കൊച്ചി:വെറും മൂന്ന് സിനിമകൾ മാത്രം സംവിധാനം ചെയ്ത് സിനിമാ പ്രേമികളുടെ പ്രിയങ്കരനായി മാറിയ പ്രതിഭയാണ് ബേസിൽ ജോസഫ്. ബേസിൽ ഇതുവരെ സംവിധാനം ചെയ്ത മൂന്ന് സിനിമകളും ഹിറ്റായിരുന്നു. ഇപ്പോൾ സംവിധാനത്തിന് പുറമെ നായകനായും സഹനടനായും ബേസിൽ അഭിനയിക്കുന്നുണ്ട്.
സംവിധായകനായും നടനായും ബേസിൽ പൊളിയാണെന്നത് അദ്ദേഹത്തിന്റെ സിനിമകളിൽ നിന്ന് തന്നെ വ്യക്തമാണ്. നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്റെ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ച ശേഷമാണ് ബേസിൽ സ്വന്തമായി സിനിമകൾ സംവിധാനം ചെയ്ത് തുടങ്ങിയത്.
പ്രിയംവദ കാതരയാണോ, ഒരു തുണ്ട് പടം തുടങ്ങിയ ഷോർട്ട് ഫിലിമുകൾ സംവിധാനം ചെയ്ത് ശ്രദ്ധനേടിയ ശേഷമാണ് ബേസിൽ സംവിധാനത്തിലേക്ക് കടന്നത്. ബേസിലിന്റെ ഷോർട്ട് ഫിലിമുകളും യുട്യൂബിൽ ഹിറ്റാണ്.
ബേസിലിന്റെ സ്വതന്ത്ര സംവിധാനം ആരംഭിച്ചത് 2015ൽ പുറത്തിറങ്ങിയ കുഞ്ഞിരാമായണത്തിലൂടെയായിരുന്നു. ചിത്രത്തിൽ നായകൻ വിനീത് ശ്രീനിവാസനായിരുന്നു. സിനിമ വലിയ വിജയമായിരുന്നു. കുഞ്ഞിരാമായണ സിനിമയ്ക്ക് മാത്രം വലിയൊരു ഫാൻസുണ്ട് കേരളത്തിൽ.
കുഞ്ഞിരാമായണത്തിന് ശേഷം ടൊവിനോ തോമസിനെ നായകനാക്കി ഗോദയാണ് ബേസിൽ ജോസഫ് സംവിധാനം ചെയ്തത്. ഗോദയും വലിയ വിജയമായിരുന്നു. ഏറ്റവും അവസാനം ബേസിൽ സംവിധാനം ചെയ്ത് പ്രേക്ഷകരിലേക്ക് എത്തിയ സിനിമ സൂപ്പർ ഹീറോ സിനിമയായ മിന്നൽ മുരളിയായിരുന്നു.
നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്ത സിനിമ മലയാള സിനിമയ്ക്ക് തന്നെ മുതൽക്കൂട്ടാണ്. നടനായും തിളങ്ങുന്ന ബേസിലിന്റെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ സിനിമ ജയ ജയ ജയ ജയ ഹേയാണ്.
ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് പ്രമോഷൻ തിരക്കിലാണ് ബേസിൽ. ഇപ്പോഴിത സിനിമയുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിൽ തന്റെ ഭാര്യ എലിസബത്തിന്റെ സ്വഭാവത്തെ കുറിച്ച് വളരെ രസകരമായി വിവരിച്ച ബേസിലിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.
‘ജയ ജയ ജയ ജയ ഹേയിൽ ഒരു സീൻ ചെയ്യുന്നതിനിടെ എനിക്ക് അപകടം പറ്റി സ്റ്റിച്ച് ഇടേണ്ട അവസ്ഥ വരെ വന്നിരുന്നു. ചുണ്ടിലാണ് പരിക്ക് പറ്റിയത്. മൂന്ന് സ്റ്റിച്ച് ഇട്ടു.’
‘അപകടം പറ്റിയത് എന്റെ ഭാര്യ എലിസബത്തിനോട് പറഞ്ഞിരുന്നില്ല. സ്റ്റിച്ച് ഇട്ടിരിക്കുന്നത് കൊണ്ട് തണുത്തത് വല്ലതും കഴിക്കാനാണ് ഡോക്ടർ നിർദേശിച്ചത്. അതുകൊണ്ട് നിർമാതാവ് ഐസ്ക്രീം വാങ്ങാനായും എലിസബത്തിനോട് അപകടത്തെ കുറിച്ച് പറയാനുമായി പോയി.’
‘അവളോട് എങ്ങനെ ഇത് പറയുമെന്ന് ആലോചിച്ച് നിർമാതാവിന് ഭയങ്കര ടെൻഷൻ. അവസാനം രണ്ടും കൽപ്പിച്ച് അദ്ദേഹം എലിയോട് അപകടത്തെ കുറിച്ച് പറഞ്ഞു. ഉടൻ അവൾ ചോദിച്ചത് അപ്പോൾ കൺടിന്യൂവിറ്റിക്ക് എന്ത് ചെയ്യുമെന്നാണ്.’
‘അവളുടെ ചോദ്യം കേട്ട് നിർമാതാവ് വരെ ചമ്മിപ്പോയി. കൺടിന്യൂവിറ്റിയെ കുറിച്ചാണ് അവൾ ചോദിച്ചത് അല്ലാതെ എന്റെ ബേസിലിച്ചായൻ എന്നൊന്നും പറഞ്ഞ് അവൾ കരഞ്ഞില്ല.’
‘നിർമാതാവ് പോലും കൺടിന്യൂവിറ്റിയെ കുറിച്ച് ചിന്തിച്ചിരുന്നില്ല എലി പറയും വരെ’ ബേസിൽ പറഞ്ഞു. ബേസിൽ ജോസഫ്, ദർശന രാജേന്ദ്രൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കിയാണ് ജയ ജയ ജയ ജയ ഹേ ഒരുക്കിയിരിക്കുന്നത്. വിപിൻ ദാസാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ജാനേമൻ എന്ന സിനിമക്ക് ശേഷം ചിയേഴ്‌സ് എന്റർടൈൻമെന്റസ് നിർമ്മിക്കുന്ന ചിത്രമാണ് ജയ ജയ ജയ ജയ ഹേ. വിപിൻ ദാസും നാഷിദ് മുഹമ്മദ് ഫാമിയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ഒരു ഫാമിലി എന്റർടെയ്നർ ആയ ചിത്രത്തിൽ വലിയ താരനിര അണിനിരക്കുന്നുണ്ട്. ആനന്ദ് മൻമഥൻ, അസീസ്, സുധീർ പറവൂർ, നോബി മാർക്കോസ്, മഞ്ജു പിള്ള എന്നിവരാണ് സിനിമയിൽ മറ്റുള്ള പ്രധാന വേഷങ്ങളിൽ എത്തുന്നത്.