കാബൂൾ എംബസി അടച്ച് ഇന്ത്യ ; നയതന്ത്ര ഉദ്യോഗസ്ഥരെയും മറ്റ് 10 പേരെയും വഹിച്ചുള്ള വ്യോമസേനാ വിമാനം പറന്നുയർന്നു , ഇ -വിസ ഏർപ്പെടുത്തി
ദില്ലി: അഫ്ഗാനിസ്ഥാനിൽ നിന്ന് ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ അടക്കം ഒഴിപ്പിക്കാൻ തുടങ്ങി ഇന്ത്യ. ഇതിന്‍റെ ആദ്യപടിയായി കാബൂൾ എംബസി അടച്ചു. അഫ്ഗാനിലെ എല്ലാ നയതന്ത്ര ഓഫീസുകളും ഇന്ത്യ അടച്ചിട്ടുണ്ട്. അൽപസമയം മുമ്പാണ് കാബൂളിലെ ഹമീദ് കർസായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 120 ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെയും മറ്റ് 10 പേരെയും വഹിച്ചുള്ള വ്യോമസേനാ വിമാനം പറന്നുയർന്നത്. ഈ വിമാനത്തിൽ എംബസിയിലെ നിർണായക രേഖകൾ അടങ്ങിയ ഫയലുകളും ഉണ്ട്.
കാബൂളിലെ എല്ലാ എംബസി ഉദ്യോഗസ്ഥരെയും ഈ വിമാനത്തിൽ മടക്കിക്കൊണ്ടുവരുന്നുണ്ടെന്നും, ഇനിയാരും കാബൂളിൽ ബാക്കിയില്ലെന്നും ദില്ലി ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, അഫ്ഗാനിൽ നിന്ന്, അഫ്ഗാൻ പൗരൻമാർ അടക്കം അടിയന്തരമായി ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്കായി ഇലക്ട്രോണിക് വിസ സംവിധാനം കേന്ദ്രവിദേശകാര്യമന്ത്രാലയം ഒരുക്കിയിട്ടുണ്ട്.
ഗുജറാത്തിലെ ജാം നഗറിൽ നിന്നാണ് വ്യോമസേനാ വിമാനം കാബൂളിലേക്ക് പോയത്. 130 പേരെയും വഹിച്ചുള്ള വിമാനം അൽപസമയത്തിനകം ദില്ലിക്ക് 39 കി. മീ അകലെയുള്ള ഹിൻഡൻ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യും. ആദ്യം ജാം നഗറിലെത്തി ആളുകളെ ഇറക്കിയ ശേഷമാകും ഹിൻഡൻ വിമാനത്താവളത്തിൽ എത്തുക.
ഞായറാഴ്ച രാത്രിയോടെ കാബൂളിലെത്തിയ മറ്റൊരു വ്യോമസേനാ വിമാനം ഇന്നലെ രാത്രിയോടെ ദില്ലിയിലെത്തിയിരുന്നു. ഇറാൻ വ്യോമപാതയിലൂടെയാണ് വ്യോമസേനാ വിമാനം ഇന്ത്യയിലെത്തിയത്. അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികൾ തുടർച്ചയായി നിരീക്ഷിച്ച് വരികയാണെന്നും, കാബൂൾ വിമാനത്താവളത്തിലെ യാത്രാവിമാനങ്ങൾ റദ്ദാക്കിയത് ഉദ്യോഗസ്ഥരെ അടക്കം തിരികെ കൊണ്ടുവരുന്നതിന് തടസ്സമായെന്നും വിദേശകാര്യവക്താവ് അരിന്ദം ബാഗ്ചി വിശദീകരിക്കുന്നു.
ഒരു മാസത്തോളം നീണ്ട അധിനിവേശത്തിന് ശേഷം തിങ്കളാഴ്ചയാണ് കാബൂൾ താലിബാൻ കീഴടക്കിയത്. ഇതിന് മണിക്കൂറുകൾക്ക് മുമ്പ് കാറുകളിലും ഹെലികോപ്റ്ററുകളിലും നിറയെ പണവുമായി അഫ്ഗാൻ പ്രസിഡന്‍റ് അഷ്റഫ് ഗനി രാജ്യം വിട്ടു. കുടുംബസമേതം താജികിസ്ഥാനിലേക്കാണ് അഷ്റഫ് ഗനി പോയതെന്നാണ് സൂചന. താലിബാൻ നേതാവായ അബ്ദുൾ ഗനി ബരാദറാകും ഇനി ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാൻ എന്ന് പേര് മാറ്റിയ അഫ്ഗാനിസ്ഥാനിലെ പുതിയ പ്രസിഡന്‍റെന്നാണ് സൂചന.
അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികൾ അനുദിനം വഷളായി വരികയാണെന്ന് ഇന്നലെ കേന്ദ്രവിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ്, എംബസി അടയ്ക്കാനും എല്ലാ ഉദ്യോഗസ്ഥരെയും തിരികെ കൊണ്ടുവരാനും കേന്ദ്രസർക്കാർ തീരുമാനിച്ചത്.
അതേസമയം, അഫ്ഗാനിൽ നിന്ന് ഇന്ത്യയ്ക്ക് സഹായം നൽകിയവരടക്കമുള്ള അഫ്ഗാൻ പൗരൻമാർക്ക് ഇന്ത്യയിലേക്ക് വരാനായി കേന്ദ്രവിദേശകാര്യമന്ത്രാലയം ഇ – വിസ സമ്പ്രദായം ഏർപ്പെടുത്തി. ഇതിൽ ഇന്ത്യൻ പൗരൻമാരെയാകും പ്രഥമപരിഗണന നൽകി ആദ്യം കൊണ്ടുവരിക. അതിന് ശേഷം രാജ്യത്തേക്ക് വരാൻ താത്പര്യമുള്ള അഫ്ഗാൻ പൗരൻമാരെയും കൊണ്ടുവരും. ”അഫ്ഗാനിലെ സിഖ്, ഹിന്ദു സമൂഹങ്ങളുമായി ഞങ്ങൾ നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. അഫ്ഗാൻ വിട്ട് വരാൻ താത്പര്യമുള്ള എല്ലാവർക്കുമായി ഞങ്ങൾ അതിനുള്ള സൗകര്യം ഏർപ്പെടുത്തും”, എന്ന് അരിന്ദം ബാഗ്ചി പറഞ്ഞു.
ആയിരക്കണക്കിന് അഫ്ഗാൻ പൗരൻമാരാണ് കാബൂൾ വിമാനത്താവളത്തിൽ താലിബാൻ കടന്നുകയറ്റത്തെത്തുടർന്ന് രാജ്യം വിട്ട് രക്ഷപ്പെടാനായി തിക്കും തിരക്കും കൂട്ടിയത്. ഏഴ് പേരാണ് ഈ തിരക്കിനിടയിൽ വെടിവെപ്പിലും വിമാനത്തിനിടയിൽപ്പെട്ട് ഞെരുങ്ങിയും മരിച്ചത്. വിമാനത്തിന്‍റെ അരികിൽ തൂങ്ങിപ്പിടിച്ച് കയറാൻ ശ്രമിച്ച് താഴേയ്ക്ക് വീണ് മരിച്ചവരടക്കം കാബൂൾ വിമാനത്താവളത്തിൽ നിന്ന് പുറത്തുവന്ന ദൃശ്യങ്ങൾ ലോകത്തിന് തീരാവേദനയായി.
ഇത്ര പെട്ടെന്ന് താലിബാൻ അഫ്ഗാനിൽ അധികാരം വെട്ടിപ്പിടിക്കുമെന്ന് അമേരിക്ക അടക്കമുള്ള രാജ്യങ്ങളും ഇന്ത്യയും കരുതിയിരുന്നതല്ല. അഫ്ഗാനിസ്ഥാനിൽ അന്താരാഷ്ട്ര മര്യാദയും മനുഷ്യാവകാശങ്ങളും സംരക്ഷിക്കപ്പെടണമെന്ന് ഐക്യരാഷ്ട്രസഭ രക്ഷാസമിതി പ്രമേയം പാസ്സാക്കിയിട്ടുണ്ട്. അഫ്ഗാൻ മണ്ണ് ഭീകരവാദികളുടെ താവളമാക്കരുതെന്നും താലിബാൻ ഒരു രാജ്യത്തെയും ഭീകരസംഘടനകളെ പിന്തുണയ്ക്കരുതെന്നും ഇന്ത്യയുടെ അധ്യക്ഷതയിൽ ചേർന്ന യുഎൻ രക്ഷാസമിതി, പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
അതിനിടെ അഫ്ഗാനിൽ കുടുങ്ങിയ ഇന്ത്യാക്കാരെ സഹായിക്കാനായി പ്രത്യേക അഫ്ഗാൻ സെല്ല് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം തുറന്നു. പ്രവാസികളുടെ പുനരധിവാസം കൈകാര്യം ചെയ്യുകയാണ് സെല്ലിന്‍റെ ലക്ഷ്യം. +919717785379 എന്ന ഫോൺ നമ്പറിലും [email protected] എന്ന മെയിൽ ഐഡിയിലും സഹായം ആവശ്യപ്പെടാം.
അതേസമയം, അഫ്ഗാനിസ്ഥാനിലെ സാഹചര്യത്തിൽ ഐക്യരാഷ്ട്രസഭയിൽ ഇന്ത്യ കടുത്ത ആശങ്ക അറിയിച്ചു. സ്ത്രീകളും കുട്ടികളും വൻ ഭീതിയിൽ കഴിയുകയാണെന്ന് ഐക്യരാഷ്ട്ര രക്ഷാസമിതി യോഗത്തിൽ ഇന്ത്യൻ പ്രതിനിധി ടി എസ് തിരുമൂര്‍ത്തി ചൂണ്ടികാട്ടി. താലിബാനെതിരെ കടുത്ത നിലപാട് സ്വീകരിച്ചില്ലെങ്കിലും അഫ്ഗാനിസ്ഥാനിലെ ജനങ്ങൾ ഭയത്തോടെ കഴിയുകയാണെന്ന് ഇന്ത്യ യുഎൻ യോഗത്തിൽ പറഞ്ഞു. അഫ്ഗാനിസ്ഥാനെ വീണ്ടും ഭീകരപ്രവര്‍ത്തനത്തിന്‍റെ താവളമാക്കി മാറ്റാതിരിക്കാൻ ഇപ്പോഴേ ശ്രമം തുടങ്ങണമെന്നും ഇന്ത്യ നിര്‍ദ്ദേശിച്ചു.
മനുഷ്യാവകാശം സംരക്ഷിക്കണം എന്ന ശക്തമായ നിലപാടാണ് രക്ഷാസമിതി യോഗത്തിൽ ഉയര്‍ന്നത്. താലിബാൻ ധാരണ ലംഘിച്ചുവെന്ന് അമേരിക്കയും ബ്രിട്ടണും ആരോപിച്ചു. ചൈന മൃദു നിലപാടാണ് ഈ വിഷയത്തിൽ സ്വീകരിച്ചത്. യോഗത്തിൽ പങ്കെടുക്കാനുള്ള പാകിസ്ഥാന്‍റെ ആവശ്യം ഇന്ത്യ തള്ളിയതിലെ അതൃപ്തിയും ചൈന പ്രകടിപ്പിച്ചു. നേരത്തെ ചൈനയും പാകിസ്ഥാനും താലിബാനെ സ്വാഗതം ചെയ്തിരുന്നു.