ഹൈദരാബാദ് കൂട്ടബലാത്സംഗക്കേസ്: എംഎൽഎയുടെ മകനടക്കം അറസ്റ്റിൽ
ഹൈദരാബാദ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കാറിനുള്ളില്‍ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ എഐഎംഐഎം എംഎല്‍എയുടെ മകന്‍ അടക്കമുള്ളവര്‍ അറസ്റ്റിലായി. കഴിഞ്ഞ ദിവസം രണ്ടുപേര്‍കൂടി അറസ്റ്റിലായതോടെ കേസില്‍ ഉള്‍പ്പെട്ട ആറുപേരും പിടിയിലായതായി പോലീസ് പറഞ്ഞു. പിടിയിലായവരില്‍ അഞ്ചുപേര്‍ പ്രായപൂര്‍ത്തി ആകാത്തവരാണ്. സദുദീന്‍ മാലിക്ക് (18) ആണ് അറസ്റ്റിലായ പ്രായപൂര്‍ത്തിയായ ആള്‍.
പ്രായപൂര്‍ത്തി ആകാത്തവരില്‍ ഒരാള്‍ എഐഎംഐഎം എംഎല്‍എയുടെ മകനും മറ്റൊരാള്‍ എംഎല്‍എയുടെ ബന്ധുവുമാണെന്നാണ് പുറത്തുവരുന്ന വിവരം. അറസ്റ്റിലായ അഞ്ചു പേര്‍ക്കുമെതിരെ കൂട്ടബലാത്സംഗത്തിനും എംഎല്‍എയുടെ മകനെതിരെ പ്രായപൂര്‍ത്തി ആകാത്തവര്‍ക്കെതിരായ ലൈംഗിക പീഡനത്തിനുമാണ് കേസെടുത്തിട്ടുള്ളത്.
മേയ് 28-ാം തീയതിയാണ് പബ്ബില്‍നിന്ന് പാര്‍ട്ടി കഴിഞ്ഞ് മടങ്ങിയ 17-കാരിയെ പ്രതികള്‍ കാറിലിട്ട് കൂട്ടബലാത്സംഗം ചെയ്തത്. പബ്ബില്‍നിന്ന് പരിചയപ്പെട്ട പെണ്‍കുട്ടിയെ വീട്ടില്‍ വിടാമെന്ന് പറഞ്ഞ് ആഡംബര കാറില്‍ കയറ്റിക്കൊണ്ടുപോവുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു. യാത്രയ്ക്കിടെ പെണ്‍കുട്ടിയെ ആഡംബര കാറില്‍നിന്ന് മറ്റൊരു കാറിലേക്ക് മാറ്റി. തുടര്‍ന്ന് ബഞ്ചറഹില്‍സിലെ ആളൊഴിഞ്ഞ സ്ഥലത്തെത്തി കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. പിന്നീട് രാത്രി 7.30-ഓടെയാണ് ഇവര്‍ പെണ്‍കുട്ടിയെ തിരികെ പബ്ബില്‍ എത്തിച്ചത്. കേസുമായി ബന്ധപ്പെട്ട രണ്ട് കാറുകള്‍ പോലീസ് പിടിച്ചെടുത്തിരുന്നു. ഇതില്‍ രണ്ടാമത്തെ വാഹനം മൊയ്നാബാദിലെ ഫാംഹൗസില്‍നിന്നാണ് കണ്ടെടുത്തത്. ഈ ഫാംഹൗസ് ഉന്നത രാഷ്ട്രീയ നേതാക്കളുമായി ബന്ധമുള്ള ഒരു സ്ത്രീയുടെ ഉടമസ്ഥതയില്‍ ഉളളതാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
കേസുമായി ബന്ധപ്പെട്ട് തെലങ്കാനയില്‍ രാഷ്ട്രീയവിവാദങ്ങളും കത്തിപ്പടരുകയാണ്. സംസ്ഥാന സര്‍ക്കാരും ആഭ്യന്തര വകുപ്പും കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം. ആഭ്യന്തര മന്ത്രി രാജിവെയ്ക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.