ഇന്ത്യക്ക് ആശ്വാസം; പന്ത് വീണ്ടും ബാറ്റിങ്ങിനെത്തി,ആറ് വിക്കറ്റ് നഷ്ടത്തിൽ 300 കടന്നു

മാഞ്ചെസ്റ്റര്‍: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാംദിനം ഇന്ത്യ ബാറ്റിങ് തുടരുന്നു. 105 ഓവര്‍ പിന്നിടുമ്പോള്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 321 റണ്‍സെന്ന നിലയിലാണ് സന്ദര്‍ശകര്‍. വാഷിങ്ടണ്‍ സുന്ദറും (20) ഋഷഭ് പന്തും (39) ആണ് ക്രീസില്‍. കഴിഞ്ഞ ദിവസം നാലിന് 264 എന്ന നിലയിലായിരുന്ന ഇന്ത്യക്ക്, ഇന്ന് തുടക്കത്തില്‍ത്തന്നെ രവീന്ദ്ര ജഡേജയെ (20) നഷ്ടപ്പെട്ടു. ജോഫ്ര ആര്‍ച്ചര്‍ എറിഞ്ഞ 85-ാം ഓവറില്‍ സെക്കന്‍ഡ് സ്ലിപ്പില്‍ ഹാരി ബ്രൂക്കിന് ക്യാച്ച് നൽകിയാണ് മടക്കം. പിന്നാലെ ഷാർദുൽ ഠാക്കൂറിനെ (41) സ്റ്റോക്സും മടക്കി.

കഴിഞ്ഞദിവസം ഇംഗ്ലീഷ് ബൗളര്‍ ക്രിസ് വോക്‌സിന്റെ യോര്‍ക്കര്‍ ലെങ്ത് പന്ത് റിവേഴ്‌സ് സ്വീപ്പിന് ശ്രമിക്കുന്നതിനിടെ പന്തിന് പരിക്കേറ്റിരുന്നു. തുടർന്ന് പന്ത് ഇനി പരമ്പരയിൽ കളിക്കില്ലെന്നും ആറാഴ്ച വിശ്രമം വേണമെന്നുമായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ടീം ആവശ്യപ്പെട്ടതു പ്രകാരം പന്ത് വീണ്ടും ബാറ്റിങ്ങിനിറങ്ങുകയായിരുന്നു. ബിസിസിഐയാണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ ക്രീസിൽ തുടരുന്ന പന്ത് ഏഴ് പന്തുകൾ നേരിട്ട് രണ്ട് റൺസെടുത്തു. 48 പന്തില്‍ 37 റണ്‍സെടുത്തുനില്‍ക്കേയാണ് നേരത്തേ റിട്ടയേർഡ് ഹർട്ടായി മടങ്ങിയിരുന്നത്. ഇപ്പോൾ 39 റൺസായി. അതേസമയം ഇന്ത്യ ഫീല്‍ഡിങ്ങിനിറങ്ങുമ്പോള്‍ ധ്രുവ് ജുറേല്‍ വിക്കറ്റ് കീപ്പിങ് ചുമതല നിർവഹിക്കും.

264-ന് നാല് എന്ന നിലയിലായിരുന്നു ഇന്ത്യ ആദ്യ ദിനം. ഓപ്പണര്‍മാരായ യശസ്വി ജയ്‌സ്വാളും (58) കെ.എല്‍. രാഹുലും (46) മികച്ച തുടക്കം നല്‍കി. 30 ഓവര്‍ വരെ ഇരുവരും പിടിച്ചുനിന്നു. സായ് സുദര്‍ശനും (61) തിളങ്ങി. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ (12) വേഗം പുറത്തായി. നന്നായി കളിച്ചുവന്ന വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്ത് (37) കാല്‍പാദത്തിന് പരിക്കേറ്റ് മടങ്ങിയത് ഇന്ത്യക്ക് തിരിച്ചടിയായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News