ഇന്ത്യന്‍ മിസൈല്‍ പതിച്ച സംഭവം: പാകിസ്താന്‍ തിരിച്ചടിക്ക് തയ്യാറെടുത്തിരുന്നുവെന്ന് റിപ്പോർട്ട്

ന്യൂഡല്‍ഹി: ഇന്ത്യന്‍ മിസൈല്‍ പാകിസ്താനില്‍ അബദ്ധത്തില്‍ പതിച്ച സംഭവത്തില്‍ പാകിസ്താന്‍ തിരിച്ചടിക്ക് പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ട്. മാര്‍ച്ച് ഒമ്പതിന് ഒരു മിസൈല്‍ അബദ്ധത്തില്‍ വിക്ഷേപിക്കപ്പെടുകയും അത് പാകിസ്താനില്‍ ചെന്ന് പതിക്കുകയും ചെയ്തത് സംബന്ധിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ വിശദീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തിരിച്ചടിയായി ഇതിന് സമാനമായ മിസൈല്‍ ഇന്ത്യയിലേക്ക് വിക്ഷേപിക്കാന്‍ തയ്യാറെടുത്തിരുന്നുവെന്ന് വാർത്താ ഏജന്‍സി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തത്.

പ്രാഥമിക തയ്യാറെടുപ്പുകള്‍ക്കിടയില്‍ എന്തോ തകരാർ ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്ന് പാകിസ്താന്‍ ഈ നീക്കത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നെന്നും ബ്ലൂംബെര്‍ഗ് പറയുന്നു.മാര്‍ച്ച് ഒമ്പതിന് പഞ്ചാബിലെ അംബാലയില്‍ നിന്നാണ് ഇന്ത്യന്‍ വ്യോമസേന അബദ്ധത്തില്‍ ബ്രഹ്മോസ് മധ്യദൂര ക്രൂയിസ് മിസൈല്‍ വിക്ഷേപിച്ചത്. പാകിസ്താനില്‍ ചെന്ന് പതിച്ച മിസൈല്‍ ചില വീടുകള്‍ക്ക് കേടുപാടുകള്‍ വരുത്തിയെങ്കിലും ആളപായം ഉണ്ടാക്കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

സംഭവത്തിന് ശേഷം പാകിസ്താനുമായി ഉന്നത സൈനിക കമാൻഡർമാർ ബന്ധപ്പെടുന്ന നേരിട്ടുള്ള ഹോട്ട്ലൈൻ ഇന്ത്യ ഉപയോഗപ്പെടുത്തിയിട്ടില്ലെന്നും പകരം, കൂടുതൽ വിക്ഷേപണങ്ങൾ ഒഴിവാക്കാൻ അംബാലയിലെ മിസൈൽ സംവിധാനങ്ങളുടെ പ്രവർത്തനം വ്യോമസേന നിർത്തിവെച്ചെന്നും ബ്ലൂംബെർഗ് പറയുന്നു. അതേസമയം. പുറത്തുവന്നിരിക്കുന്ന റിപ്പോർട്ട് സംബന്ധിച്ച് വ്യോമസേനയും പ്രതിരോധ മന്ത്രാലയവും പ്രതികരിച്ചിട്ടില്ല.

‘2022 മാർച്ച് 9-ന്, പതിവ് അറ്റകുറ്റപ്പണികൾക്കിടെ, സാങ്കേതിക തകരാറ് മൂലം ഒരു മിസൈൽ ആകസ്മികമായി വിക്ഷേപിക്കപ്പെട്ടു. മിസൈൽ പാകിസ്താൻറെ പ്രദേശത്താണ് പതിച്ചെന്നാണ് അറിയുന്നത്. സംഭവം അങ്ങേയറ്റം ഖേദകരമാണ. അപകടത്തിൽ ജീവഹാനി സംഭവിച്ചിട്ടില്ലെന്നത് ആശ്വാസം പകരുന്നു’, രാജ്നാഥ് സിങ് പാർലമെന്റിൽ നടത്തിയ പ്രസ്താവനയിൽ പറയുന്നു. സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്നും ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News