കൊച്ചി: എറണാകുളം അമ്പലമേട്ടിൽ കഞ്ചാവുമായി ഏഴുപേർ പിടിയിൽ. 15 കി.ഗ്രാം കഞ്ചാവുമായിട്ടാണ് ഏഴുപേർ പിടിയിലായത്. അമ്പലമേട് കുഴീക്കാട് ഭാഗത്തുള്ള ലോഡ്ജിൽ നടത്തിയ പരിശോധനയിലാണ് ഏഴംഗസംഘത്തെ പിടികൂടിയത്.
കൊച്ചി സിറ്റി ഡാൻസാഫും അമ്പലമേട് പൊലീസും ചേർന്നാണ് പരിശോധന നടത്തിയത്. ആലപ്പുഴ കായംകുളം സ്വദേശിനി ശിൽപശ്യാം(19), ആലപ്പുഴ മാവേലിക്കര സ്വദേശിനി മേഘ ചെറിയാൻ (21), ഓച്ചിറ മേപ്പനത്ത് കുമാർ ഭവനത്തിൽ ദിലീപ് എന്ന ബോക്സർ ദിലീപ് (27), ശാസ്താംകോട്ട മണ്ണൂർ അയ്യത്തുവീട്ടിൽ ഹരികൃഷ്ണൻ(26), കരുനാഗപ്പിളളി ശാസ്താംകോട്ട വലിയവിള പുത്തൻവീട്ടിൽ ശ്രീലാൽ (26), എറണാകുളം തിരുവാങ്കുളം മാമല കിഴക്കേടത്ത് വീട്ടിൽ അക്ഷയ് രാജ്(24), കൊല്ലം കരുനാഗപ്പിള്ളി തോട്ടുംമുഖം ജ്യോതിസ് ഭവനത്തിൽ ജ്യോതിസ്(22) എന്നിവരാണ് അറസ്റ്റിലായത്.
ഒഡിഷയിലെ ബാലൻഗീർ ജില്ലയിലുള്ള കഞ്ചാവ് മാഫിയയിൽനിന്ന് ഇടനിലക്കാരൻ വഴിയാണ് പ്രതികൾ കഞ്ചാവ് വാങ്ങുന്നതെന്ന് പൊലീസ് പറഞ്ഞു. തമിഴ്‌നാട്ടിൽനിന്ന് വരുന്ന ലോറികളിലാണ് ഇവർ കഞ്ചാവ് എറണാകുളത്ത് എത്തിക്കുന്നത്.
എറണാകുളത്തെ ഹൈവേകളിൽ ഒഴിഞ്ഞ പ്രദേശത്ത് വാഹനം നിറുത്തി ഏജന്റുമാർ എത്തി കഞ്ചാവ് ശേഖരിച്ച് കൊച്ചിയിലെ വിവിധ കേന്ദ്രങ്ങളിലേക്ക് എത്തിക്കും. തുടർന്ന് രണ്ട് കിലോഗ്രാം വരുന്ന പാക്കറ്റുകളാക്കിയാണ് വിതരണം ചെയുന്നത്. ആലപ്പുഴ ജില്ലയിലെ മാവേലിക്കര, കായംകുളം, കൊല്ലം ജില്ലയിലെ കരുനാഗപ്പിള്ളി, ശാസ്താംകോട്ട എന്നീ സ്ഥലങ്ങളിലേക്ക് കഞ്ചാവെത്തിക്കുന്ന സംഘമാണിവരെന്നും പൊലീസ് പറഞ്ഞു.