ഏഷ്യാ​കപ്പ് സൂപ്പർ ഫോറിൽ പാകിസ്താനെതിരേ ഇന്ത്യക്ക് ഫീൽഡിങ്, കൈകൊടുക്കാതെ സൂര്യകുമാർ

ഏഷ്യാ​കപ്പ്; പാകിസ്താനെതിരേ ഇന്ത്യക്ക് ഫീൽഡിങ്, കൈകൊടുക്കാതെ സൂര്യകുമാർ

ദുബായ്: ഏഷ്യ കപ്പ് സൂപ്പർ ഫോർ പോരാട്ടത്തിൽ പാകിസ്താനെതിരേ ഇന്ത്യക്ക് ഫീൽഡിങ്. ടോസ് നേടിയ ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യൻ ടീമിൽ ജസ്പ്രീത് ബുംറയും വരുൺ ചക്രവർത്തിയും തിരിച്ചെത്തി. അതേസമയം, തീരുമാനം അറിയിച്ച് സംസാരിച്ചതിന് ശേഷം സൂര്യ മടങ്ങി. പാക് നായകൻ സൽമാൻ ആ​ഗയ്ക്ക് ഇത്തവണയും കൈകൊടുക്കാൻ തയ്യാറായില്ല. കഴിഞ്ഞ ​ഗ്രൂപ്പ് മത്സരത്തിൽ സ്വീകരിച്ച നിലപാട് ഇന്ത്യ തുടർന്നു.

ഇന്ത്യന്‍ ടീം – അഭിഷേക് ശര്‍മ, ശുഭ്മാന്‍ ഗില്‍, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി

പാകിസ്താന്‍ ടീം – സയിം അയൂബ്, സഹിബ്‌സാദ ഫര്‍ഹാന്‍, ഫഖര്‍ സമാന്‍, സല്‍മാന്‍ ആഗ, ഹുസ്സൈന്‍ താലത്, മുഹമ്മദ് ഹാരിസ്, മുഹമ്മദ് നവാസ്, ഫഹീം അഷ്‌റഫ്, ഷഹീന്‍ അഫ്രീദി, ഹാരിസ് റൗഫ്, അബ്രാര്‍ അഹമ്മദ്‌

ഗ്രൂപ്പ് ഘട്ടത്തിൽ ഇരുടീമും നേർക്കുനേർ വന്നപ്പോഴുണ്ടായ ഹസ്തദാനവിവാദം നിറഞ്ഞുനിൽക്കുന്ന അന്തരീക്ഷത്തിലാണ് വീണ്ടുമൊരു പോരാട്ടം. ​ഗ്രൂപ്പ് മത്സരത്തിൽ ടോസിനുശേഷവും മത്സരം പൂർത്തിയായപ്പോഴും ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവും ഇന്ത്യൻ ടീമും പാകിസ്താൻ താരങ്ങൾക്ക് കൈകൊടുത്തിരുന്നില്ല. ഇതിനെതിരേ പാകിസ്താൻ പരാതിയും ബഹിഷ്കരണതന്ത്രവും പ്രയോഗിച്ചെങ്കിലും ഒന്നും ഫലം കണ്ടിരുന്നില്ല. ഇതോടെ കലങ്ങിമറിഞ്ഞ അവസ്ഥയിലാണ് ഇന്ത്യയും പാകിസ്താനും വീണ്ടും കളിക്കാനിറങ്ങുന്നത്.

ഗ്രൂപ്പ് ഘട്ടത്തിൽ പാകിസ്താനെതിരേ ഏഴുവിക്കറ്റിന്റെ അനായാസജയം ഇന്ത്യ നേടിയിരുന്നു. അന്ന് പാക് ടീമിനെ കളിയുടെ എല്ലാമേഖലയിലും പിന്നിലാക്കിയാണ് സൂര്യകുമാർ യാദവും സംഘവും ജയംനേടിയത്. 47 റൺസുമായി പുറത്താകാതെനിന്ന സൂര്യകുമാർ യാദവാണ് ഇന്ത്യൻ ബാറ്റിങ്ങിന് ചുക്കാൻപിടിച്ചത്. കുൽദീപ് യാദവ്-അക്സർ പട്ടേൽ-വരുൺ ചക്രവർത്തി എന്നിവരടങ്ങുന്ന സ്പിൻത്രയം പാക് ബാറ്റർമാരെ വരച്ചവരയിൽ നിർത്തുകയും ചെയ്തു. ടൂർണമെന്റിൽ കളിക്കളത്തിലും പുറത്തും പാകിസ്താൻ പ്രതിസന്ധിയിലാണ്. ഇനിയൊരു തോൽവി ടീമിനെ വലിയ കുഴപ്പത്തിലേക്ക് നയിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News