പത്തനംതിട്ട: ഓപ്പറേഷന്‍ സിന്ദൂറിന്റെ വിജയാഘോഷങ്ങളുടെ ഭാഗമായി അമേരിക്കയിലെ ഏറ്റവും ഉയരമുള്ള കൊടുമുടി കീഴടക്കാന്‍ പോയ പന്തളത്തുകാരനായ പര്‍വതാരോഹകന്‍ മൗണ്ട് ഡെലാനിയില്‍ കുടുങ്ങി. പന്തളം പൂഴിക്കാട് കൂട്ടംവെട്ടിയില്‍ ദാറുല്‍ ഖറാമില്‍ എം.എ.അലി അഹമ്മദ് ഖാന്റെയും ജെ.ഷാഹിദയുടെയും മകനായ ഷെയ്ഖ് ഹസന്‍ ഖാനാണ് കൊടുമുടിയില്‍ പതിനേഴായിരത്തോളം അടിക്കു മുകളിലെത്തിയ ശേഷം കുടുങ്ങിയതായി വിവരം ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചിരിക്കുന്നത്.
സാറ്റലൈറ്റ് ഫോണ്‍ മുഖേനെ താന്‍ കുടങ്ങിയ വിവരം ഹസന്‍ഖാന്‍ അറിയിക്കുകയായിരുന്നു. പക്ഷേ, സര്‍ക്കാര്‍ തലത്തില്‍ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. കൈവശമുള്ള ഭക്ഷണവും വെള്ളവും തീര്‍ന്നതിനാലാണ് സഹായം തേടിയതെന്ന് ആന്റോ ആന്റണി എം.പി വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കറിന് അയച്ച കത്തില്‍ പറയുന്നു. ഖാനെ രക്ഷിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് കത്തില്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്. ഹസന്‍ഖാന്റെ ജീവന്‍ രക്ഷിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കാണമെന്ന് ആവശ്യപ്പെട്ട് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു.
ഹസന്‍ഖാന്‍ കൊടുങ്കാറ്റില്‍ അകപ്പെട്ടുവെന്നാണ് വിവരം. ജൂണ്‍ നാലിന് രാത്രി ചെന്നൈയില്‍ നിന്നും ദുബായിലെത്തി അവിടെ നിന്നും ആറിനാണ് അമേരിക്കയിലേക്ക് പറന്നത്. 10 ന് മൗണ്ട് ഡെനാലിയില്‍ കയറുന്നതിനു മുമ്പ് വീഡിയോ കോളില്‍ മാതാപിതാക്കളുമായി ഷെയ്ഖ് ഹസന്‍ഖാന്‍ സംസാരിച്ചിരുന്നു. പിന്നീട് ഇതുവരെയും ബന്ധപ്പെട്ടിട്ടില്ല. തമിഴ്നാട്ടിലുള്ള ഒരു സുഹൃത്തും ഒപ്പമുണ്ട്. ഇന്ത്യക്കാരായ ഇരുവരും അമേരിക്കയിലെ ചിലരും അടങ്ങുന്ന സംഘമാണ് മൗണ്ട് ഡെനാലിയില്‍ കൊടുമുടിയില്‍ കയറുന്നതിനായി പുറപ്പെട്ടത്.
ഓപ്പറേഷന്‍ സിന്ദുരില്‍ ഇന്ത്യ നേടിയ വിജയത്തിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് മൗണ്ട് ഡെലാനിയില്‍ ദേശീയ പതാക ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഖാന്‍ പുറപ്പെട്ടത്.

