സഞ്ജു ടോപ് സ്കോറർ, മുകേഷിൻ്റെ വിക്കറ്റ് വേട്ട; ടി20 പരമ്പര,അഞ്ചിൽ നാലും നേടി ഇന്ത്യ

ഹരാരെ: ട്വന്റി20 പരമ്പരയിലെ അവസാന മത്സരത്തില്‍ സിംബാബ്വെയെ 42 റണ്‍സിന് പരാജയപ്പെടുത്തി ഇന്ത്യ. ഇതിനോടകം പരമ്പര സ്വന്തമാക്കിയ ഇന്ത്യ അഞ്ചില്‍ നാല് മത്സരങ്ങളും വിജയിച്ചു. ആദ്യ മത്സരത്തില്‍ മാത്രമാണ് ആതിഥേയര്‍ക്ക് വിജയിക്കാനായത്. അര്‍ധ സെഞ്ചുറി നേടിയ മലയാളി വൈസ് ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെയും നാല് വിക്കറ്റുകള്‍ വീഴ്ത്തിയ പേസ് ബൗളര്‍ മുകേഷ് കുമാറിന്റെയും ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങി പ്ലയര്‍ ഓഫ്ദി മാച്ചായ ശിവം ദുബെയുടെയും പ്രകടനത്തിന്റെ മികവിലാണ് ഇന്ത്യ അവസാന മത്സരത്തില്‍ വിജയിച്ചത്.

ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ 18.2 ഓവറില്‍ 125 റണ്‍സെടുക്കുന്നതിനിടെ സിംബാബ്‌വേയ്ക്ക് മുഴുവന്‍ വിക്കറ്റുകളും നഷ്ടമായി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് യശസ്വി ജയ്സ്വാളിനെ ആദ്യ ഓവറില്‍തന്നെ നഷ്ടമായി. രണ്ട് സിക്സറുകളോടെ അഞ്ച് പന്തില്‍നിന്ന് 12 റണ്‍സടിച്ചായിരുന്നു ജയ്സ്വാളിന്റെ മടക്കം.

നാലാം ഓവറില്‍ അഭിഷേക് ശര്‍മ (11 പന്തില്‍നിന്ന് 14) യുടേയും അഞ്ചാം ഓവറില്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ (14 പന്തില്‍നിന്ന് 13)യും വിക്കറ്റുകള്‍ വീണു. തുടര്‍ന്നെത്തിയ സഞ്ജു സാംസണിന്റെയും റിയാന്‍ പരാഗിന്റെയും കൂട്ടുക്കെട്ടാണ് ഇന്ത്യയെ ഭേദപ്പെട്ട നിലയിലെത്തിച്ചത്.

നാല് സിക്സറുകളും ഒരു ഫോറുമായി സഞ്ജു 45 പന്തില്‍നിന്ന് 58 റണ്‍സ് നേടി. 24 പന്തില്‍നിന്ന് ഒരു സിക്സറോടെ 22 റണ്ണായിരുന്നു പരാഗിന്റെ സമ്പാദ്യം. 12 പന്തില്‍നിന്ന് 26 റണ്‍സടിച്ച ശിവം ദുബെയും മികച്ച പ്രകടനം കാഴ്ചവെച്ചു. ഒമ്പത് പന്തില്‍ നിന്ന് 11 റണ്‍സ് നേടി റിങ്കു സിങ്ങും വാഷിങ്ടണ്‍ സുന്ദറും (1*) പുറത്താകാതെനിന്നു.

മറുപടി ബാറ്റിങ്ങില്‍ ഡിയോണ്‍ മിയേഴ്‌സ് (34), മരുണമി (27) ഫറാസ് അക്രം (27) എന്നിവര്‍ക്കാണ് കുറച്ചെങ്കിലും ഇന്ത്യന്‍ ബൗളര്‍മാരെ ചെറുത്ത് നില്‍ക്കാനായത്. വെസ്ലി മധേവേരെയെ മൂന്നാം പന്തില്‍തന്നെ പുറത്താക്കി മുകേഷ് കുമാര്‍ ആക്രമണത്തിന് തുടക്കമിട്ടു. ശിവം ദുബെ രണ്ടും ദേശ്പാണ്ഡെ, വാഷിങ്ടണ്‍ സുന്ദര്‍ അഭിഷേക് ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ സ്വന്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News