ടൊറന്റോ സർവകലാശാലയ്ക്ക് സമീപം ഇന്ത്യൻ വിദ്യാർത്ഥി വെടിയേറ്റ് കൊല്ലപ്പെട്ടു

ടൊറന്റോ സർവകലാശാലയ്ക്ക് സമീപം ഇന്ത്യൻ വിദ്യാർത്ഥി വെടിയേറ്റ് കൊല്ലപ്പെട്ടു

ടൊറന്റോ: ടൊറന്റോ സർവകലാശാല സ്‌കാർബറോ കാമ്പസിന് സമീപമുണ്ടായ വെടിവെപ്പിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു. സംഭവം ഡിസംബർ 23നാണ് നടന്നതെന്നും അന്വേഷണം ആരംഭിച്ചതായും ടൊറന്റോ പോലീസ് പറഞ്ഞു. ഡോക്ടറൽ വിദ്യാർത്ഥിയായ ശിവങ്ക് അവസ്തി (20) ആണ് കൊല്ലപ്പെട്ടത്. ശിവങ്കിനെ വെടിയേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നും സംഭവ സ്ഥലത്തുവെച്ച് തന്നെ മരണം സംഭവിച്ചതായും പോലീസ് വ്യക്തമാക്കി. പോലീസ് എത്തുന്നതിന് മുമ്പ് പ്രതികൾ ഓടി രക്ഷപ്പെട്ടതായും അധികൃതർ പ്രസ്താവനയിൽ അറിയിച്ചു.

അന്വേഷണത്തിന്റെ ഭാഗമായി പോലീസ് പൊതുജനങ്ങളിൽനിന്ന് വിവരങ്ങൾ തേടിയിട്ടുണ്ട്. ‘കേസ് സംബന്ധിച്ച് വിവരങ്ങളുള്ള ആർക്കും 416-808-7400 എന്ന നമ്പറിൽ പോലീസുമായി ബന്ധപ്പെടുകയോ 416-222-TIPS (8477) എന്ന നമ്പറിലോ www.222tips.com വഴിയോ ക്രൈം സ്റ്റോപ്പേഴ്‌സുമായി പേര് വെളിപ്പെടുത്താതെ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്’ പോലീസിന്റെ പ്രസ്താവനയിൽ പറയുന്നു.

ഇന്ത്യൻ വിദ്യാർത്ഥിയുടെ മരണത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തുകയും കുടുംബത്തിന് സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തുകൊണ്ട് ടൊറന്റോയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ എക്‌സിലൂടെ പ്രസ്താവന പുറത്തിറക്കി.

‘ടൊറന്റോ യൂണിവേഴ്‌സിറ്റി സ്‌കാർബറോ കാമ്പസിന് സമീപമുണ്ടായ വെടിവെപ്പിൽ യുവ ഇന്ത്യൻ ഡോക്ടറൽ വിദ്യാർത്ഥിയായ ശിവങ്ക് അവസ്തിയുടെ ദാരുണമായ മരണത്തിൽ ഞങ്ങൾ അതീവ ദുഃഖിതരാണ്. ഈ ദുഷ്‌കരമായ സമയത്ത് കോൺസുലേറ്റ് ദുഃഖിതരായ കുടുംബവുമായി ബന്ധം പുലർത്തുന്നു, പ്രാദേശിക അധികാരികളുമായി ചേർന്ന് എല്ലാവിധ സഹായവും നൽകി വരുന്നു,’ കോൺസുലേറ്റ് ജനറലിന്റെ എക്‌സ് പോസ്റ്റിൽ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News