വിദേശ രാജ്യങ്ങളിലേക്ക് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ കുത്തൊഴുക്ക് തുടങ്ങിയിട്ട് അധികകാലമായിട്ടില്ല. ജോലിയും പഠനാവശ്യത്തിനായും നിരവധി വിദ്യാര്‍ത്ഥികള്‍ വിവിധ രാജ്യങ്ങളിലേക്ക് കുടിയേറുന്നു. കുടിയേറുന്നവരില്‍ പലരും വിദേശരാജ്യങ്ങളില്‍ സ്ഥിര താമസമാക്കുന്നു. അതേ സമയം ലോകമെങ്ങും വംശീയ പ്രശ്നങ്ങള്‍ ശക്തമാകുന്നത് ഇത്തരത്തില്‍ കുടിയേറുന്ന വിദ്യാര്‍ത്ഥികളെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. പലരും വംശീയാധിക്ഷേപത്തിന് വിധേയരാകുന്നതായി അടുത്ത കാലത്ത് പുറത്തുവരുന്ന വാര്‍ത്തകള്‍ സൂചന നല്‍കുന്നു. സമാനമായൊരു സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ ഏറെ പേരുടെ ശ്രദ്ധ നേടി. വംശീയ പരാമർശത്തിന്‍റെ പേരിൽ ഇന്ത്യൻ വംശജയായ ഒരു വിദ്യാർത്ഥിനിയെ ഒരു കൂട്ടം ആഫ്രിക്കൻ സ്ത്രീകൾ ക്രൂരമായി മർദ്ദിക്കുന്നതിന്‍റെ ദൃശ്യങ്ങളായിരുന്നു അത്. നെതര്‍ലന്‍ഡിലാണ് സംഭവം നടന്നത്.
ആഫ്രിക്കന്‍ വംശജയായ ഒരു സ്ത്രീ ഇന്ത്യന്‍ വംശജയായ ഒരു യുവതിയുടെ മുഖത്തടിക്കുന്നിടത്താണ് ദൃശ്യങ്ങള്‍ ആരംഭിക്കുന്നത്. അതിന് തൊട്ട് മുമ്പ് ഇരുവരും എന്തോ സംസാരിക്കുന്നു. പിന്നാലെയാണ് മുഖത്തടിക്കുന്നത്. വളരെ പെട്ടെന്ന് ഇരുകവിളുകളിലും അടി കിട്ടുന്നതോടെ ഇന്ത്യന്‍ യുവതി ഭയക്കുന്നു. പിന്നാലെ അതൊരു ഒരു കൂട്ട ആക്രമണമായി മാറുന്നു. ഇതിനിടെ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയുടെ ബാഗ് മറ്റ് സ്ത്രീകള്‍ പിടിച്ച് വാങ്ങുന്നതും വീഡിയോയില്‍ കാണാം. യുവതിയുടെ മുടിയില്‍ പിടിച്ച് വലിക്കുകയും ഇടിക്കുയും ചെയ്യുന്നു. തുടര്‍ന്ന് ഒരു കൂട്ടം ആഫ്രിക്കന്‍ വംശജരായ സ്ത്രീകള്‍ യുവതിയെ കൂട്ടം ചേര്‍ന്ന് അടിക്കുകയും ഇടിക്കുകയും ചെയ്യുന്നു. പിന്നാലെ, യുവതി താഴെ വീഴുമ്പോള്‍ അവരുടെ ചുറ്റും കൂടി നിന്ന് മറ്റുള്ളവര്‍ ചവിട്ടുകയും കുത്തുകയും ചെയ്യുന്നതും വീഡിയോയില്‍ വ്യക്തമാണ്. അടിയും ചവിട്ടും കൊണ്ട് യുവതി ചുരുണ്ടുകൂടുന്നതും ദൃശ്യങ്ങളില്‍ കാണാം.
സംഭവം കണ്ട് നിന്നവരില്‍ ആരും അക്രമണത്തിന് ഇരയായ യുവതിയെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നില്ല. ചിലര്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി. ഇത്തരത്തില്‍ പകര്‍ത്തിയ ഒരു ദൃശ്യമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്. സംഭവത്തില്‍ ഉള്‍പ്പെട്ട ആഫ്രിക്കന്‍ സ്ത്രീകളെയോ ഇന്ത്യന്‍ യുവതിയെയോ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ നടപടി ആവശ്യം ഉയര്‍ന്നു. ഇന്ത്യന്‍ വംശജരാണ് പ്രധാനമായും നടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയത്. വീഡിയോ ഇതിനകം മുപ്പത്തിയെണ്ണായിരത്തോളം പേര്‍ കണ്ടുകഴിഞ്ഞു.