തിരുവനന്തപുരം: വാഹനനികുതി അടക്കാത്തതില്‍ കോഴിക്കോട്ട് ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ബസ്സ് കസ്റ്റഡിയില്‍ എടുത്ത സാഹചര്യത്തില്‍ പരിശോധന വ്യാപകമാക്കാന്‍ മോട്ടോര്‍വാഹനവകുപ്പ്. നികുതി ഒടുക്കാതെ ഇന്‍ഡിഗോയുടെ എത്ര വാഹനങ്ങള്‍ ഓടുന്നുണ്ട് എന്ന് പരിശോധിക്കും. വിമാനത്താവളത്തിനകത്ത് ഓടുന്ന വാഹനങ്ങള്‍ക്ക് റജിസ്‌ട്രേഷന്‍ വേണ്ട. എന്നാല്‍ ഇപ്പോള്‍ പിടികൂടിയ വണ്ടി നേരത്തെ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പക്ഷേ നികുതി അടച്ചിട്ടില്ല. ഇത്തരത്തില്‍ മറ്റ് എയര്‍ലൈന്‍സിന്റെ വാഹനങ്ങളും ഓടുന്നുണ്ടോ എന്നും പരിശോധിക്കും.
ആറു മാസത്തെ നികുതി കുടിശ്ശികയുള്ളതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇന്റിഗോ ബസ് വകുപ്പ് പിടിച്ചെടുത്തത്. കോഴിക്കോട് ജില്ലയിലെ ഫറോക്ക് ചുങ്കത്ത് അശോക് ലെയ്‌ലന്‍ഡ് ഷോറൂമില്‍ നിന്നാണ് വാഹനം കസ്റ്റഡിയിലെടുത്തത്. നികുതിയും പിഴയും അടച്ച ശേഷമേ ബസ് വിട്ടു നല്‍കൂ എന്ന് ആര്‍ടിഒ അധികൃതര്‍ അറിയിച്ചു. എയര്‍പോര്‍ട്ടിനുള്ളില്‍ യാത്രക്കാര്‍ക്ക് ആയി സര്‍വീസ് നടത്തുന്ന ബസാണ് കസ്റ്റഡിയിലെടുത്തത്. 40,000 രൂപയാണ് കമ്പനി നികുതിയായി അടയ്ക്കാനുള്ളത്. സര്‍വീസ് സെന്ററില്‍ നിന്നാണ് ബസ് കസ്റ്റഡിയിലെടുത്തത്.
ഇന്‍ഡിഗോ എയര്‍ലൈന്‍സ് ബസ് കസ്റ്റഡിയിലെടുത്ത സംഭവത്തെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും വിമര്‍ശിച്ചു. ഇന്‍ഡിഗോ ബസ് പിടിച്ചിട്ടത് അല്‍പത്തരമാണെന്നും എന്ത് പ്രതികാര നടപടിയും കൈക്കൊള്ളുമെന്നതിന് തെളിവാണെന്നും സുധാകരന്‍ പറഞ്ഞു. ഇന്‍ഡിഗോ ബസിനെതിരായ നടപടി മുണ്ടുടുത്ത മോദിയാണ് പിണറായി എന്ന പരാമര്‍ശത്തിന് അടിവരയിടുന്ന നടപടിയാണെന്നായിരുന്നു സതീശന്‍ പറഞ്ഞത്. മോദി ഭരണവും പിണറായി ഭരണവും തമ്മില്‍ എന്താണ് വത്യാസമെന്നും വിവാദങ്ങള്‍ ഉണ്ടാക്കുന്നത് സ്വര്‍ണക്കടത്ത് കേസില്‍ നിന്ന് ശ്രദ്ധ തിരിക്കാനെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു.
ഇനി ഒരിക്കലും താനോ കുടുംബമോ ഇന്‍ഡിഗോ വിമാനങ്ങളില്‍ കയറില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ വ്യക്തമാക്കിയതിന് പിന്നാലെ ഇന്‍ഡിഗോയുടെ ഫെയ്‌സ്ബുക്ക് പേജിന് താഴെ മലയാളം കമന്റുകളുടെ ബഹളമായിരുന്നു. ഇതോടെ ഉയരത്തില്‍ പറക്കുന്ന വിമാനത്തെ നോക്കി റെയില്‍വേ ട്രാക്കില്‍ നില്‍ക്കുന്ന പെണ്‍കുട്ടിയുടെ ചിത്രം പങ്കിട്ട് ഒരു വരി കുറിച്ചിരിക്കുകയാണ് കമ്പനി. ‘ലോകത്തിന് മുകളില്‍ ഉയരങ്ങളില്‍ പറക്കുന്നു.’ എന്നാണ് പോസ്റ്റ്.
ഇതു വിവാദങ്ങള്‍ക്കെതിരെയുള്ള പ്രതികരണമാണോ എന്ന ചോദ്യവുമായി ഒട്ടേറെ േപരാണ് എത്തുന്നത്. തിരുവനന്തപുരത്തുനിന്നു കണ്ണൂരിലേക്ക് ഇന്‍ഡിഗോ വിമാനം മാത്രമേ ഉള്ളൂവെന്നു ചൂണ്ടിക്കാട്ടിയപ്പോള്‍, നടന്നു പോയാലും അവരുടെ വിമാനങ്ങളില്‍ കയറില്ലെന്നായിരുന്നു ജയരാജന്റെ നിലപാട്.
യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ ഇന്‍ഡിഗോ വിമാന കമ്പനിയുടെ തീരുമാനം പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് ഇ.പി.ജയരാജന്‍ കത്തയച്ചു. ഇന്‍ഡിഗോയുടെ നിരോധനം തെറ്റാണ്, തിരുത്തണം. കോണ്‍ഗ്രസ് എംപിമാര്‍ കത്തയച്ചിട്ടാണ് തനിക്കെതിരെ നടപടിയെടുത്തത്. തന്റെ നടപടികൊണ്ട് വിമാനക്കമ്പനിക്കു ഗുണമാണുണ്ടായത്. തനിക്കെതിരെ ട്രോളുണ്ടാക്കുന്നവര്‍ ഭ്രാന്തന്മാരാണെന്നും ജയരാജന്‍ പറഞ്ഞു.