കൊൽക്കത്ത: ഇന്ത്യ ‘ഹിന്ദു രാഷ്ട്രം’ ആണെന്ന് ആവർത്തിച്ച് ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത്. ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണെന്നും അതിന് ഭരണഘടനാ അംഗീകാരം ആവശ്യമില്ലെന്നും കാരണം അത് സത്യമാണെന്നും അദ്ദേഹം പറഞ്ഞു. കൊൽക്കത്തയിൽ ആർഎസ്എസിന്റെ നൂറാംവാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സൂര്യൻ കിഴക്ക് ഉദിക്കുന്നു. ഇത് എന്നുമുതൽ സംഭവിച്ചുകൊണ്ടിരിക്കുന്നുവെന്ന് നമുക്കറിയില്ല. അപ്പോൾ, അതിനും നമുക്ക് ഭരണഘടനയുടെ അംഗീകാരം ആവശ്യമുണ്ടോ? ഹിന്ദുസ്ഥാൻ ഒരു ഹിന്ദുരാഷ്ട്രമാണ്. ഇന്ത്യയെ മാതൃരാജ്യമായി കാണുന്നവർ ഇന്ത്യൻ സംസ്‌കാരത്തെ വിലമതിക്കുന്നു. ഇന്ത്യയിലെ പൂർവികരുടെ മഹത്വത്തിൽ വിശ്വസിക്കുകയും അതിനെ വിലമതിക്കുകയും ചെയ്യുന്ന ഒരാൾ ഹിന്ദുസ്ഥാന്റെ ഭൂമിയിൽ ജീവിച്ചിരിക്കുന്നിടത്തോളം ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രമാണ്. ഇതാണ് ആർഎസ്എസിന്റെ പ്രത്യയശാസ്ത്രം”, മോഹൻ ഭാഗവത് പറഞ്ഞു.
ഭരണഘടന ഭേദഗതിചെയ്യാനും ആ വാക്ക് ചേർക്കാനും പാർലമെൻറ് എപ്പോഴെങ്കിലും തീരുമാനിച്ചാൽ, അവർ അത് ചെയ്താലും ഇല്ലെങ്കിലും ഒരു കുഴപ്പവുമില്ല. ഞങ്ങൾ ആ വാക്കിനെ കാര്യമാക്കുന്നില്ല. കാരണം ഞങ്ങൾ ഹിന്ദുക്കളാണ്. നമ്മുടെ രാഷ്ട്രം ഹിന്ദുരാഷ്ട്രമാണ്. അതാണ് സത്യം. ജനനത്തെ അടിസ്ഥാനമാക്കിയുള്ള ജാതിവ്യവസ്ഥ ഹിന്ദുത്വത്തിന്റെ മുഖമുദ്രയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആർഎസ്എസ് മുസ്ലീംവിരുദ്ധമാണെന്ന ധാരണ ഇല്ലാതാക്കാനും സംഘടനയുടെ പ്രവർത്തനങ്ങൾ മനസിലാക്കാനും ജനങ്ങൾ ആർഎസ്എസിന്റെ ഓഫീസുകളും ശാഖകളും സന്ദർശിക്കണമെന്നും മോഹൻ ഭാഗവത് ആവശ്യപ്പെട്ടു.


