന്നതോടെയാണ് വിഷയം വലിയ ചര്‍ച്ചയായത്. അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ സഹോദരന്‍ കൂടിയാണ് ആര്‍.എല്‍.വി. രാമകൃഷ്ണന്‍. ഇങ്ങനെയുള്ള വ്യക്തികള്‍ കാരണം ഒരു പട്ടികജാതി കലാകാരന് നൃത്തരംഗത്ത് പിടിച്ചുനില്‍ക്കാന്‍ പറ്റാത്ത സാഹചര്യമാണ് ഇന്നുള്ളതെന്നും സത്യഭാമയെ നിയമത്തിനുമുന്നില്‍ കൊണ്ടുവരുമെന്നും രാമകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു.