കൊച്ചി:ഇന്ത്യ തദ്ദേശീയമായി നിർമിക്കുന്ന ആദ്യത്തെ വിമാന വാഹിനി കപ്പലായ ‘വിക്രാന്ത്’ കടൽ പരീക്ഷണം പൂർത്തിയാക്കി കൊച്ചിയിൽ തിരിച്ചെത്തി. അറബിക്കടലിൽ അഞ്ചു ദിവസത്തെ യാത്ര വിജയകരമായി പൂർത്തിയാക്കിയാണ് കപ്പൽ ഞായറാഴ്ച മടങ്ങിയെത്തിയത്. ഇതോടെ നിർമാണത്തിലെ നിർണായക ഘട്ടമാണ് പിന്നിട്ടിരിക്കുന്നത്. ഇന്ത്യൻ നാവികസേനയുടെ ഡയറക്ടറേറ്റ് ഓഫ് നേവൽ ഡിസൈൻ രൂപകല്പന ചെയ്ത വിക്രാന്തിന്റെ നിർമാണം കൊച്ചി കപ്പൽശാലയിലായിരുന്നു.
രാജ്യത്ത് ഇതുവരെ നിർമിച്ചിട്ടുള്ളതിൽ ഏറ്റവും വലിയ കപ്പലായ വിക്രാന്തിന് 262 മീറ്റർ നീളവും 62 മീറ്റർ വീതിയുമുണ്ട്. 15 ഡക്കുകളിലായി 2300 കമ്പാർട്ട്മെന്റുകളുള്ള കപ്പലിനു മണിക്കൂറിൽ 28 നോട്ടിക്കൽ മൈൽ വേഗത്തിൽ സഞ്ചരിക്കാം.രണ്ടു റൺവേകളും 18 മൈൽ ക്രൂയിസിങ് വേഗവുമുള്ള വിക്രാന്തിന് 7500 മൈൽ ദൂരം പോകാനുള്ള ശേഷിയുമുണ്ട്.
പൂർണമായും പ്രവർത്തന സജ്ജമാകുന്നതോടെ 20 ഫൈറ്റർ ജെറ്റുകളും 10 ഹെലികോപ്റ്ററുകളും അടക്കം 30 എയർക്രാഫ്റ്റുകൾ വഹിക്കാൻ ശേഷിയുള്ള കപ്പലിന് 1700-ലേറെ നാവികരേയും ഉൾക്കൊള്ളാനാകും. 2009-ൽ നിർമാണ ജോലികൾ തുടങ്ങിയ കപ്പൽ 2013-ലാണ് ഔദ്യോഗിക ലോഞ്ചിങ് നടത്തിയത്. 2020 നവംബറിൽ ബേസിൻ ട്രയൽ നടത്തിയ ശേഷമാണ് ഇപ്പോൾ സീ ട്രയൽ നടത്തിയത്