അബുദാബി:ട്വന്റി 20 ലോകകപ്പിലെ ആദ്യ രണ്ട് കളികളുടെ നിരാശ മറന്ന് ടീം ഇന്ത്യ. അഫ്ഗാനിസ്താനെതിരായ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 210 റൺസെടുത്തു. ഈ ലോകകപ്പിൽ ഇതുവരെ ഒരു ടീം നേടിയ ഉയർന്ന സ്കോറാണിത്.
രോഹിത് ശർമ – കെ.എൽ രാഹുൽ ഓപ്പണിങ് കൂട്ടുകെട്ടാണ് ഇന്ത്യൻ ഇന്നിങ്സിന്റെ നട്ടെല്ല്. അർധ സെഞ്ചുറി നേടിയ ഇരുവരും ഓപ്പണിങ് വിക്കറ്റിൽ 14.4 ഓവറിൽ 140 റൺസ് ചേർത്ത ശേഷമാണ് പിരിഞ്ഞത്.47 പന്തിൽ നിന്ന് മൂന്ന് സിക്സും എട്ടു ഫോറുമടക്കം 74 റൺസെടുത്ത രോഹിത്തിനെ പുറത്താക്കി കരീം ജന്നത്താണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
പിന്നാലെ 17-ാം ഓവറിൽ രാഹുലും മടങ്ങി. 48 പന്തിൽ നിന്ന് രണ്ടു സിക്സും ആറു ഫോറുമടക്കം 69 റൺസെടുത്താണ് രാഹുൽ പുറത്തായത്.തുടർന്ന് ക്രീസിൽ ഒന്നിച്ച ഋഷഭ് പന്തും ഹാർദിക് പാണ്ഡ്യയും തകർത്തടിച്ചതോടെ ഇന്ത്യൻ സ്കോർ 200 കടന്നു.
ഋഷഭ് 13 പന്തുകൾ നേരിട്ട് മൂന്ന് സിക്സും ഒരു ഫോറുമടക്കം 27 റൺസെടുത്തു.13 പന്തുകൾ നേരിട്ട പാണ്ഡ്യ രണ്ട് സിക്സും നാലു ഫോറുമടക്കം 35 റൺസോടെ പുറത്താകാതെ നിന്നു.നേരത്തെ ടോസ് നേടിയ അഫ്ഗാനിസ്താൻ ക്യാപ്റ്റൻ മുഹമ്മദ് നബി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.
ഇന്ത്യൻ ടീമിൽ ഇഷാൻ കിഷന് പകരം സൂര്യകുമാർ യാദവ് തിരിച്ചെത്തിയപ്പോൾ വരുൺ ചക്രവർത്തിക്ക് പകരം ആർ. അശ്വിൻ ഇടംനേടി.