കൊച്ചി:കിഴക്കമ്പലം- കിറ്റെക്സില്‍ സംസ്ഥാന ഭൂഗര്‍ഭ ജല അതോറിറ്റി പരിശോധന നടത്തി.അതോറിറ്റിയുടെ കാക്കനാട് ഉള്ള ഉദ്യോഗസ്ഥരാണ് പരിശോധനയ്ക്ക് എത്തിയത്.
ജില്ലാ വികസന സമിതി യോഗത്തില്‍ പി ടി തോമസ് എം എല്‍ എ പരാതി ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധനയെന്ന് ഉദ്യോഗസ്ഥര്‍ കിറ്റെക്സ് മാനേജ്മെന്റിനെ അറിയിച്ചു.
വ്യവസായ ശാലകളില്‍ ഇനി മുതല്‍ മിന്നല്‍ പരിശോധനയുണ്ടാവുകയില്ലെന്ന് രണ്ടാഴ്ച മുന്‍പ് വ്യവസായ മന്ത്രി പ്രഖ്യാപിച്ചിരുന്നു. സംസ്ഥാന തലത്തില്‍ ഒരു ഉന്നത ഉദ്യോഗസ്ഥ സംഘം വ്യത്യസ്ത വകുപ്പുകളുടെ പരിശോധന ഏകജാലകത്തിലൂടെ ഏകോപിപ്പിക്കുമെന്നുമായിരുന്നു വ്യവസായ മന്ത്രിയുടെ പ്രഖ്യാപനം. എന്നാല്‍ സംസ്ഥാന ജല വിഭവ വകുപ്പിന്റെ കീഴിലുള്ള ഭൂഗര്‍ഭ ജല അതോറിറ്റിയാണ് കിറ്റെക്‌സില്‍ മിന്നല്‍ പരിശോധന നടത്തിയത്. സര്‍ക്കാരും മന്ത്രിമാരും എന്തെല്ലാം വാഗ്ദാനങ്ങള്‍ പ്രഖ്യാപിച്ചാലു ഇതൊന്നും നടപ്പിലാകുകയില്ല എന്നതിന്റെ അവസാന ഉദാഹരണമാണ് ഈ പരിശോധന.
നേരത്തെ ഒരു മാസത്തിനുള്ളില്‍ വിവിധ സര്‍ക്കാര്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ 11 പരിശോധനകളാണ് കിറ്റെക്സില്‍ നടത്തിയത്. തുടര്‍ന്നാണ് പരിശോധന പീഡനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ഉദ്യേശിച്ചിരുന്ന 3500 കോടിയുടെ നിക്ഷേപ പദ്ധതി കിറ്റെക്സ് ഉപേക്ഷിച്ചത്.
ഇത് സംസ്ഥാന തലത്തില്‍ മാത്രമല്ല ദേശീയതലത്തില്‍ തന്നെ ചര്‍ച്ചയാവുകയും ചെയ്തു. തെലങ്കാന,മദ്ധ്യപ്രദേശ് ,ആന്ധ്ര, കര്‍ണ്ണാടക, തമിഴനാട് ഉള്‍പ്പടെ 9 സംസ്ഥാനങ്ങള്‍ നിക്ഷേപം ആകര്‍ഷിച്ച് രംഗത്തുവരുകയുമുണ്ടായി .ശ്രീലങ്ക, ബംഗ്ളാദേശ് എന്നീ രാജ്യങ്ങളും കിറ്റെക്സിനെ സമീപിച്ചിട്ടുണ്ട്.