ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ കാനഡയിൽ മരിച്ചനിലയിൽ കണ്ടെത്തി;മൃതദേഹം ബീച്ചിൽ, കാണാതായത് മൂന്നുദിവസം മുമ്പ്

ഒട്ടാവ: പഞ്ചാബിലെ ആംആദ്മി പാര്‍ട്ടി നേതാവിന്റെ മകളെ കാനഡയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പഞ്ചാബിലെ ആംആദ്മി പാര്‍ട്ടി പ്രാദേശിക നേതാവായ ദാവീന്ദര്‍ സൈനിയുടെ മകളും കാനഡയില്‍ കോളേജ് വിദ്യാര്‍ഥിനിയുമായ വംശിക സൈനി(21)യെയാണ് ഒട്ടാവയിലെ ബീച്ചില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൂന്നുദിവസം മുമ്പ് കാനഡയിലെ താമസസ്ഥലത്തുനിന്ന് പുറത്തേക്ക് പോയ വംശികയെ കാണാതായിരുന്നു. തിരച്ചില്‍ തുടരുന്നതിനിടെയാണ് വംശിക പഠിക്കുന്ന കോളേജിന് സമീപത്തെ ബീച്ചില്‍ മൃതദേഹം കണ്ടെത്തിയത്.

വിദ്യാര്‍ഥിനിയുടെ മരണം കാനഡയിലെ ഇന്ത്യന്‍ എംബസിയും ചൊവ്വാഴ്ച സ്ഥിരീകരിച്ചു. വിദ്യാര്‍ഥിനിയുടെ മരണത്തില്‍ അതീവ ദുഃഖമുണ്ടെന്ന് എംബസി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. വിഷയത്തില്‍ ബന്ധപ്പെട്ട അധികൃതര്‍ ഇടപെടുന്നുണ്ടെന്നും മരണം സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണെന്നും എംബസി അറിയിച്ചു.

വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയാണ് വംശിക താമസസ്ഥലത്തുനിന്ന് മറ്റൊരു വാടകവീട് നോക്കാനായി പുറത്തേക്ക് പോയത്. എന്നാല്‍, രാത്രി 11.30 മുതല്‍ വംശികയുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫായി. പിന്നീട് വംശികയെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല. പിറ്റേദിവസം കോളേജില്‍ പരീക്ഷയ്ക്കും ഹാജരായില്ല. തുടര്‍ന്ന് തിരച്ചില്‍ തുടരുന്നതിനിടെയാണ് ബീച്ചില്‍നിന്ന് മൃതദേഹം കണ്ടെത്തിയത്.

വംശിക എല്ലാദിവസവും രാവിലെ കുടുംബത്തെയും സുഹൃത്തുക്കളെയും ഫോണില്‍ വിളിക്കാറുണ്ടായിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് മകള്‍ അവസാനമായി വിളിച്ചതെന്ന് പിതാവ് ദാവീന്ദര്‍ സൈനി പ്രതികരിച്ചു. സാധാരണപോലെയാണ് മകള്‍ സംസാരിച്ചതെന്നും സംഭാഷണത്തില്‍ അസ്വാഭാവികതയൊന്നും തോന്നിയില്ലെന്നും അദ്ദേഹം പറഞ്ഞു.

വംശികയുടെ മരണകാരണം സംബന്ധിച്ച് പോലീസ് ഇതുവരെ വ്യക്തത നല്‍കിയിട്ടില്ല. വിദ്യാര്‍ഥിനിയുടെ മൊബൈല്‍ഫോണും പോലീസിന് ഇതുവരെ കണ്ടെടുക്കാനായിട്ടില്ല. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നായിരുന്നു പോലീസിന്റെ പ്രതികരണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News