ന്യൂഡല്‍ഹി: ജാതി സെന്‍സസിനെ ഉപാധികളോടെ പിന്തുണച്ച് രാഷ്ട്രീയസ്വയം സേവകസംഘം. ശാസ്ത്രീയമായ ഏത് നടപടികളേയും സ്വീകരിക്കുമെന്ന് വ്യക്തമാക്കിയ ആര്‍.എസ്.എസ്, തിരഞ്ഞെടുപ്പ് വിജയം മാത്രം മുന്നില്‍കണ്ട് ജാതി സെന്‍സസ് നടപ്പാക്കുന്നതിനെ എതിര്‍ത്തു. ഹിന്ദു സമൂഹത്തിലെ അസമത്വത്തെ അഭിസംബോധന ചെയ്യാനാവണം ജാതി സെന്‍സസെന്നും വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ ആര്‍.എസ്.എസ്. വ്യക്തമാക്കി.
ജാതി സെന്‍സസ് സമൂഹത്തിന്റെ ഉന്നമനത്തിനായി ഉപയോഗിക്കണം. ജാതി സെന്‍സസ് നടപ്പാക്കുമ്പോള്‍ സാമൂഹിക ഐക്യം തകരുന്നില്ലെന്ന് എല്ലാ പാര്‍ട്ടികളും ഉറപ്പാക്കണം. സമൂഹത്തിന്റെ മൊത്തത്തിലുള്ള ഉന്നമനമാകണം സെന്‍സസുകൊണ്ട് ലക്ഷ്യമിടുന്നതെന്നും ആര്‍.എസ്.എസ്. അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ അംബേദ്കര്‍ എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
സമൂഹിക അസമത്വം കൂട്ടാനേ വഴിവെക്കൂ എന്ന് പറഞ്ഞ ആര്‍.എസ്.എസ്. വിദര്‍ഭ യൂണിറ്റ് അധ്യക്ഷന്‍ ശ്രീധര്‍ ഖാഡ്‌ഗെ, ജാതി സെന്‍സസിനെ ആര്‍.എസ്.എസ്. എതിര്‍ക്കുന്നുവെന്ന് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ജാതിവിഭാഗങ്ങള്‍ക്കിടയില്‍ അസമത്വവും ശത്രുതയും തര്‍ക്കവും ഇല്ലാതാക്കാനാണ് ആര്‍.എസ്.എസ്. ലക്ഷ്യമിടുന്നത്. ജാതിസെന്‍സസിന്റെ നേട്ടങ്ങളെക്കുറിച്ച് വിശദീകരിക്കാന്‍ ഏതെങ്കിലും സര്‍ക്കാര്‍ മുന്നോട്ടുവന്നാല്‍ അവരോട് സംവാദത്തിന് തയ്യാറാണെന്നും ഖാഡ്ഗെ വ്യക്തമാക്കിയിരുന്നു.