മുംബൈ: മൂല്യത്തകർച്ചയിൽ ഈ വർഷം ഏഷ്യയിലെ ഏറ്റവും മോശം കറൻസിയായി ഇന്ത്യൻ രൂപ. 2025 ജനുവരി-ഒക്ടോബർ കാലയളവിൽ ഡോളറുമായുള്ള വിനിമയത്തിൽ ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ 4.3 ശതമാനത്തിന്റെ ഇടിവാണ് നേരിട്ടത്. അമേരിക്ക-ഇന്ത്യ വ്യാപാരക്കരാർ ഉടനുണ്ടായില്ലെങ്കിൽ ഡോളറിനെതിരേ രൂപയുടെ മൂല്യം 90 കടന്നേക്കുമെന്നാണ് വിദേശവിനിമയ വിപണിയുമായി ബന്ധപ്പെട്ടവർ നൽകുന്ന സൂചന. അതായത് ഒരു ഡോളറിന് 90 രൂപ നൽകണം.
നവംബർ 21-ന് വ്യാപാരത്തിനിടെ ഇന്ത്യൻ രൂപ ഡോളറിനെതിരേ പുതിയ താഴ്ചയിലെത്തിയിരുന്നു. ഡോളറൊന്നിന് 89.66 എന്ന നിലയിലേക്കാണ് കൂപ്പുകുത്തിയത്. ഇതിനുശേഷം തിരിച്ചുകയറിയ രൂപ 89.27 നിലവാരത്തിലാണ് ബുധനാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. ഈ സാമ്പത്തികവർഷമെടുത്താൽ ജാപ്പനീസ് യെന്നിനുപിന്നിൽ രണ്ടാമതാണ് രൂപ. ജാപ്പനീസ് യെൻ 4.36 ശതമാനം ഇടിവുനേരിട്ടപ്പോൾ രൂപയ്ക്കിത് 4.26 ശതമാനമാണ്.
ഏതാനും മാസമായി ഡോളറിനെതിരേ രൂപ തുടർച്ചയായി ഇടിയുകയാണ്. ഓഹരിവിപണയിൽ വിദേശനിക്ഷേപകർ തുടർച്ചയായി ഓഹരികൾ വിറ്റഴിക്കുന്നതും യുഎസിന്റെ ഉയർന്ന തീരുവയും സ്വർണം, വെള്ളി എന്നിവയുടെ ഉയർന്ന വിലയുമാണ് രൂപയ്ക്ക് തിരിച്ചടിയാകുന്നത്. ഏഷ്യൻ കറൻസികളായ ചൈനീസ് യുവാൻ, ഇൻഡൊനീഷ്യൻ റുപയ എന്നിവയുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ വൻവീഴ്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
ഇൻഡൊനീഷ്യൻ റുപയക്കിത് 2.9 ശതമാനവും ഫിലിപ്പീൻ പെസോയ്ക്ക് 1.3 ശതമാനവുമാണ്. ചൈനീസ് യുവാന്റെ മൂല്യം ഉയരുകയാണ്. ഡോളറുമായുള്ള വിനിമയമൂല്യം ക്രമീകരിക്കുന്നതിന് തുടർച്ചയായി വിപണിയിലിടപെടുന്ന ചൈനീസ് വിദേശവിനിമയനയം ഇതിൽ വലിയ പങ്കുവഹിക്കുന്നുണ്ട്.
ഡോളർ കരുത്ത് വീണ്ടെടുത്തതും രൂപയുടെ മൂല്യത്തെ കാര്യമായി ബാധിച്ചു. രണ്ടുമാസത്തിനിടെ ഡോളറിന്റെ മൂല്യത്തിൽ 3.6 ശതമാനം വർധനയുണ്ടായിട്ടുണ്ട്. ഇതും ഇന്ത്യൻ കറൻസിക്ക് സമ്മർദം കൂട്ടുന്നതാണ്.
ഓഹരിവിപണിയിൽ ഈ വർഷം ഏപ്രിൽ, മേയ്, ജൂൺ, ഒക്ടോബർ മാസങ്ങളിൽമാത്രമാണ് വിദേശ നിക്ഷേപക സ്ഥാപനങ്ങൾ (എഫ്ഐഐ) അറ്റ നിക്ഷേപം നടത്തിയത്. ബാക്കി ഏഴുമാസവും അറ്റ വിൽപ്പനയാണ് രേഖപ്പെടുത്തിയത്. ജനുവരിയിൽമാത്രം 78,027 കോടി രൂപയുടെ ഓഹരികൾ ഇവർ വിറ്റഴിച്ചു. ജനുവരി-നവംബർ കാലയളവിൽ ആകെ 1.49 ലക്ഷം കോടി രൂപയുടെ ഓഹരികൾ ഇവർ ഒഴിവാക്കി.
അമേരിക്ക ഇറക്കുമതിത്തീരുവ 50 ശതമാനമായി ഉയർത്തിയത് അവിടേക്കുള്ള ഇന്ത്യയുടെ കയറ്റുമതി കുറയാൻ കാരണമായി. ഇന്ത്യക്ക് ഏറ്റവുമധികം വ്യാപാരമിച്ചമുള്ള രാജ്യമായിരുന്നു അമേരിക്ക. അതുകൊണ്ടുതന്നെ അവിടേക്ക് കയറ്റുമതി കുറഞ്ഞത് വ്യാപാരക്കമ്മി കൂട്ടി. ഇത് വിനിമയവിപണിയിൽ ഡോളറിന്റെ ആവശ്യം കൂട്ടുന്നു, രൂപയെ കൂടുതൽ സമ്മർദത്തിലാക്കുകയും ചെയ്യുന്നു.


