ന്യൂഡൽഹി: രാജ്യത്ത് ഒരു സ്ത്രീക്ക് ജനിക്കുന്ന കുട്ടികളുടെ ശരാശരി എണ്ണം (ടിഎഫ്ആർ- ടോട്ടൽ ഫെർട്ടാലിറ്റി റേറ്റ്) രണ്ടായി കുറഞ്ഞു. നേരത്തെ 2.2 ശതമാനമായിരുന്നു രാജ്യത്തെ പ്രത്യുൽപ്പാദന നിരക്ക്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട 2019-2021 വർഷത്തെ ദേശീയ കുടുംബാരോഗ്യ സർവേയിലാണ് പ്രത്യുൽപാദന നിരക്ക് വീണ്ടും കുറയുന്നതായി പറയുന്നത്.
ദേശീയ കുടുംബ ആരോഗ്യ സർവ്വേയുടെ രണ്ടാംഘട്ടത്തിന്റെ ഭാഗമായി 14 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും നടത്തിയ സർവ്വേയുടെ കണക്കുകളാണ് കേന്ദ്രം പുറത്തുവിട്ടത്. ഏറ്റവും കുറവ് പ്രത്യുൽപ്പാദന നിരക്ക് ഛണ്ഡിഗഢിലാണ്, 1.4 ശതമാനം. മധ്യപ്രദേശ്, രാജസ്ഥാൻ, ജാർഖണ്ഡ്, ഉത്തർപ്രദേശ് എന്നിവ ഒഴികെയുള്ള സംസ്ഥാനളിലെല്ലാം പ്രത്യുൽപ്പാദന നിരക്ക് 2.1 ശതമാനത്തിൽ കൂടുതലാണ്. ബിഹാറിലാണ് ഏറ്റവും കൂടുതൽ, മൂന്ന് ശതമാനം.
രാജ്യത്ത് ആദ്യമായി സ്ത്രീകളുടെ എണ്ണം പുരുഷൻമാരുടെ എണ്ണത്തെയും മറികടന്നു. 1000 പുരുഷൻമാർക്ക് 1020 സ്ത്രീകൾ എന്നതാണ് പുതിയ സ്ത്രീ-പുരുഷ അനുപാതം. പഞ്ചാബ് ഒഴികെയുള്ള സംസ്ഥാനങ്ങളിൽ ആളുകൾ കുടുംബാസൂത്രണ മാർഗം സ്വീകരിക്കുന്നത് വർധിച്ചതായും റിപ്പോർട്ടിൽ പറയുന്നു. സർവ്വേ നടത്തിയ സംസ്ഥാനങ്ങളിലെ 67 ശതമാനം ആളുകൾ ഇത്തരം മാർഗങ്ങൾ അവലംബിക്കുന്നു. നേരത്തെ ഇത് 54 ശതമാനമായിരുന്നു.
12-23 മാസം പ്രായമുള്ള കുട്ടികൾക്കുള്ള പ്രതിരോധന കുത്തിവെപ്പ് നിരക്ക് 76 ശതമാനമായും ഉയർന്നു. സർവ്വേ നടത്തിയ 14 സംസ്ഥാനങ്ങളിൽ 11 ഇടങ്ങളിലും 12-23 മാസം പ്രായമുള്ള നാലിൽ മൂന്ന് കുട്ടികളും പൂർണ പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചിട്ടുണ്ടെന്നാണ് ദേശീയ കുടുംബ ആരോഗ്യ സർവ്വേയിൽ വ്യക്തമാക്കുന്നത്.