മുംബൈ: ഇറാൻ-ഇസ്രയേൽ സംഘർഷം പശ്ചിമേഷ്യയെ യുദ്ധക്കളമാക്കിയ സാഹചര്യത്തിൽ, അതീവ അപകടം പിടിച്ച ഹോർമുസ് കടലിടുക്ക് പിന്നിട്ട് ഇന്ത്യൻ എൽപിജി കപ്പൽ ‘ശിവാലിക്’ ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് സുരക്ഷിതമായി നങ്കൂരമിട്ടു. ഷിപ്പിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള ഈ കപ്പൽ തിങ്കളാഴ്ചയാണ് ഇന്ത്യൻ തീരത്തെത്തിയത്.
യുഎസ്-ഇസ്രയേൽ സഖ്യം ഇറാന് നേരെ സൈനിക നീക്കം ആരംഭിച്ച ശേഷം ഈ തന്ത്രപ്രധാന പാതയിലൂടെ ഇന്ത്യയിലെത്തുന്ന ആദ്യ എൽപിജി കപ്പലാണിത്. ആഗോള ഊർജ്ജ വിപണിയുടെ ജീവനാഡിയായ ഹോർമുസ് കടലിടുക്കിലൂടെ കപ്പലുകൾക്ക് സുരക്ഷിത പാതയൊരുക്കാൻ ഇന്ത്യ നടത്തിയ നീക്കങ്ങളുടെ ആദ്യ വിജയമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. സമാനമായ രീതിയിൽ ‘നന്ദാദേവി’ എന്ന മറ്റൊരു ഇന്ത്യൻ കപ്പൽ കൂടി ഹോർമുസ് പിന്നിട്ടിട്ടുണ്ടെന്നും ഇത് ചൊവ്വാഴ്ച മുംബൈ തീരത്തെത്തുമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ലോകത്തിലെ എണ്ണ-വാതക വ്യാപാരത്തിന്റെ അഞ്ചിലൊന്ന് ഭാഗവും കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഇറാന്റെ കൈവശമാണെന്നത് നിലവിലെ സാഹചര്യത്തിൽ വലിയ ആശങ്കയുണ്ടാക്കിയിരുന്നു. ഇറാനിൽ സംഘർഷം മൂർച്ഛിച്ചതോടെ ഈ പാതയിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടത് ആഗോള ഊർജ്ജ വിപണിയെ സാരമായി ബാധിച്ചിരുന്നു. കഴിഞ്ഞ ആഴ്ച യുഎഇയിൽ നിന്ന് ഗുജറാത്തിലേക്ക് വരികയായിരുന്ന തായ് കപ്പലിന് നേരെ ആക്രമണമുണ്ടായതോടെ ഈ പാതയിലൂടെയുള്ള കപ്പൽ യാത്ര വലിയ വെല്ലുവിളിയായി മാറിയിരുന്നു.
ഇന്ത്യൻ കപ്പലുകൾക്കും ചരക്കുകൾക്കും നേരെ സമാനമായ ആക്രമണങ്ങൾ ഉണ്ടാകാതിരിക്കാൻ കേന്ദ്ര സർക്കാർ യുദ്ധകാലാടിസ്ഥാനത്തിലുള്ള നയതന്ത്ര ഇടപെടലുകളാണ് നടത്തിയത്. വിദേശകാര്യ മന്ത്രാലയത്തിന്റെയും ഷിപ്പിങ് മന്ത്രാലയത്തിന്റെയും ഏകോപിപ്പിച്ചുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ ഫലം കണ്ടുതുടങ്ങിയിരിക്കുന്നത്.
ഇന്ത്യൻ കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചിയുമായി നേരിട്ട് ചർച്ചകൾ നടത്തിയിരുന്നു. ഇതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയനുമായി ഫോണിൽ സംസാരിക്കുകയും ഇന്ത്യൻ കപ്പലുകൾക്ക് സുരക്ഷിത പാത ഉറപ്പാക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു.
നയതന്ത്ര തലത്തിലുള്ള ഈ ഇടപെടലുകളാണ് ഹോർമുസ് കടലിടുക്കിന്റെ ഇരുവശങ്ങളിലുമായി നിലയുറപ്പിച്ചിട്ടുള്ള ഇരുപതോളം ഇന്ത്യൻ കപ്പലുകൾക്ക് ആശ്വാസമായത്. ഒമാനിൽ നിന്ന് ആഫ്രിക്കയിലേക്ക് ഗ്യാസോലിൻ കൊണ്ടുപോകുന്ന ‘ജഗ് പ്രകാശ്’ എന്ന കപ്പലും യാത്ര പുനരാരംഭിച്ചതായി ഷിപ്പിങ് മന്ത്രാലയത്തിലെ സ്പെഷ്യൽ സെക്രട്ടറി രാജേഷ് കുമാർ സിൻഹ അറിയിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ കപ്പലുകൾ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.
Amidst the ongoing conflict in Iran, the Indian LPG vessel ‘Shivalik’ safely reached Mundra port in Gujarat on Monday after navigating through the high-risk Strait of Hormuz. This marks the first successful passage of an Indian LPG ship since the US-Israel military action against Iran began. Diplomatic efforts led by Prime Minister Narendra Modi and External Affairs Minister S. Jaishankar have been instrumental in ensuring the safety of Indian maritime assets in the region

