ന്യൂഡൽഹി : നിർമിതബുദ്ധി സഹായത്തോടെ പ്രവർത്തിക്കുന്ന ലൈറ്റ് മെഷീൻ ഗൺ സംവിധാനം(എൽഎംജി) വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. 14,000 അടി ഉയരത്തിൽ നടത്തിയ പരീക്ഷണം വിജയകരമാണെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. ഉയർന്ന ഭൂപ്രദേശങ്ങളിൽ കൃത്യതയോടെ പ്രവർത്തിപ്പിക്കാനാകുന്ന ആയുധമാണിത്.
ദെഹ്‌റാദൂൺ ആസ്ഥാനമായുള്ള പ്രതിരോധ സ്ഥാപനമായ ‘ബിഎസ്എസ് മെറ്റീരിയൽ ലിമിറ്റഡാ’ണ് നിർമിതബുദ്ധി സഹായത്തോടെ പ്രവർത്തിക്കുന്ന ഗൺ സംവിധാനം വികസിപ്പിച്ചത്. ഉയർന്ന പ്രദേശങ്ങളിലെ ലക്ഷ്യങ്ങളെ സ്വയം തിരിച്ചറിയാനും ആക്രമിക്കാനുമുള്ള കഴിവ് ലൈറ്റ് മെഷീൻ ഗണ്ണുകൾക്കുണ്ട്. ‘മെയ്‌ക്ക് ഇൻ ഇന്ത്യ’, ‘ആത്മനിർഭർ ഭാരത്’ സംരംഭങ്ങൾക്കു കീഴിൽ തദ്ദേശീയ നവീകരണത്തിലൂടെ സായുധസേനയെ നവീകരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിത്.
പാകിസ്താനുമായും ചൈനയുമായും അതിർത്തി പങ്കിടുന്ന ഉയർന്ന പ്രദേശങ്ങളിൽ അനുയോജ്യമായ സംവിധാനമാണിത്. വെല്ലുവിളി നിറഞ്ഞ പർവതപ്രദേശങ്ങളിൽ ലക്ഷ്യങ്ങൾ സ്വയം തിരിച്ചറിയാനും ആക്രമിക്കാനും കഴിയും. ഓട്ടമാറ്റിക് ടാർഗെറ്റ് ഡിറ്റക്ഷൻ, തത്സമയ ഇടപെടൽ എന്നിവയ്ക്ക് കഴിവുള്ള സാങ്കേതികവിദ്യയാണ് പ്രത്യേകത.
തദ്ദേശീയമായി വികസിപ്പിച്ച വ്യോമപ്രതിരോധസംവിധാനം വാങ്ങാൻ പ്രതിരോധ ഗവേഷണസ്ഥാപനമായ ഡിആർഡിഒയുമായി പ്രതിരോധമന്ത്രാലയം 30,000 കോടിരൂപയുടെ കരാറിലെത്തുന്നതായി റിപ്പോർട്ട്. സൈന്യത്തിന്റെ മൂന്ന് റെജിമെന്റുകൾക്കാണ് തദ്ദേശീയമായി വികസിപ്പിച്ച ദ്രുതപ്രതികരണ ഉപരിതല-വായു മിസൈൽ (ക്യുആർ-എസ്എഎം) സംവിധാനം ലഭിക്കുക.
കരാറിന് അനുമതി നൽകുന്ന കാര്യം പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് അധ്യക്ഷനായ സമിതി ഉടൻ പരിഗണിക്കും. ശത്രുക്കളുടെ യുദ്ധവിമാനങ്ങൾ, ഹെലികോപ്റ്ററുകൾ, ഡ്രോണുകൾ എന്നിവയെ 25 മുതൽ 30 കിലോമീറ്ററിനുള്ളിൽ തടയാൻ ഇവയ്ക്കാകും.

