29.5 C
Kottayam
Tuesday, April 30, 2024

ഒളിമ്പിക്സ് സെമിയിൽ ഇന്ത്യയ്ക്ക് തോൽവി

Must read

ടോക്യോ: ഒളിമ്പിക്സ് സെമി ഫൈനലിൽ ഇന്ത്യൻ പുരുഷ ഹോക്കി ടീമിന് തോൽവി. ലോക ചാമ്പ്യന്മാരായ ബെൽജിയമാണ് ഇന്ത്യയെ കീഴടക്കിയത്. രണ്ടിനെതിരേ അഞ്ചുഗോളുകൾക്കാണ് ബെൽജിയത്തിന്റെ വിജയം. ഇതോടെ ഇന്ത്യയുടെ ഫൈനൽ മോഹങ്ങൾ അവസാനിച്ചു. എന്നാൽ മെഡൽ പ്രതീക്ഷ അവസാനിച്ചിട്ടില്ല. വെങ്കല മെഡലിനായുള്ള മത്സരത്തിൽ ഇന്ത്യ, ഓസ്ട്രേലിയ-ജർമനി മത്സരത്തിൽ പരാജയപ്പെടുന്ന ടീമിനെ നേരിടും.

ബെൽജിയത്തിനായി അലെക്സാണ്ടർ ഹെൻഡ്രിക്സ് ഹാട്രിക്ക് നേടിയപ്പോൾ നേടിയപ്പോൾ ഫാനി ലൂയ്പേർട്ടും ഡൊമിനിക് ഡോഹ്മെനും സ്കോർ ചെയ്തു. ഇന്ത്യയ്ക്ക് വേണ്ടി മൻപ്രീത് സിങ്ങും ഹർമൻ പ്രീത് സിങ്ങും ഗോൾ നേടി.1980 ന് ശേഷം ഒളിമ്പിക്സ് ഫൈനലിന് യോഗ്യത നേടുക എന്ന ഉറച്ച ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യൻ ടീം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഒരു ഗോൾ വഴങ്ങിയ ശേഷം രണ്ട് ഗോളുകൾ തിരിച്ചടിച്ച് വിജയപ്രതീക്ഷയും നിലനിർത്തി. എന്നാൽ തകർപ്പൻ തിരിച്ചുവരവ് നടത്തിയ ബെൽജിയം മത്സരം ഇന്ത്യയിൽ നിന്നും തട്ടിയെടുക്കുകയായിരുന്നു.

ഇന്ത്യയെ ഞെട്ടിച്ചുകൊണ്ട് ബെൽജിയമാണ് മത്സരത്തിലാദ്യം ലീഡെടുത്തത്. മത്സരം തുടങ്ങി രണ്ടാം മിനിട്ടിൽ തന്നെ ബെൽജിയം ഇന്ത്യയ്ക്കെതിരേ ലീഡെടുത്തു. പെനാൽട്ടി കോർണറിൽ നിന്നാണ് ഗോൾ പിറന്നത്. ഫാനി ലൂയ്പേർട്ടാണ് ബെൽജിയത്തിനായി ഗോൾ നേടിയത്.ഗോൾ വഴങ്ങിയതോടെ ഉണർന്നു കളിച്ച ഇന്ത്യ 11-ാം മിനിട്ടിൽ തന്നെ തിരിച്ചടിച്ച് സമനില ഗോൾ നേടി. പെനാൽട്ടി കോർണറിലൂടെ ഹർമൻപ്രീത് സിങ്ങാണ് ബെൽജിയം വല കുലുക്കിയത്. താരത്തിന്റെ ഒളിമ്പിക്സിലെ അഞ്ചാം ഗോളാണിത്.

സമനില ഗോൾ നേടിയതിന് തൊട്ടുപിന്നാലെ ലോകചാമ്പ്യന്മാരായ ബെൽജിയത്തെ ഞെട്ടിച്ചുകൊണ്ട് ഇന്ത്യ രണ്ടാം ഗോൾ നേടി ലീഡെടുത്തു. ഇത്തവണ മൻദീപ് സിങ്ങാണ് ഇന്ത്യയ്ക്ക് വേണ്ടി ഗോൾ നേടിയത്. തകർപ്പൻ ഷോട്ടിലൂടെയാണ് താരം ഇന്ത്യയ്ക്ക് ലീഡ് സമ്മാനിച്ചത്. മൻദീപ് ഒളിമ്പിക്സിൽ നേടുന്ന ആദ്യ ഗോളാണിത്. അതുമാത്രമല്ല ഇന്ത്യയ്ക്ക് വേണ്ടി ടോക്യോ ഒളിമ്പിക്സിൽ ഗോൾ നേടുന്ന 12-ാമത്തെ താരം കൂടിയായി മൻദീപ്.ഗോൾ വഴങ്ങിയതോടെ ബെൽജിയം ആക്രമണം ശക്തമാക്കിയെങ്കിലും ഇന്ത്യയുടെ പ്രതിഭാസമ്പന്നരായ പ്രതിരോധനിര അവയെയെല്ലാം നിഷ്പ്രഭമാക്കി. ലീഡ് നേടിയിട്ടും ആക്രമിച്ച് കളിക്കാനാണ് ഇന്ത്യ തീരുമാനിച്ചത്. ആദ്യ ക്വാർട്ടറിൽ 2-1 എന്ന സ്കോറിന് ഇന്ത്യ മുന്നിലെത്തി.

രണ്ടാം ക്വാർട്ടറിന്റെ തുടക്കത്തിൽ തന്നെ ബെൽജിയം സമനില ഗോൾ കണ്ടെത്തി. 19-ാം മിനിട്ടിൽ ബെൽജിയത്തിന്റെ ഗോളടിയന്ത്രം അലെക്സാണ്ടർ ഹെൻഡ്രിക്സാണ് ഗോൾ നേടിയത്. ഇതോടെ സ്കോർ 2-2 എന്ന നിലയിലായി. ടൂർണമെന്റിലെ ടോപ് സ്കോററായ ഹെൻഡ്രിക്സിന്റെ ടൂർണമെന്റിലെ 12-ാം ഗോളാണിത്. രണ്ടാം ക്വാർട്ടറിൽ ബെൽജിയമാണ് കൂടുതൽ ആധിപത്യം പുലർത്തിയത്. ഗോളെന്നുറച്ച മൂന്നോളം ഷോട്ടുകളാണ് രണ്ടാം ക്വാർട്ടറിൽ ഇന്ത്യൻ പോസ്റ്റിലേക്ക് ബെൽജിയം അടിച്ചത്. എന്നാൽ ഇന്ത്യയുടെ മലയാളി ഗോൾകീപ്പർ ശ്രീജേഷിന്റെ മികച്ച സേവുകൾ ഇന്ത്യയ്ക്ക് തുണയായി. രണ്ടാം ക്വാർട്ടർ അവസാനിച്ചപ്പോൾ ഇരുടീമുകളും സമനില പാലിച്ചു.

മൂന്നാം ക്വാർട്ടറിൽ ആക്രമണങ്ങളും പ്രത്യാക്രമണങ്ങളുമായി ഇരുടീമുകളും കളം നിറഞ്ഞെങ്കിലും ഗോൾ നേടാനായില്ല. നാലാം ക്വാർട്ടറിന്റെ തുടക്കത്തിൽ നായകൻ മൻപ്രീതിന് ഗ്രീൻകാർഡ് ലഭിച്ചത് ഇന്ത്യൻ ടീമിന് തിരിച്ചടിയായി. എന്നിട്ടും ഇന്ത്യൻ പ്രതിരോധം പാറപോലെ ഉറച്ചുനിന്നു. തുടർച്ചയായ രണ്ട് പെനാൽട്ടി കോർണറുകൾ രക്ഷിച്ചെടുക്കുകയും ചെയ്തു. എന്നാൽ മൂന്നാം പെനാൽട്ടി കോർണറിലൂടെ ബെൽജിയം ഇന്ത്യൻ പ്രതിരോധത്തെ കബിളിപ്പിച്ച് 49-ാം മിനിട്ടിൽ മത്സരത്തിലെ മൂന്നാം ഗോൾ നേടി. ഗോളടിയന്ത്രം ഹെൻഡ്രിക്സാണ് ഇത്തവണയും ബെൽജിയത്തിനായി സ്കോർ ചെയ്തത്. ഇതോടെ സ്കോർ 3-2 എന്ന നിലയിലായി. മൻപ്രീതിന്റെ വിടവാണ് ഗോളിന് വഴിവെച്ചത്.

ലീഡെടുത്തിട്ടും ആക്രമിച്ച് കളിക്കാനാണ് ബെൽജിയം ശ്രമിച്ചത്. അതിന്റെ ഭാഗമായി 53-ാം മിനിട്ടിൽ ടീമിന് പെനാൽട്ടി ലഭിച്ചു. ഷോട്ടെടുത്ത ഹെൻഡ്രിക്സിന് പിഴച്ചില്ല. ശ്രീജേഷിനെ കബിളിപ്പിച്ചുകൊണ്ട് പന്ത് അനായാസം വലയിലെത്തിച്ച് താരം ബെൽജിയത്തിനായി നാലാം ഗോൾ നേടി. ഒപ്പം ഹാട്രിക്കും തികച്ചു. ഇതോടെ ഇന്ത്യ തകർന്നു.അവസാന മിനിട്ടുകളിൽ ഗോൾ നേടാനായി ഇന്ത്യൻ സംഘം മുഴുവൻ ബെൽജിയം പോസ്റ്റിൽ തമ്പടിച്ചു. ആ തക്കത്തിന് പന്ത് പിടിച്ചെടുത്ത ഡൊമിനിക് ഡോഹ്മെൻ ബെൽജിയത്തിനായി അഞ്ചാം ഗോൾ നേടി. ഇതോടെ ലോകചാമ്പ്യന്മാര് വിജയമുറപ്പിച്ച് ഫൈനലിലേക്ക് മുന്നേറി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week