ബെംഗളൂരു: ഏഷ്യയിലെ ഏറ്റവും വലിയ വ്യോമപ്രദര്‍ശനമായ എയ്‌റോ ഇന്ത്യ 2023 ബെംഗളൂരു യെലഹങ്ക വ്യോമസേനാതാവളത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. അഞ്ചുദിവസത്തെ പ്രദര്‍ശനമാണ് ബെംഗളൂരുവില്‍ നടക്കുന്നത്. പുതിയ ഇന്ത്യയുടെ പ്രാപ്തിക്കാണ് ബെംഗളൂരുവിലെ ആകാശം സാക്ഷിയാവുന്നതെന്ന് പ്രധാനമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
പുതിയ ചിന്താഗതിയും സമീപനവുമായി ഒരു രാജ്യം മുന്നോട്ട് നീങ്ങുമ്പോള്‍ അതിന്റെ വ്യവസ്ഥകളും അത്തരത്തില്‍ മാറും. എയ്‌റോ ഇന്ത്യ രാജ്യത്തിന്റെ പുതിയ സമീപനത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. ഇത് വെറും പ്രദര്‍ശനമായി കണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു.
കഴിഞ്ഞ കുറച്ചുവര്‍ഷംകൊണ്ട് രാജ്യം ഈ അവബോധം മാറ്റിയിട്ടുണ്ട്. ഇന്നിത് വെറും പ്രദര്‍ശനം മാത്രമല്ല, ഇന്ത്യയുടെ ശക്തിയാണ്. ഇന്ത്യന്‍ പ്രതിരോധ മേഖലയുടെ സാധ്യതകളിലും ആത്മവിശ്വാസത്തിലുമാണ് ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
‘ആകാശത്തില്‍ കുതിച്ചുയരുന്ന യുദ്ധവിമാനത്തെപ്പോലെയാണ് ഇന്ത്യയുടെ അമൃത് കാല്‍. ലോകരാജ്യങ്ങള്‍ക്ക് വെറുമൊരു പ്രതിരോധ വിപണയല്ല ഇന്ന് ഇന്ത്യ. സഹകരണസാധ്യതയുള്ള പ്രതിരോധ പങ്കാളിയാണ്. പ്രതിരോധ മേഖലയില്‍ വളരെ മുന്നിലുള്ള രാജ്യങ്ങളുമായിപ്പോലും സഹകരണമുണ്ട്. പ്രതിരോധ ആവശ്യങ്ങള്‍ക്കായി ആശ്രയിക്കാന്‍ കഴിയുന്ന രാജ്യങ്ങളുമായി പങ്കാളിത്തമുണ്ട്.
പുതിയ ഇന്ത്യ അവസരങ്ങളൊന്നും പാഴാക്കുകയോ കഠിനാധ്വാനത്തില്‍ പിന്നിലായിപ്പോവുകയോ ഇല്ല. നമ്മള്‍ തയ്യാറാണ്. നവീകരണത്തിലേക്കുള്ള പാതയില്‍ എല്ലാ മേഖലയിലും നമ്മള്‍ വിപ്ലവം സൃഷ്ടിക്കുകയാണ്. ദശാബ്ദങ്ങളോളം ഏറ്റവും വലിയ പ്രതിരോധ ഉറക്കുമതിക്കാരായിരുന്ന രാജ്യം, ഇപ്പോള്‍ 75 രാജ്യങ്ങള്‍ക്ക് പ്രതിരോധസാമഗ്രികള്‍ കയറ്റുമതി ചെയ്യുകയാണ്’, മോദി പറഞ്ഞു.
ഇന്ത്യയില്‍ നിന്നും വിദേശത്തുനിന്നുമായി 700-ഓളം പ്രതിരോധ കമ്പനികളാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. ഇത് മുന്‍ റെക്കോര്‍ഡുകളെല്ലാം മറികടന്നുവെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടു.