അഹമ്മദാബാദ്: ഗര്‍ഭിണിയായിരിക്കെ ലൈംഗികാവയവത്തിൽ അണുബാധയുണ്ടായ യുവതിയെ മുത്തലാഖ് ചൊല്ലിയതായി പരാതി. അഹമ്മദാബാദിലെ ഖേദയിലുള്ള 24കാരിയായ പെണ്‍കുട്ടിയാണ് ഭര്‍ത്താവിനെതിരെ പൊലീസില്‍ പരാതിയുമായി എത്തിയിരിക്കുന്നത്. ഒക്ടോബര്‍ 31നാണ് ഷബാന സയ്യിദ് എന്ന യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചത്.
ആര്‍ട്സ് ബിരുദധാരിയായ ഷബാനയുടെ വിവാഹം സിദ്ദിഖ് അലി സയ്യിദ് 2019 മെയ് 2നാണ് നടന്നത്. രക്ഷിതാക്കളുടെ ആഗ്രഹപ്രകാരമായിരുന്നു വിവാഹമെന്നാണ് യുവതി പരാതിയില്‍ വിശദമാക്കുന്നതെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിവാഹത്തിന് പിന്നാലെ ഭര്‍ത്താവ് നിസാര സംഭവങ്ങള്‍ക്ക് പോലും കലഹമുണ്ടാക്കി തുടങ്ങി. ജൂലൈ മാസമാണ് ഷബാന ഗര്‍ഭിണിയായെന്ന് മനസിലാക്കുന്നത്.
അണുബാധയുണ്ടാവരുതെന്ന ഡോക്ടറുടെ നിര്‍ദ്ദേശം പാലിക്കാന്‍ വീട്ടിലെ കലഹത്തിനിടയില്‍ സാധിച്ചില്ലെന്ന് യുവതി പറയുന്നു. അണുബാധയുണ്ടെന്ന് ഭര്‍ത്താവിനെ അറിയിച്ചിട്ടും ആശുപത്രിയില്‍ കൊണ്ടുപോകാന്‍ തയ്യാറായില്ലെന്നും യുവതി ആരോപിക്കുന്നു. ഒക്ടോബര്‍ പകുതിയോടെ ഷബാനയ്ക്ക് അണുബാധ രൂക്ഷമായി അവശ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയിലാക്കി പോയ ഭര്‍ത്താവ് തിരികെ വന്നില്ല. ഇതോടെ ഷബാനയുടെ വീട്ടുകാര്‍ വീട്ടിലേക്ക് കൊണ്ടുപോയി.
വീട്ടിലും ചികിത്സ തുടരുന്നതിനിടെ ഒക്ടോബര്‍ 27ന് ഭാര്യ വീട്ടിലെത്തിയ സിദ്ദിഖ് മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാന്‍ ഒന്നര ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടു. ഷബാനയ്ക്കുണ്ടായ യോനിയിലെ അണുബാധയാണ് വീണ്ടും വിവാഹം കഴിക്കുന്നതിന് കാരണമായി സിദ്ദിഖ് പറഞ്ഞത്. ഉറങ്ങിക്കിടക്കുകയായിരുന്ന ഷബാനയുടെ രക്ഷിതാക്കള്‍ നോക്കി നിക്കെ മുത്തലാഖ് ചൊല്ലി പോവുകയായിരുന്നു. ഉണക്കമുണര്‍ന്ന ഷബാനയോട് വീട്ടുകാര്‍ വിവരം പറഞ്ഞതോടെ യുവതി പൊലീസില്‍ പരാതിപ്പെടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.