ഇന്ദുജയുടെ മരണം: ഭര്‍ത്താവും സുഹൃത്തും അറസ്റ്റില്‍; ഇരുവരും ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്ന് പോലീസ്‌

തിരുവനന്തപുരം: നവവധുവിനെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവും സുഹൃത്തും അറസ്റ്റില്‍. പെരിങ്ങമ്മല ഇടിഞ്ഞാര്‍ ശശിധരന്‍ കാണി, ഷീജ ദമ്പതികളുടെ മകള്‍ ഇന്ദുജ (25) മരിച്ച കേസില്‍ ഭര്‍ത്താവ് അഭിജിത്ത്, ഇയാളുടെ സുഹൃത്ത് അജാസ് എന്നിവരാണ് അറസ്റ്റിലായത്. ഇരുവരെയും നേരത്തേ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അഭിജിത്ത് ഒന്നാം പ്രതിയും അജാസ് രണ്ടാം പ്രതിയുമാണ്.

ഇരുവരും ചേര്‍ന്ന് ഇന്ദുജയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഇന്ദുജ മരിക്കുന്നതിന് മുന്‍പ് അവസാനമായി വിളിച്ചത് അജാസിനെയാണ്. ഇന്ദുജയെ ഒഴിവാക്കാന്‍ ഭര്‍ത്താവ് അഭിജിത്ത് ശ്രമിച്ചിരുന്നതായി പൊലീസിനു വിവരം ലഭിച്ചു. ഇതിനു സുഹൃത്തായ അജാസിന്റെ സഹായവും തേടിയെന്നാണ് പൊലീസ് കണ്ടെത്തല്‍.

അജാസ് ഇന്ദുജയെ മര്‍ദിച്ചെന്ന് അഭിജിത്ത് പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്. ഇന്ദുജയെ മരിച്ച നിലയില്‍ കണ്ടെത്തുന്നതിനു രണ്ടു ദിവസം മുന്‍പാണ് അജാസ് മര്‍ദിച്ചത്. കാറില്‍വച്ചായിരുന്നു മര്‍ദനം. അജാസും അഭിജിത്തും കുട്ടിക്കാലം മുതല്‍ സുഹൃത്തുക്കളാണ്.

അഭിജിത്തിനെതിരെ ഗാര്‍ഹിക പീഡനത്തിനും ആത്മഹത്യാ പ്രേരണാക്കുറ്റത്തിനുമാണ് കേസെടുത്തിരിക്കുന്നത്. അജാസിനെതിരെ ഈ രണ്ടു കുറ്റങ്ങള്‍ക്കു പുറമെ പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തിനെതിരെയുള്ള അതിക്രമത്തിനും കേസെടുത്തിട്ടുണ്ട്. ഇരുവരെയും കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങിയശേഷമാകും കൂടുതല്‍ തെളിവെടുപ്പ്.

നന്ദിയോട് ഇളവട്ടത്തെ ഭര്‍തൃഗൃഹത്തിലാണ് ഇന്ദുജയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളി ഉച്ചയ്ക്ക് ഒന്നരയോടെ വീട്ടില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയപ്പോഴാണ് തൂങ്ങിയ നിലയില്‍ ഇന്ദുജയെ കണ്ടതെന്ന് അഭിജിത്ത് പൊലീസിനോട് പറഞ്ഞു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നും മൊഴിയിലുണ്ട്. അഭിജിത്തിന്റെ അമ്മ പൈങ്കിളിയും ഈ സമയം വീട്ടിലുണ്ടായിരുന്നില്ല.

പ്രണയത്തിലായിരുന്ന ഇന്ദുജയും അഭിജിത്തും 4 മാസം മുന്‍പ് ആണ് ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചത്. അഭിജിത്തിന്റെ വീടിന് സമീപത്തെ ക്ഷേത്രത്തില്‍ വച്ച് വിവാഹിതരായതിന് ശേഷം മകളെ കാണാന്‍ അനുവദിച്ചില്ലെന്നും പൊലീസില്‍ പരാതി നല്‍കിയ ശേഷം ഒരുവട്ടം കണ്ടെന്നുമാണ് ഇന്ദുജയുടെ കുടുംബത്തിന്റെ പരാതി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News