കൊച്ചി: എസ്എഫ്ഐ നിരോധിക്കണമെന്ന് പാര്‍ലമെന്‍റില്‍ ആവശ്യപ്പെട്ട എറണാകുളം എംപി ഹൈബി ഈഡനെതിരെ പ്രതിഷേധവുമായി എസ്എഫ്ഐ. ‘ഇന്ദിരയ്ക്ക് കഴിഞ്ഞിട്ടില്ല പിന്നല്ലേ ഈഡന്’ എന്നെഴുതിയ ബാനര്‍ ആണ് ഇടത് അണികള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നത്.
എറണാകുളം മഹാരാജാസ് കോളേജിന് മുന്നില്‍ എസ്എഫ്ഐ ഉയര്‍ത്തിയ പോസ്റ്ററാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. എസ്എഫ്ഐയെ ഭീകര സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തി നിരോധിക്കണമെന്ന് ഹൈബി ഈഡൻ ലോക്സഭയിൽ ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെയാണ് പ്രതിഷേധം.
വിദ്യാർത്ഥി സംഘടനയായ എസ് എഫ് ഐ നിരോധിക്കണമെന്ന ആവശ്യമാണ് ഹൈബി ഈഡൻ എം പി പാർലമെന്‍റിൽ കഴിഞ്ഞ ആഴ്ച ഉന്നയിച്ചത്. തിരുവനന്തപുരം ലോ കോളജിൽ വിദ്യാർത്ഥിനിയെ മർദ്ദിച്ച സംഭവം ചൂണ്ടിക്കാട്ടിയാണ് ഹൈബി ഈഡൻ പാർലമെന്‍റിൽ വിഷയം അവതരിപ്പിച്ചത്.
ശൂന്യ വേളയിലായിരുന്നു ഹൈബി ഇത് ഉന്നയിച്ചത്. കേന്ദ്ര നിയമ മന്ത്രി കിരൺ റിജിജുവിനോടായിരുന്നു ഹൈബി ലോ കോളേജ് വിഷയം ഉന്നയിച്ച് നിരോധന ആവശ്യം ഉന്നയിച്ചത്. ക്രമസമാധാനം സംബന്ധിച്ച വിഷയം സംസ്ഥാന സർക്കാരിന്‍റെ അധികാര പരിധിയിൽ വരുന്നതാണെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ മറുപടി.
അതുകൊണ്ടുതന്നെ ഇത് കേരള ചീഫ് സെക്രട്ടറിക്ക് കൈമാറിയതായും നിയമമന്ത്രി കിരൺ റിജിജു വ്യക്തമാക്കി. ചീഫ് സെക്രട്ടറിയോടും ബാർ കൗൺസിൽ ഓഫ് ഇന്ത്യയോടും വിഷയം പരിശോധിച്ച് നടപടി എടുക്കാൻ നിർദ്ദേശിച്ചതായും നിയമമന്ത്രി അറിയിച്ചു.
ഇക്കഴിഞ്ഞ മാർച്ച് മാസത്തിൽ ലോ കോളേജിൽ നടന്ന സംഘർഷമാണ് പാർലമെന്‍റിൽ ഹൈബി വിഷയമാക്കിയത്. കോളേജ് യൂണിയന്‍ ഉദ്ഘാടനത്തിനിടെയുണ്ടായ വാക്ക് തര്‍ക്കം പിന്നീട് സംഘഷത്തിന് വഴിവയ്ക്കുകയായിരുന്നു. കോളേജ് യൂണിയന്‍ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് യൂണിയൻ ഉദ്ഘാടന ദിനത്തിലും തുടർന്നത്.
എസ് എഫ് ഐ – കെ എസ് യു പ്രവര്‍ത്തകര്‍ കോളേജിൽ ഏറ്റുമുട്ടിപ്പോൾ കെ എസ് യു യൂണിറ്റ് പ്രസിഡന്‍റ് സഫ്ന അടക്കം രണ്ട് പേര്‍ക്ക് കാര്യമായി പരിക്കേറ്റു. സഫ്നയെ എസ് എഫ് ഐ പ്രവർത്തകർ വലിച്ചിഴച്ച് മർദ്ദിക്കുന്ന നിലയിലേക്ക് കാര്യങ്ങൾ കടന്നതോടെ സംഭവം വലിയ തോതിൽ ചർച്ചയായി.
എസ് എഫ് ഐ പ്രവർത്തകർ കൂട്ടം ചേർന്ന് വലിച്ചിഴച്ചു ക്രൂരമായി മർദിച്ചെന്നും, പൊലീസ് നോക്കിനിന്നെന്നുമാണ് ആക്രമണത്തിനിരയായ സഫ്ന വിശദീകരിച്ചത്. എസ് എഫ് ഐക്കാരുടെ കൂട്ടം ചേർന്നുള്ള ആക്രമണം പെട്ടെന്നുള്ള പ്രകോപനത്തിൽ നിന്നല്ലെന്നും മുൻപും ഇത്തരം ആക്രമണങ്ങളുണ്ടായിട്ടുണ്ടെന്നും അവർ പറഞ്ഞു.