കണ്ണൂർ: തെരുവ് നായകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട നിഹാലിന്റെ ഇൻക്വസ്റ്റ് റിപ്പോർട്ട് പുറത്തുവന്നു. കുട്ടിയുടെ ശരീരമാസകലം നായകൾ കടിച്ചതിന്റെ മുറിവകളുണ്ടെന്നാണ് റിപ്പോർട്ടിൽ നിന്ന് വ്യക്തമാകുന്നത്. നിഹാലിന്റെ കഴുത്തിലും മുഖത്തും ചെവിക്ക് പിന്നിലും ആഴത്തിലുള്ള മുറിവുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഞായറാഴ്ച രാത്രിയാണ് മുഴപ്പിലങ്ങാട് കെട്ടിനകത്ത് ദാറുൽ റഹ്‌മയിൽ നിഹാൽ നൗഷാദിനെ (11) ആൾതാമസമില്ലാത്ത വീടിന്റെ ഗേറ്റിന് സമീപത്ത് നിന്ന് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഒന്നിലധികം നായകൾ കുട്ടിയെ ആക്രമിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടിൽ നിന്ന് മനസ്സിലാകുന്നത്. കുട്ടിയുടെ ഇടത് കാലിന് സാരമായ രീതിയിൽ പരിക്കേറ്റിട്ടുണ്ട്. പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. നിഹാലിന്റെ പിതാവ് ബഹ്‌റൈനിൽ നിന്ന് വൈകുന്നേരത്തോടെയേ എത്തിച്ചേരൂ.
പ്രദേശത്തെ ജനപ്രതിനിധികളടക്കം സ്ഥലത്തെത്തിയിട്ടുണ്ട്. തെരുവുനായകളുടെ ശല്യം പ്രദേശത്ത് വ്യാപകമാണെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. അൽസമയത്തിനകം പഞ്ചായത്ത് ഓഫീസ് ഉപരോധിക്കുന്നതടക്കമുള്ള പ്രതിഷേധങ്ങളിലേക്ക് രാഷ്ട്രീയ പാർട്ടികൾ കടന്നേക്കുമെന്നാണ് വിവരം.
കാണാതായ കുട്ടിക്കുവേണ്ടി ഞായറാഴ്ച വൈകിട്ടുമുതൽ നാട്ടുകാർ തിരച്ചിൽ തുടങ്ങിയിരുന്നു. സാമൂഹികമാധ്യമങ്ങളിലൂടെയും വിവരം പ്രചരിപ്പിച്ചു. നായകളുടെ ശബ്ദം കേട്ടതായും നാട്ടുകാർ പറയുന്നു. എന്നാൽ, കുഞ്ഞിനെ ആക്രമിക്കുന്നതാണെന്ന് അറിഞ്ഞിരുന്നില്ല. സംസാരശേഷിയില്ലാത്ത കുഞ്ഞിന്റെ കരച്ചിലും ആരും കേട്ടില്ല. സംശയം തോന്നിയ ചിലരാണ് ആളൊഴിഞ്ഞ വീട്ടുപരിസരത്ത് പരിശോധിച്ചത്. കുട്ടിയെ കണ്ടെത്താൻ എടക്കാട് പോലീസും പരിശോധനയ്ക്കിറങ്ങിയിരുന്നു.