Featuredhome bannerHome-bannerNationalNews

പരിസ്ഥിതി പ്രവർത്തി സൂചികയിൽ ഇന്ത്യ ഏറ്റവും പിന്നിൽ

ന്യൂഡൽഹി: 180 രാജ്യങ്ങള്‍ അണിനിരന്ന ലോക പരിസ്ഥിതി പ്രവൃത്തി സൂചികയില്‍ (Environment performance Index) ഏറ്റവും പിന്നിലായി ഇന്ത്യ. ലോകത്തെ ഏറ്റവും സുസ്ഥിര രാജ്യമായി ഡെന്‍മാര്‍ക്കിനെ അടയാളപ്പെടുത്തിയ പട്ടികയില്‍ 180ാം സ്ഥാനത്താണ് ഇന്ത്യ. ഏറ്റവും പുതിയ ശാസ്ത്രീയ പാരിസ്ഥിതിക സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തില്‍ ഏറ്റവും കുറഞ്ഞ സ്‌കോറുകളോടെ ഇന്ത്യ എല്ലാ രാജ്യങ്ങളുടെയും ഏറ്റവും പുറകിലാണെന്നാണ് ഇപിഐ പറയുന്നത്. 2012ല്‍ 19.5 പോയിന്റുമായി 179ാം സ്ഥാനത്തായിരുന്ന ഇന്ത്യ പത്ത് വര്‍ഷം കൊണ്ട് .6 പോയിന്റ് കുറഞ്ഞാണ് ഏറ്റവും ഒടുവലത്തെ സ്ഥാനത്തെത്തിയത്. 2020-ല്‍ 168ാം സ്ഥാനമുണ്ടായിരുന്ന ഇന്ത്യ 2021ല്‍ 177ാം സ്ഥാനത്തേക്കും 2022-ല്‍ ഏറ്റവും പിന്നിലായി 180ാം സ്ഥാനത്തേക്കും പിന്തള്ളപ്പെടുകയായിരുന്നു.

ഒരു രാജ്യത്തിന്റെ കാലാവസ്ഥാ നയം, ആവാസവ്യവസ്ഥയുടെ ചൈതന്യം, ആരോഗ്യം എന്നീ മൂന്ന് ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് പരിസ്ഥിതി പ്രവൃത്തി സൂചിക കണക്കാക്കുന്നത്. 2002-ലാണ് ഈ സൂചിക കണക്കാക്കിത്തുടങ്ങിയത്. വായു മലിനീകരണം, ജല മലിനീകരണം, പരിസ്ഥിതി സംരക്ഷണപ്രവര്‍ത്തനങ്ങള്‍ക്കായുള്ള മുതല്‍മുടക്ക്, പരിഗണന എന്നിവ കൂടി പരിഗണിച്ചാണ് പരിസ്ഥിതി പ്രവൃത്തി സൂചിക തയ്യാറാക്കുന്നത്.

ഡെന്‍മാര്‍ക്ക്, യുകെ, ഫിന്‍ലന്‍ഡ്, മാള്‍ട്ട, സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങളാണ് ആദ്യ അഞ്ച് സ്ഥാനം കരസ്ഥമാക്കിയത്. ആദ്യ പത്ത് സ്ഥാനങ്ങള്‍ നേടിയ രാജ്യങ്ങളുടെ പോയിന്റ് നില 77 മുതല്‍ 65 വരെയുള്ള നിലവാരം കാത്തു സൂക്ഷിച്ചപ്പോൾ 180ാം സ്ഥാനത്തെത്തിയ ഇന്ത്യക്ക് 18 പോയിന്റ് മാത്രമേ നേടാന്‍ കഴിഞ്ഞുള്ളൂ. ഇന്ത്യയുടെ അയല്‍രാജ്യങ്ങളായ ശ്രീലങ്ക-34.7 പോയിന്റ്, പാക്‌സ്താന്‍-24.6 പോയിന്റ്, ബംഗ്ലാദേശ്- 23.1 പോയിന്റ് എന്നിങ്ങനെയാണ് നേടിയത്.

  • മലിനജല സംസ്‌കരണത്തിൽ 2 പോയിന്റുമായി 112ാം സ്ഥാനം,
  • കാലാവസ്ഥാ നയത്തില്‍ 21 പോയിന്റ് മാത്രം നേടി 165ാം സ്ഥാനം,
  • പുല്‍മേടുകളുടെ നഷ്ടത്തില്‍ 35 പോയിന്റുമായി 116ാം സ്ഥാനം,
  • മരങ്ങളുടെ നഷ്ടത്തില്‍ 17.20 പോയിന്റുമായി 75ാം സ്ഥാനം എന്നിങ്ങനെ പോകുന്നു ഇന്ത്യയുടെ റാങ്കിങ്

ഡെന്‍മാര്‍ക്ക്, യുകെ തുടങ്ങിയ രാജ്യങ്ങൾ ഹരിതഗൃഹ വാതക ന്യൂട്രാലിറ്റി 2050-ഓടെ കൈവരിക്കുമെന്ന് റിപ്പോർട്ട് പ്രതീക്ഷിക്കുമ്പോള്‍ ചൈന, ഇന്ത്യ, യുഎസ്, റഷ്യ തുടങ്ങിയ രാജ്യങ്ങളാകും ലോകത്തിൽ തന്നെ ഹരിതഗൃഹ വാതക ബഹിർഗമനത്തിൽ ഏറ്റവും മുന്നിൽ നിൽക്കുക. 2050-ഓടെ ലോകത്തിന്റെ ആകെ ഹരിതഗൃഹ വാതക ബഹിർഗമനത്തിൽ 50 ശതമാനവും ഈ രാജ്യങ്ങളാവും സംഭാവനയും ചെയ്യുക. അതിൽ തന്നെ രണ്ടാം സ്ഥാനത്തായിരിക്കും ഇന്ത്യ. മാത്രമല്ല, ഇന്ത്യപോലുള്ള രാജ്യങ്ങൾ പുറപ്പെടുവിക്കുന്ന ഹരിത ഗൃഹ വാതക തോത് കൂടിക്കൊണ്ടിരിക്കുകയാണെന്നും റിപ്പോർട്ട് പറയുന്നു. 2019-ഉം ആയി താരതമ്യം ചെയ്യുമ്പോള്‍ 2020-ല്‍ ഇന്ത്യയുടെയും ചൈനയുടെയും ഹരിതഗൃഹ വാതക പുറന്തള്ളലിൽ വര്‍ധനയുണ്ടായിട്ടുണ്ട്.

സൂചികയിൽ ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ച രാജ്യങ്ങളായ ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ് എന്നിവ സുസ്ഥിര വികസനത്തേക്കാള്‍ സാമ്പത്തിക വളര്‍ച്ചയ്ക്കാണ് പ്രാധാന്യം കൊടുക്കുന്നതെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നുണ്ട് .പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഒരു രാജ്യത്തിന്റെ ദൗര്‍ഭല്യം മനസ്സിലാക്കാനും അതുപരിഹരിക്കാനുള്ള നയങ്ങള്‍ രൂപീകരിക്കാനും സഹായിക്കുന്നതാണ് സൂചിക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button