റാഞ്ചി: ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനം ഇന്ന് റാഞ്ചിയിൽ നടക്കും. ഉച്ചയ്‌ക്ക് ഒന്നരയ്ക്കാണ് മത്സരം തുടങ്ങുക. ആദ്യ കളി തോറ്റ ഇന്ത്യക്ക് മൂന്ന് ഏകദിനങ്ങളുടെ പരമ്പര നഷ്‌ടമാവാതിരിക്കാൻ ഇന്ന് ജയിച്ചേ തീരൂ.
ലഖ്‌നൗവിൽ കയ്യെത്തും ദൂരത്ത് നഷ്‌ടമായ ജയം തിരികെ പിടിക്കാനാണ് ശിഖര്‍ ധവാനും കൂട്ടരും റാഞ്ചിയിൽ ഇറങ്ങുന്നത്. 9 റണ്‍സിനായിരുന്നു ഒന്നാം ഏകദിനത്തിലെ ഇന്ത്യൻ തോൽവി. 63 പന്തിൽ 86* റണ്‍സുമായി സഞ്ജു സാംസണ്‍ പൊരുതിയെങ്കിലും ഇന്ത്യയെ വിജയതീരമണിയിക്കാനായില്ല. റാഞ്ചിയിലും സഞ്ജു തന്നെയായിരിക്കും ശ്രദ്ധാകേന്ദ്രം.
ക്യാപ്റ്റൻ ശിഖര്‍ ധവാൻ, ശുഭ്‌മാൻ ഗിൽ, റുതുരാജ് ഗെയ്‌ക്‌വാദ്, ഇഷാൻ കിഷൻ തുടങ്ങിയവര്‍ പ്രതിഭക്കെോത്ത പ്രകടനം പുറത്തെടുത്താൽ എല്ലാ ഭാരവും സഞ്ജുവിന് മുകളിലാവില്ല. പൊതുവെ ദുര്‍ബലമായ ബൗളിംഗ് നിരക്ക് ദീപക് ചഹാറ്‍ പരിക്കേറ്റ് പുറത്തായത് ഇരട്ടി പ്രഹരമായി. ചഹാറിന് പകരം വാഷിംഗ്ടണ്‍ സുന്ദര്‍ ടീമിലെത്തും. ഷഹബാസ് അഹമ്മദോ, മുകേഷ് കുമാറോ അരങ്ങേറ്റം കുറിക്കാനും സാധ്യതയുണ്ട്.
ക്യാപ്റ്റൻ തെംബാ ബാവുമയുടെ മോശം ഫോമാണ് ദക്ഷിണാഫ്രിക്കയുടെ പ്രധാന പ്രശ്നം. ഇന്ത്യൻ യുവ നിരയ്ക്കെതിരെ കാസിസോ റബാഡയും ലുങ്കി എൻകിടിയടക്കമുള്ള ബൗളര്‍ തല്ല് വാങ്ങി കൂട്ടിയതും തലവേദന തന്നെ. പരമ്പരയുടെ ഭാവി നിര്‍ണയിക്കുന്ന മത്സരമായതിനാൽ ധോണിയുടെ നാട്ടിലെ പോരാട്ടത്തിൽ ആവശത്തിന് ഒട്ടും കുറവുണ്ടാവില്ല.