വാഷിംഗ്ടൺ: അമേരിക്കയിൽ ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ഇന്ത്യൻ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. ആന്ധ്രാപ്രദേശ് സ്വദേശിനി പ്രസന്ന അറ്റ്‌ലൂരിയാണ് (25) അപകടത്തിൽ മരിച്ചത്. സുഹൃത്തുക്കളോടൊപ്പം കാറിൽ സഞ്ചരിക്കവെയാണ് അപകടം ഉണ്ടായത്. സംഘം സഞ്ചരിച്ചിരുന്ന കാർ സിഗ്നലിൽ നിർത്തിയിട്ടിരുന്നപ്പോൾ അമിതവേഗതയിലെത്തിയ മറ്റൊരു വാഹനം പിന്നിൽ ഇടിക്കുകയായിരുന്നു.
ജൂലായ് അഞ്ചിന് നടന്ന അപകടത്തിൽ പ്രസന്നയുടെ സുഹൃത്ത് സംഭവ ദിവസം തന്നെ മരണപ്പെട്ടിരുന്നു. ചികിത്സയിലിരിക്കെയാണ് പ്രസന്നയും മരണത്തിന് കീഴടങ്ങിയത്. അപകടത്തിൽ ഇവരൊടൊപ്പം സഞ്ചരിച്ചിരുന്ന മറ്റൊരു സുഹൃത്ത് ഗുരുതര പരിക്കുകളോടെ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. പ്രസന്ന അമേരിക്കയിൽ പേസ് യൂണിവേഴ്‌സിറ്റിയിലെ ലുബിൻ സ്‌കൂൾ ഓഫ് ബിസിനസിൽ നിന്ന് അടുത്തിടെ ബിരുദം സ്വന്തമാക്കിയിരുന്നു. ഇവരുടെ അപ്രതീക്ഷിത വിയോഗത്തിൽ സർവകലാശാല അധികൃതരും ഇന്ത്യൻ വിദ്യാർത്ഥി സംഘടനകളും അനുശോചനം രേഖപ്പെടുത്തി.
ആന്ധ്രാപ്രദേശിൽ എൻടിആർ ജില്ലയിലെ സാധാരണ കർഷക കുടുംബമാണ് പ്രസന്നയുടേത്. പിതാവ് അറ്റ്‌ലൂരി വസന്ത റാവു ഒരു കർഷകനും മാതാവ് ഒരു ചെറിയ ബാഗ് നിർമാണ യൂണിറ്റ് നടത്തി വരികയുമാണ്. കുടുംബത്തിന്റെ ഏക പ്രതീക്ഷയായിരുന്ന പ്രസന്ന യുഎസിൽ പഠനം പൂർത്തിയാക്കിയ ശേഷം തൊഴിലവസരങ്ങൾ തേടുകയായിരുന്നു. മരണപ്പെട്ട മകളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനാവശ്യമായ ഭീമമായ തുക സ്വരൂപിക്കാനുള്ള നെട്ടോട്ടത്തിലാണ് മാതാപിതാക്കൾ. കുടുംബാംഗങ്ങളെ സഹായിക്കുന്നതിനും മൃതദേഹം ഇന്ത്യയിലെത്തിക്കുന്നതിനുമായി ഇന്ത്യൻ സമൂഹവും സുഹൃത്തുക്കളും നടപടികൾ ആരംഭിച്ചിട്ടുണ്ട്.
അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ യുഎസ് പൊലീസ് അന്വേഷണം ആരംഭിച്ചു. അമിതവേഗമാണോ അതോ മറ്റ് സാങ്കേതിക തകരാറുകളാണോ അപകടത്തിന് കാരണമായതെന്ന് പരിശോധിച്ചുവരികയാണ്.


